സാവിത്രി
***********
ആൽത്തറയിൽ വിളക്ക് വെച്ചശേഷം ദാക്ഷായണി വല്യമ്മ രുക്മിണിയെ നോക്കി പറഞ്ഞു
'അറിഞ്ഞോ നീ കൊയ്പ്പള്ളിയിലെ വിശേഷം...'
'ഇല്ല...ഞാൻ രണ്ടീസായി പുറത്തോട്ടൊക്കെ..അവിടെ എന്താ ഇപ്പൊ ഒരു വിശേഷം...'
'ഭാസ്കരൻ നമ്പ്യാരുടെ മക്കൾ ആ സ്ഥലം ഏതോ പുത്തൻ പണക്കാർക്ക് വിറ്റു..അങ്ങ് വടക്ക് ഉള്ളവർ അന്നാ അറിഞ്ഞത്...'
'അല്ല ദാക്ഷായണി അമ്മെ ഇവിടെ വന്ന കാലം തൊട്ട് കേൾക്കുന്നതാ..പക്ഷെ എന്താ സത്യം ശരിക്കും എന്താ അവിടെ നടന്നത്...'
മറുപടിയായി ദാക്ഷായണി വല്യമ്മ ഒന്ന് ചിരിച്ചു..
'ഈ പല്ലനപ്പുഴശ്ശേരിയുടെ ചരിത്രത്തോളം പഴക്കമുണ്ട് ആ കഥക്ക്...പണ്ട് രാജാക്കന്മാരുടെ കാലത്ത് അവരുടെ പണവും,സ്വർണ്ണവും,രത്‌നങ്ങളും പിന്നെ രാജ്യത്തിൻറെ രഹസ്യ വിവരങ്ങളും എല്ലാം കൊയ്പ്പളിയിലെ നിലവറകളിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത് ..രാജാവിന് മാത്രമറിയാവുന്ന ഒരു നിലവറക്കുളിൽ അത് എല്ലാം സൂക്ഷിച്ചിരിക്കുന്നത്.. രാജാവും മന്ത്രിയും പിന്നെ വിശ്വസ്തരായ പടയാളികളും മാത്രമാണ് അങ്ങോട്ട് പോയിരുന്നത്.. എല്ലാവരെയും പുറത്ത് നിർത്തി രാജാവ് മാത്രം ഉള്ളിൽ പ്രേവേശിക്കും.ഒരുപാട് പ്രേത്യേകതകൾ നിറഞ്ഞതാണ് ആ നിലവറ...
ആ നിലവറക്കുള്ളിൽ ഒരു പ്രേത്യേക ദിശയിൽ മാത്രമേ വായൂ സഞ്ചാരമുള്ളു... ഉള്ളിൽ ഒരു സ്ഫടികഗോളമുണ്ട് ഒരു ദിശയിൽ തിരിച്ചാൽ പുറത്തുനിന്നുമുള്ള സൂര്യപ്രകാശം ആ ഗോളം പ്രതിഭലിപ്പിക്കും.. അങ്ങനെ മാത്രമേ ആ മുറിക്കുള്ളിൽ വെളിച്ചം കിട്ടു...ഏറ്റവും വലിയ പ്രേത്യേകത ആ നിലവറയുടെ പൂട്ടുകളാണ്...അത് തുറക്കണമെങ്കിൽ ഒരാൾക്ക് മാത്രമേ കഴിയു... നവസ്വര പൂട്ട് എന്നാണ് അതിന് പറയുന്നത്...9 വാദ്യ ഉപകരണങ്ങൾ ഒന്നിനുപുറകെ ഒന്നായി വായിച്ചാൽ മാത്രമേ അത് തുറക്കാൻ കഴിയു... ഇടക്ക് വെച്ച് മുറിഞ്ഞുപോകാനും പാടില്ല...മറിച് തെറ്റിച്ചു വായിച്ചാൽ മറ്റൊരു വാതിൽ തുറന്ന് വരും പക്ഷെ ആ ഇടനാഴിയിലൂടെ വഴുതി വീഴുന്നത് നിലയില്ലാ കയമുള്ള ക്ഷേത്ര കുളത്തിലേക്കും.. തച്ചുശാസ്ത്ര വിധിപ്രകാരം ഒരുപാട് പ്രേത്യേകത നിറഞ്ഞതാണ് കൊയ്പ്പള്ളി... അങ്ങനെ ഒരുപാട് പേർ പണ്ട് നിധി കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല... ഇന്നത്തെ തലമുറയിലെ നിങ്ങൾ ഇതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ലായിരിക്കും അവിടെ ആ മനക്ക് കാവൽ അവളാ ...
സാവിത്രി....
