Friday, 29 December 2017


ഏലത്തോട്ടത്തിലെ മാലാഖ-3....
------------------------------------------------
'വാട്ട് നോ നെവർ...സർ എന്താ ഈ പറയുന്നത്.. ഞാനോ ഞാൻ എന്തിന് അവളെ....'
അയാൾ വല്ലാതെ പാനിക് ആകുന്നത് ഞാൻ ശ്രദിച്ചു.....ആരെയോ പേടിക്കുന്നത് പോലെ...എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ.......
'ക്രിസ്റ്റി... നീ മിടുക്കനാ... നന്നായി അഭിനയിച്ചു.. അല്ല അഭിനയിച്ചുകൊണ്ടിരിക്കുന്നു.......'
അയാൾ മറുപടി ഒന്നും പറയാതെ... ജനാലയിലൂടെ പുറത്തേക്ക് നോക്കികൊണ്ടിരുന്നു.....മുറിക്കുള്ളിലേക്ക് നല്ല തണുത്ത കാറ്റുവീശുന്നുണ്ട്.....
മേശയുടെ ചെയർ വലിച്ചെടുത്ത് ഞാൻ അയാളുടെ മുന്നിൽ ഇരുന്നു....
'ക്രിസ്റ്റി വൈകിട്ട് നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ ശ്രദ്ദിച്ചിരുന്നു...... ഈ എസ്റ്റേറ്റിൽ ഇംഗ്ലീഷ് അറിയുന്ന ഒരു ജോലിക്കാരൻ....അവിടെ പിഴച്ചു തുടങ്ങി നിന്റെ ചുവടുകൾ ക്രിസ്റ്റി....പിന്നെ നീ നിന്റെ ഭാര്യയെ അടുത്ത വീട്ടിൽ ആക്കി എന്ന് പറഞ്ഞ ഒരാവശ്യവുമില്ലാത്ത ഒരു നുണ.....
ഇന്ന് രാത്രി എയ്ഞ്ചലിന്റെ വീട്ടിൽ എത്തുന്നതിന് മുന്നേ നിനക്ക് വേണ്ടി ഞാൻ ഒരു കെണി ഒരുക്കിയിരുന്നു.... എന്റെ ഊഹങ്ങൾ ശരിവെക്കുംപോലെ നീ കൃത്യമായി അതിൽ തന്നെ വീണു.... എല്ലാത്തിനും പുറമെ നിന്റെ കൈയിൽ ഞാൻ കണ്ട ആ മുറിപ്പാട്... ഒപ്പം അവളുടെ ഈ ഡയറിയും അത് എല്ലാം നിന്റെ ജാതകം എനിക്ക് കാണിച്ചുതന്നു............നിന്റെ മുന്നിൽ മറ്റുവഴികൾ ഒന്നുമില്ല ക്രിസ്റ്റി...കാമോൻ സ്പീക്ക് അപ്പ് മാൻ...'

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ.....
'ഇല്ല..... ഞാൻ ഞാൻ കൊന്നിട്ടില്ല അവളെ എന്റെ എയ്ഞ്ചൽനെ...........'
 'എസ് യു സൈഡ് ഇറ്റ്...'  

'എനിക്ക് ഒന്നുമറിയില്ല സർ... ഒന്നും.. ഞാൻ അല്ല..... അവളെ....'
'അവളുടെ മരണം,അത് ഉണ്ടായത് എങ്ങനെയാണെന്ന് നിനക്കറിയാം ക്രിസ്റ്റി....
ഇപ്പോൾ എയ്ഞ്ചൽ കൊല്ലപ്പെട്ടാൽ എല്ലാ വിരലുകളും പാപ്പച്ചൻ മുതലാളിയിലേക്ക് നേരെ ചുണ്ടും എന്ന് നിനക്കറിയാം....അയാളുടെ ജീവിതത്തിലെ എല്ലാ നഷ്ടങ്ങൾക്കും കാരണം അവൾ ആണ് എന്ന് അല്ലെ അയാളുടെ വിശ്വാസം... അങ്ങനെ തക്കം പാർത്തിരുന്നു ഒടുവിൽ....'
'അല്ല സർ ഒരിക്കലുമല്ല.... അവളുടെ മരണത്തിന് കാരണം....'
'എന്താണ് ക്രിസ്റ്റി നീ മറക്കാൻ ശ്രേമിക്കുന്നത്.... ആരെയാണ് നിനക്ക് രക്ഷിക്കേണ്ടത്..... എന്ത് മറക്കാൻ ശ്രേമിച്ചാലും അതിന്റെ എല്ലാം ആയുസ്സ് നാളെ രാവിലെ വരെ മാത്രമാണ്.......'

'പാപ്പച്ചൻ മുതലാളിയുടെ മകൻ ടോണി.... അവൻ പറഞ്ഞിട്ടാണ് സർ..... പക്ഷെ ഞാൻ കൊന്നിട്ടില്ല..സർ കൊന്നിട്ടില്ല ...................'
അയാൾ പൊട്ടിക്കരയാൻ തുടങ്ങി..അവൻ വീണ്ടും സംസാരിച്ചു തുടങ്ങി.....
'കഴിഞ്ഞ കുറച്ചുനാളുകളായി അവളുടെ പെരുമാറ്റത്തിൽ പല പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങിയിരുന്നു..... അങ്ങനെ ഒരുദിവസം എസ്റ്റേറ്റിൽ വെച്ച് ടോണിയും മുതലാളിയും തമ്മിൽ വഴക്കുണ്ടായി..... മുതലാളി സ്വത്തുക്കളിൽ പാതി അവളുടെ പേരിൽ എഴുതി വെക്കാൻ തീരുമാനിച്ചിരുന്നു.... പക്ഷെ അത് ടോണിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..... അതിന്റെ പേരിലാണ് വാക്കേറ്റമുണ്ടായത്....അവൾ ഇല്ലാതെയായാൽ ആ സ്വത്തുക്കൾ മുഴുവനായും ടോണിക്ക് കിട്ടും.... അങ്ങനെ അയാൾ പ്ലാൻ ചെയ്തതാണ് അവളുടെ കൊലപാതകം...അയാൾ എനിക്ക് കുറെ പണവും തന്നു.... പക്ഷെ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല അതിന് മുന്നേ അവൾ കൊല്ലപ്പെട്ടിരുന്നു........'
'എത്ര രൂപ.......'
'1 ലക്ഷം......'
'കൃത്യം നീ ചെയ്തില്ലെങ്കിൽ പിന്നെ ടോണി പണം തിരികെ ചോദിച്ചില്ലേ......'
'ഇല്ല സർ....... അവൻ ചോദിച്ചില്ല.............'
'പിന്നീട് ടോണി ഇവിടെ വന്നിട്ടില്ലേ....'
'വന്നിരുന്നു.. അത് അവളുടെ ബോഡി മലയിടുക്കിൽ നിന്നും കണ്ടെത്തിയ ദിവസം....പക്ഷെ അയാളുടെ മുഖം അത് എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല ......'
'പോലീസ് മൊഴിയെടുത്തപ്പോൾ എന്തുകൊണ്ട് നീ ഇതൊന്നും പറഞ്ഞില്ല.....'
'അത് സർ.... പേടിച്ചിട്ടാണ്....'
'ശരി അപ്പൊ.. ഇപ്പോൾ പറഞ്ഞതോ...'
'സർ അത് ഞാൻ......'

സമയം 1 മണിയോട് അടുത്തിരുന്നു.ഞാൻ  ഫോൺ എടുത്ത് രവിയെ വിളിച്ചു...
'രവി ദി കേസ് ഈസ് ക്ലോസ്ഡ്.....നാളെ ഒരു അറസ്റ്റ് രേഖപെടുത്താനുണ്ട്......'
'ശരി സർ ഞങ്ങൾ രാവിലെ എത്താം.....'
'ഓക്കേ രവി....'
'ബട്ട് സർ...ആരുടെ അറസ്റ്റ് ആണ് സർ ആരാണ് പ്രതി..... '

'അലീന.............'
തുടരും ...
അക്ഷയ്. 