കൊയ്പ്പള്ളിയിലെ സമ്പത്ത് ഒരിക്കൽ അതിന് അർഹതപെട്ടവന്റെ മുന്നിൽ പ്രേത്യേക്ഷപ്പെടും എന്നാണ് പറയപ്പെടുന്നത്..'
ഇതും പറഞ്ഞു അവർ പതിയെ നടന്നു...
'ദാക്ഷായണി അമ്മെ അപ്പൊ ഈ സാവിത്രി... അത് ആരാ....'
രുക്മിണി വിളിച്ചു ചോദിച്ചു.... അവർ ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു...
'കൊയ്പ്പള്ളിയിലെ നിലവറയുടെ കാവൽക്കാരി.....'
അവർ വീണ്ടും നടന്നു നീങ്ങി...
അമ്പരപ്പോടെ അവർ പോകുന്നതും നോക്കി നിന്നു....സമയം വൈകി തുടങ്ങിയിരിക്കുന്നു.. രുക്മിണി തിരികെ വീട്ടിലേക്ക് നടന്നു.. തിരികെ പോകുന്ന വഴിയിലാണ് കൊയ്പ്പള്ളി മന...അതിന്റെ മുന്നിൽ അവൾ നിന്നു... പതിവില്ലാതെ ആ പടിപ്പുര വാതിൽ തുറന്ന് കിടപ്പുണ്ടായിരുന്നു...ഉള്ളിൽ നിറഞ്ഞ ഭയത്തോടും കൗതുകത്തോടും അവൾ ഉള്ളിലേക്ക് നോക്കി...
തുളസി തറയിൽ വിളക്ക് വെച്ച് അതിന് വലം വെയ്ക്കുന്ന ഒരു പെൺകുട്ടിയെ അവൾ കണ്ടു... മനയുടെ പരിസരം ആരോ വൃത്തിയാക്കിയത് പോലെ അവൾക്ക് തോന്നി... പഠിപ്പുര വാതിൽ തുറന്ന് അവൾ ഉള്ളിലേക്ക് നടന്നു... തെക്ക് നിന്നും ഒരു ഇളം കാറ്റ് അവളെ തട്ടി പോയി... തുളസി തറയിൽ നിൽക്കുന്ന പെൺകുട്ടി വിളക്ക് കെടാതിരിക്കാൻ കൈ കൊണ്ട് മൂടി വെച്ചു.... ആ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു... കാറ്റിനൊപ്പം ദൂരെ
കാട്ടിൽ അരളി പൂത്ത ഗന്ധവും പരന്നു... ആ പെൺകുട്ടിയോട് എന്തെങ്കിലും സംസാരിക്കുന്നതിന് മുന്നേ പെട്ടന്ന് മഴ വന്നു... അവർ രണ്ടുപേരും ഓടി പൂമുഖത്തേക്ക് കയറി...
അവൾ ആ പെൺകുട്ടിയോട് ചോതിച്ചു..
'മോൾ ഏതാ.. എവിടുത്തെയാ.. മുന്നേ കണ്ടു പരിചയമില്ലലോ...'
'ഞാൻ ഇവിടുത്തെയാ ചേച്ചി...'
'മന വാങ്ങിയ കൂട്ടരാണോ....മോൾടെ നാട് എവിടെയാ...'
മറുപടിയായി അവൾ ഒന്ന് ചിരിച്ചു...
'വീട് അങ്ങ് വടക്കാ ചേച്ചി... പാലക്കാട്... തിരുനെല്ലി.....'
അവൾ പുറത്തേക്ക് നോക്കി... രുക്മിണി വീടിന്റെ ചുറ്റും നോക്കി...
'ഹോ ഈ മഴ....'
'അതിന് മഴ ഇല്ലാലോ ചേച്ചി...'
അവൾ മറുപടി പറഞ്ഞു...
തെല്ല് ഒന്ന് അമ്പരന്നുകൊണ്ട് രുക്മിണി പുറത്തേക്ക് നോക്കി...
ഇല്ല മഴ തോർന്നിരിക്കുന്നു... അവൾ മുറ്റത്തേക്കിറങ്ങി....
'അയ്യോ ചോദിക്കാൻ മറന്നു.. മോൾടെ പേരെന്താ...'
രുക്മിണി ചോദിച്ചുകൊണ്ട് തിരിഞ്ഞു നോക്കി....
ഇല്ല അവിടെ ആരുമില്ല.... അമ്പരപ്പോടെ അവൾ പുറത്തേക്ക് നോക്കി.... പടിപ്പുര വാതിൽ അടഞ്ഞു കിടക്കുന്ന.... ചുറ്റും കരിയില നിറഞ്ഞു കിടക്കുന്നു... ആൾ താമസമുള്ളതിന്റെ ലക്ഷണം ഒന്നുമില്ല.... അപ്പൊ ആ പെൺകുട്ടി അത്...