Monday, 25 December 2017


ഏലത്തോട്ടത്തിലെ മാലാഖ-2 ..
----------------------------------------------
സ്റ്റെപ് ഇറങ്ങി ചെന്ന് ഞാൻ വാതിൽ തുറന്നു....
ക്രിസ്റ്റി ആയിരുന്നു......
'എന്ത് പറ്റി ക്രിസ്റ്റി...ഭാര്യ ഒറ്റക്കാണെന്ന് പറഞ്ഞിട്ട്....'
'അവളെ ഞാൻ...ഞാൻ അടുത്ത വീട്ടിൽ ആക്കി സർ...'
'ആണോ ശരി...ക്രിസ്റ്റി വാ..നമുക്ക് കേസിനെ പറ്റി കുറച് സംസാരിക്കാം...'
വീടിന്റെ വാതിലടച്ചു ഞങ്ങൾ മുറിയിലേക്ക് നടന്നു.... മേശപ്പുറത്തിരുന്ന ഫയൽ അടച്ചുവെച്ചിട്ട് ഞാൻ ക്രിസ്റ്റിയോട് സംസാരിക്കാൻ തുടങ്ങി....
'ക്രിസ്റ്റി എനിക്ക് എയ്ഞ്ചൽനെ കുറിച് കൂടുതൽ അറിയണം....'
'സർ എനിക്ക്... എനിക്ക് അവളെ പറ്റി കൂടുതൽ ഒന്നും അറിയില്ല...അറിയുന്ന കാര്യങ്ങൾ പറയാം സർ...'
'ശരി പറയു....'
അയാൾ എന്തോ പേടിക്കുന്നത് പോലെയോ മറ്റോ എനിക്ക് തോന്നി.... കുറച്ചു സമയം ആലോചിച്ചതിന് ശേഷം ക്രിസ്റ്റി പറഞ്ഞു തുടങ്ങി.....
'സർ ഞാൻ ഇവിടെ ജോലിക്ക് വന്നിട്ട് അധികം നാളായില്ല ഏതാണ്ട് 6-7 മാസം മാത്രം... പക്ഷെ അവൾ ജനിച്ചുവളർന്നത് ഇവിടെയാണ്.... ഇവിടെ എല്ലാവർക്കും അവളെ അറിയാം.... ഒറ്റക്കായിരുന്നു താമസം.... അവളുടെ അമ്മ ഞാൻ ഇവിടെ ജോലിക്ക് വന്ന് കുറച് നാളുകൾക്ക് ശേഷം മരിച്ചുപോയി.....അവളെയും അമ്മയെയും ചേർത്ത് പല കഥകളും ഇവിടെ ജോലിക്കാർക്കിടയിൽ ഉണ്ട് സർ......'
'കഥകളോ എന്ത് കഥകൾ.... !! '
'സർ അത്.... '
'ക്രിസ്റ്റി പറ...'
'സർ പാപ്പച്ചൻ മുതലാളിയുടെ മകൾ ആണ് എയ്ഞ്ചൽ... '
'വാട്ട് ???'
'എസ് സർ ഈ അടുത്ത സമയത്താണ് ഈ വിവരം പുറം ലോകം അറിഞ്ഞത്... ആ സംഭവത്തിന് ശേഷം മുതലാളിക്ക് എസ്റ്റേറ്റിൽ വലിയ നോട്ടവും കാര്യവും ഒന്നുമില്ല... പുള്ളി ഭാര്യയും കുടുംബവുമായി ഒക്കെ അകന്ന് ജീവിക്കാൻ തുടങ്ങി... സദാസമയം കള്ളുകുടിയും ഒക്കെ ആയി അകെ പാടെ തകർന്ന് പോയിരുന്നു അദ്ദേഹം... അങ്ങനെ ഇരിക്കെയാണ് ഇവിടെ ഒരാഴ്ചക്ക് മുന്നേ തൊഴിലാളി സമരം തുടങ്ങിയത്... കൂലിയും മറ്റ് ആനുകൂല്യങ്ങളും ഒക്കെ കൂട്ടി ചോതിച്ചുകൊണ്ട്.... അതിന് മുന്നിൽ നിന്നത് അവളായിരുന്നു.....
അത് മുതലാളിയെ വല്ലാതെ ചോടിപ്പിച്ചു.....അങ്ങനെ സമരം നടക്കുന്നതിന്റെ ഇടക്കാണ് ഈ സംഭവം എല്ലാം ഉണ്ടായത്.....'
'ഓഹോ അങ്ങനെയൊക്കെയാണല്ലേ കാര്യങ്ങൾ... ക്രിസ്റ്റി എന്താ കരുതുന്നത് ഇത് ആത്മഹത്യ ആണോ അതോ ആരെങ്കിലും അവളെ......'
'ഇല്ല സർ അവളോട് ഇവിടെ ആർക്കും ദേഷ്യം ഒന്നുമില്ല.എല്ലാവർക്കും വലിയ കാര്യമായിരുന്നു അവളെ.....സ്വന്തം അച്ഛനെതിരെ സമരം നടത്തുന്നതിൽ ഉള്ള വിഷമം കൊണ്ടും പിന്നെ ജീവിതത്തിൽ ഒറ്റക്കായതുകൊണ്ടും ഒക്കെ ചെയ്തതാകും......'
'ക്രിസ്റ്റി എനിക്ക് എയ്ഞ്ചൽൻറെ വീട് ഒന്ന് കാണണം....'
'സർ ഈ രാത്രിയിൽ....'
'അതെ ഇന്ന് തന്നെ വേണം.....'
'ശരി സർ പോകാം....'
ഞാൻ ക്രിസ്റ്റയുടെ കൂടെ ഇറങ്ങി... പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു....ഗസ്റ്റ് ഹൗസ് കടന്ന് ഞങ്ങൾ നടന്നു....ചെറിയ ചെറിയ വീടുകളാണ് ചുറ്റും.. ദൂരെ ഒരു വീട് ചൂണ്ടികൊണ്ട് ക്രിസ്റ്റി വീണ്ടും സംസാരിച്ചു തുടങ്ങി....
'അതാ സർ അവളുടെ വീട്.... താക്കോൽ അപ്പുറത്തെ വീട്ടിൽ ഉണ്ട് ഞാൻ വാങ്ങി തരാം സർ അങ്ങോട്ട് നടന്നോ.....'
'ശരി ക്രിസ്റ്റി.....'
ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി....തണുത്തകാറ്റ് വീശുന്നുണ്ട്... കാറ്റിന് എന്തോ വല്ലാത്തൊരു വശ്യമായ ഗന്ധമാണ്.....
ഒന്ന് കണ്ണടച്ച് നിന്നാൽ എനിക്ക് അവളെ കാണാം....
'സർ.... സർ '
ക്രിസ്റ്റി എന്നെ തട്ടിവിളിച്ചു...
'സർ താക്കോൽ...സർ വീട്ടിലോട്ട് കയറിക്കോ ഞാൻ എന്റെ വീട് വരെ ഒന്ന്....'
'ശരി ക്രിസ്റ്റി...'
അത് ഒരു കൊച്ചുവീടായിയുന്നു.ഓടിട്ട ഒരു കൊച്ചുവീട്...