ആ കാറ്റ് വീണ്ടും വീശി...അവൾ അധികം അവിടെ നിൽക്കാതെ പെട്ടന്ന് വീട്ടിലേക്ക് നടന്നു......
അന്ന് രാത്രിയിൽ എത്ര കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല…
ഉറങ്ങി കിടന്ന ഭർത്താവിനെ വിളിച്ചുണർത്തി കൊയ്പ്പള്ളിയുടെ കഥ പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടു മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു..
'പണ്ട് രാജാക്കന്മാരുടെ കാലത്ത് പണിത മനയാണ് അത്.. രാജ്യത്തിൻറെ രഹസ്യ വിവരങ്ങളും രാജാവിന്റെ സ്വത്തുക്കളും എല്ലാം അവിടെയായിരുന്നു സൂക്ഷിച്ചിരുന്നത്... മനയുടെ പുറത്ത് നാല് ഭാഗത്തും ഭടന്മാരുടെ കാവലുണ്ടായിരുന്നു... ഉള്ളിൽ കാവൽ കാരില്ലായിരുന്നു... അങ്ങനെ രാജാവിനെ കബളിപ്പിച്ചു സ്വത്തും രാജ്യവും തട്ടിയെടുക്കാൻ അടുത്ത രാജ്യത്തെ രാജാവ് ശ്രമിച്ചിരുന്നു... ഈ നാട്ടിലെ മന്ത്രിയുടെ സാഹത്തോടെ അയൽ രാജ്യം ഒരു പദ്ധതി തയ്യാറാക്കി.. ഭടന്മാരെയും രാജാവിനെയും അവിടെ നിന്നും മാറ്റുന്നതിന് വേണ്ടി രാജ്യം ആക്രമിക്കാൻ എന്ന വ്യാജേന കുറെ പടയാളികളെ ഇങ്ങോട്ട് അയച്ചു... മന്ത്രിയും അയൽ രാജ്യത്തെ രാജാവും പിന്നെ ഒരു പെൺകുട്ടിയെയും കൂടി കൊയ്പ്പള്ളിയിൽ എത്തി...കൊയ്പ്പള്ളിയെ പറ്റി ശരിക്കറിയാവുന്ന രാജാവിന്റെ ദാസി ആയിരുന്നു സാവിത്രിയെ അവർ തിരഞ്ഞെടുത്തു അവളുടെ അച്ഛനെ തടങ്കലിൽ വെച്ച് അവളെ ബലിയാടാക്കാൻ വേണ്ടി ആയിരുന്നു അത്...തെറ്റായ വാതിൽ തുറന്നാൽ തുറക്കുന്ന ആൾ അതിൽ വീഴും അങ്ങനെ വന്നാൽ ശരിയായ വാതിൽ തകർത്ത് അവർക്ക് അത് എല്ലാം തട്ടിയെടുക്കാം....
ചതി മനസ്സിലാക്കിയ രാജാവ് രഹസ്യ വാതിലിൽ കൂടി മനയുടെ ഉള്ളിൽ പ്രേവേശിച്ചു രാജാവ് അവരെ രണ്ടുപേരെയും തല വെട്ടി കൊന്നു... പക്ഷെ സാവിത്രിയെ മാത്രം കൊന്നില്ല... രാജ്യ ദ്രോഹം ചെയ്തു എന്ന തോന്നൽ കൊണ്ട് അവൾ രാജാവിന്റെ കൺമുന്നിൽ വെച്ച് ആത്മഹത്യാ ചെയ്തു... പിന്നീട് അവിടെ കേറിയവരെയെല്ലാം അവൾ കൊന്നു എന്നുമാണ് കഥ...
രുക്മിണി അതിശയത്തോടെ ചോദിച്ചു
'ചേട്ടാ എന്നാലും എത്ര പണം കാണും അതിന്റെ ഉള്ളിൽ...'
'ആ ആർക്കറിയാം ഒരു 10-100 കോടി കാണും...'
'100 കൊടിയോ...'
'നീ മിണ്ടാതെ അവിടെ കിടക്കു പെണ്ണെ...'
ഭർത്താവിന്റെ വാക്ക് കേട്ട് ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല.... മനസ്സിൽ എന്തൊക്കെയോ പദ്ധതികൾ തയ്യാറാക്കിയിട്ടാണ്
രുക്മിണി പിറ്റേന്ന് ഉറക്കമുണർന്നത്... രാവിലെ തന്നെ ദാക്ഷായണി അമ്മയെ എന്തൊക്കെയോ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു കൊയ്പ്പള്ളിയിൽ കൊണ്ടുവന്നു..