ഞാൻ വീടിന്റെ ഉള്ളിലേക്ക് കയറി... 2-3 മുറികൾ മാത്രം.....
വലത്തേ സൈഡിൽ അവളുടെ മുറിയാണെന്നു തോന്നുന്നു...
ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കയറി ലൈറ്റ് ഇട്ടു.....
നല്ല അടുക്കും ചിട്ടയുമുള്ള മുറി...എല്ലാം വൃത്തിയായി സൂക്ഷിച്ചിരുന്നു..... മേശ വലിക്കുന്നതിന്റെ ഇടയിലാണ് അത് എന്റെ കണ്ണിൽ പെട്ടത്...
അവളുടെ ഡയറി...ഞാൻ ആ ഡയറി കയ്യിലെടുത്തു അവസാനത്തെ പേജ് തുറന്നു.....
20-12-17
'ഇത് ഇനിയും എനിക്ക് താങ്ങാൻ കഴിയില്ല.....എല്ലാം ഒരിക്കൽ ഞാൻ അവസാനിപ്പിക്കും... ഒറ്റക്കാവുന്നത് പോലെ....അയാൾ.....'
'സർ...'
ഞാൻ തിരിഞ്ഞു നോക്കി വീണ്ടും ക്രിസ്റ്റി...
'എന്തായി സർ എന്തെങ്കിലും കിട്ടിയോ....'
'താൻ വാ നമുക്ക് റൂമിൽ പോകാം...'
'ശരി സർ....'
'ഭാര്യക്ക് എന്ത് പറ്റി...'
'അവൾക്ക് ഭയങ്കര തലവേദനയാണ് സർ ഞാൻ മരുന്ന് കൊടുത്തു.....'
തിരികെ നടക്കുന്ന വഴിയിൽ ഞാൻ ഫോൺ എടുത്ത് രവിയെ വിളിച്ചു...
'രവി... നാളെ രാവിലെ തന്നെ വരണം എനിക്ക് സ്പോട് ഒന്ന് കാണണം.... പറ്റിയാൽ നാളെ....... അഹ് രവി വരുമ്പോൾ അവളെ.....കല്യാണിയെ കൂടെ വിളിക്കണം.....'
'ഓക്കേ സർ രാവിലെ തന്നെ എത്താം സർ... ഗുഡ് നൈറ്റ്...'
'സർ അപ്പൊ ആളെ കിട്ടിയോ...'
ക്രിസ്റ്റി ചോതിച്ചു...
'അഹ് നാളെ കണ്ടുപിടിക്കാം... നീ വാ..'
'സാറിന് കല്യാണി മാഡത്തെ നേരത്തെ അറിയുമോ....'
'കല്യാണി... ഷി ഈസ് മൈ വൈഫ്..... നോ ഷി വാസ്.......'
'സോറി സർ.....'
'എന്തിന് അത് ഒക്കെ അടഞ്ഞു പോയ കേസ് ഫയൽ ആണ് ക്രിസ്റ്റി.....'
ഞങ്ങൾ വാതിൽ തുറന്ന് മുറിയിൽ കയറി....വാതിൽ കുറ്റിയിട്ടു....
'ക്രിസ്റ്റി... എനിക്ക് നിന്നോട് ഒരു കാര്യം കൂടി ചോദിച്ചറിയാനുണ്ട്......'
'എന്താണ് സർ ചോദിച്ചോ സർ.....'
'ക്രിസ്റ്റി..... നീ എന്തിനാടാ അവളെ കൊന്നത്.............'
തുടരും...
അക്ഷയ്..