പ്രധാനപെട്ട മുന്‍ വാതില്‍ ഒഴിവാക്കി അവള്‍ മനയുടെ ചുറ്റും നടന്നു.. മനയുടെ പടിഞ്ഞാറേ വശത്തുകൂടി ഒരു ചെറിയ വാതിൽ അവൾ കണ്ടെത്തി...
അവർ രണ്ടുപേരും ആ വഴിയിൽ കൂടി ഉള്ളിൽ കയറി മുറിക്കുള്ളിൽ വെളിച്ചം നന്നേ കുറവാണ്... ചുറ്റും പൊടിയും മാറാലയും നിറഞ്ഞിരിക്കുന്നു ....ആൾ താമസം ഉണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞതുപോലെ.... ഇടനാഴിയിൽ കൂടി വെളിച്ചത്തിന്റെ പിന്നാലെ അവർ നടന്നു...
നടന്നു ചെന്നത് ഒരു നിലവറയുടെ മുന്നിലാണ് അവിടെ രണ്ട് വാതിലുകളും... ഏതാണ്ട് രണ്ടു പേരുടെ പൊക്കമുണ്ട് ആ വാതിലിന് നിറയെ കൊത്തുപണികളും... കട്ടിള പടിയുടെ മുകളിൽ രണ്ട് സർപ്പങ്ങളുടെ മരപണിയുണ്ട്, പത്തി വിടർത്തി കൊത്താൻ തയ്യാറായി നിൽക്കുന്ന സർപ്പങ്ങൾ... ആ മുറിക്കുളിൽ 9 വാദ്യഉപകരണങ്ങളും ഉണ്ടായിരുന്നു... ദാക്ഷായണി അമ്മയുടെ നിർദേശപ്രകാരം ഒന്നിന് പുറകെ ഒന്നായി രുക്മിണി വായിച്ചു.... വായിച്ചു തുടങ്ങിയപ്പോൾ വാതിൽ തുറന്നു.... രുക്മിണി സന്തോഷത്തിലും ആഹ്ലാതത്തിലും ആ വാതിലിൽ കൂടി ഉളിലേക്ക് ഓടി....ഉള്ളിൽ ആരോ വിളക്കുകൾ തെളിയിച്ചുവെച്ചിരുന്നു.... കുറെ മുന്നിലേക്ക് ചെന്നപ്പോൾ ദാക്ഷായണി അമ്മയുടെ കാൽപ്പെരുമാറ്റം അവൾ കേൾക്കാതെയായി... അവൾ അത് വകവെയ്ക്കാതെ മുന്നോട് നടന്നു...
പതിയെ വിളക്കുകൾ ഓരോന്നായി കാണാതെയായി... മുന്നോട് പോകുംതോറും ശ്വാസം എടുക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.... ദാഹം മൂലം അവളുടെ തൊണ്ട വരണ്ടു തുടങ്ങി.... കുറച്ചുകൂടി മുന്നോട്ട് നടന്ന അവൾ ക്ഷീണം കൊണ്ട് അവിടെ ഇരുന്നു... അവൾ മുന്നിലേക്ക് നോക്കി.... മുന്നിൽ നിറയെ പെട്ടികളും അവ നിറയെ സ്വർണവും രത്നങ്ങളും..... കൈ നിറയെ അതെല്ലാം വാരിയെടുത്തവൾ മുന്നിലേക്ക് കണ്ട വഴിയേ ഓടി....
പിന്നിൽ നിന്നും ആരുടെയോ സംസാരം അവളുടെ കാതിൽ കേട്ടു....
'രുക്മിണി...'
അവൾ തിരിഞ്ഞു നോക്കി...ചുറ്റും ഇരുട്ടാണ്.... ഉള്ളിൽ ഭയം വല്ലാതെ കൂടി... തീ നാളം പോലെ എന്തോ ഒന്ന് അവളുടെ മുന്നിലേക്ക് വന്നു.... അവൾ കണ്ണുകൾ ഇറുക്കി അടച്ചു........
രാമു പണിക്കർ ഓടി കിതച്ചുകൊണ്ട് ആൽത്തറയിൽ എത്തി....
'അറിഞ്ഞോ... നമ്മടെ അമ്പലക്കുളത്തില് തെക്കേലെ രുഗ്മിണിയുടെ ശവം......'
എവിടെനിന്നോ ആ ഇളം കാറ്റ് വീണ്ടും വീശി.... കൊയ്പ്പള്ളിയിലെ ഇടനാഴിയിൽ ആരുടെയോ പാദസ്വരത്തിന്റെ കിലുക്കം....
സാവിത്രി......
അക്ഷയ്.