Friday, 22 December 2017


എലത്തോട്ടത്തിലെ മാലാഖ....
----------------------------------------------
കാർ നല്ല വേഗത്തിൽ മുന്നോട്ട് കുതിച്ചു....രണ്ട് സൈഡ് നിറയെ തേയില തോട്ടങ്ങളാണ്.... അത് ഇങ്ങനെ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്നു.....
സമയം ഏതാണ്ട് 4 മണിയോട് അടുത്തിട്ടും നല്ല തണുപ്പാണ്....
ദൂരെ ഒരു ചായക്കട കണ്ട് ഞാൻ അതിന്റെ അടുത്ത് വണ്ടി നിർത്തി.... പുറത്തിറങ്ങിയിട്ട് ഒന്ന് നടുനിവർത്തി.... വല്ലാത്ത ക്ഷീണം....
ഒരു ചായ പറഞ്ഞു കൊണ്ട് ഞാൻ കൈ കൂട്ടി തിരുമ്മിക്കൊണ്ട് കടക്കാരന്റെ മുഖത്തേക്ക് നോക്കി..
'ഹോ നല്ല തണുപ്പ്.... ഇവിടെ എപ്പോഴും ഇങ്ങനെ ആണോ...'
'സർ ഇവിടെ ആദ്യമായിട്ടാണല്ലേ....'
'അതെ.....ചേട്ടാ ഇവിടെ സിഗരറ്റ് ഉണ്ടോ..'
'ഉവ്വ് സർ ഏതാ വിൽസ് ആണോ....'
തേയിലത്തോട്ടത്തിന്റെ ഭംഗിയിൽ മുഴുകികൊണ്ട് ഞാൻ മൂളി...
അയാൾ സിഗരറ്റ് എടുത്തു തന്നു...ലൈറ്ററിനായി ഞാൻ പോക്കറ്റിൽ  തപ്പുന്നതുകണ്ട്‌ അയാൾ തീപ്പെട്ടി എനിക്ക് നേരെ നീട്ടി.....
ഞാൻ ഇടം കൈയിൽ സിഗരറ്റ് വെച്ച് കത്തിക്കുന്നത് കണ്ട് അയാൾ കൗതുകത്തോടെ നോക്കിനിൽക്കുന്നത് ഞാൻ കണ്ടു....
രണ്ട് പുക എടുത്തപ്പോഴേക്കും ആ തണുപ്പ് ഒക്കെ വിട്ടു....
അയാൾ വീണ്ടും എന്നെ വിളിച്ചു....
'സർ ചായ....'
ഞാൻ പെട്ടന്ന് രണ്ട് പ്ഫ് കൂടിയെടുത്തിട്ട് സിഗരറ്റ് കളഞ്ഞു....അയാൾ എന്തോ പറയാൻ തുടങ്ങുന്നത് പോലെ തോന്നി...
'സർ..എസ്റ്റേറ്റിലേക്കാണോ...രാവിലെയും കുറെ സാറുമ്മാർ പോയിരുന്നു ഇതുവഴി.....'
'അതെ അങ്ങോട്ട് തന്നെ.... ഇവിടെ തേയില മാത്രമേ ഉള്ളോ.....'
അപ്പോഴേക്കും അയാളുടെ മുഖം ഒന്ന് വിടർന്നു....
'അല്ല സർ ഇനിയങ്ങോട്ട് കുറെ ദൂരം ഏലം ആണ്... പിന്നെ ഉള്ളിൽ നല്ല പാറക്കെട്ടും ഈറ്റക്കാടുമുണ്ട്.....'
'എസ്‌റ്റേറ്റിലേക്ക് ഇവിടുന്ന് ഒറ്റ വഴിയാണോ നേരെ...'
'അല്ല സർ ഇവിടുന്ന് ഏതാണ്ട് 10 കിലോമീറ്റർ കഴിയുമ്പോൾ ഒരു ജംഗ്ഷൻ ഉണ്ട്..അവിടെ ഒരു മാതാവിന്റെ രൂപം ഉണ്ട് അവിടുന്ന് ഇടത്തോട്ട് മല കയറി തുടങ്ങണം....ഇപ്പൊ അവിടെ ആളും പേരും ഒക്കെ കാണും സാറേ...പിന്നെ വഴി എല്ലാം ഇപ്പൊ മോശമാ സാറേ....'
'എന്താ ആ പെണ്ണിന്റെ പേര്....'
'ഏയ്ഞ്ചൽ എന്നോ എങ്ങാണ്ട് ആണേ... എന്നാലും ആ പെണ്ണിന്റെ ഒരു ധൈര്യമേ...ഹോ.. '
അയാളുടെ മുഖത്ത് ഭയവും അത്ഭുതവും നിറഞ്ഞുനിൽപ്പുണ്ട്....
അയാൾക്ക് പൈസ കൊടുത്തിട്ട് ഞാൻ വീണ്ടും വണ്ടി എടുത്തു....
എസ്റ്റേറ്റിലേക്കുള്ള യാത്രയിൽ മുഴുവൻ ഞാൻ അവളെ പറ്റിയാണ് ചിന്തിച്ചത് എയ്ഞ്ചൽനെ പറ്റി......

രണ്ട് ദിവസം മുന്നെയാണ് അടിവാരത് മലയിടുക്കിൽ നിന്നും ഏതാണ്ട് 22-23  വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ശവശരീരം കിട്ടിയത്...
ഏതാണ്ട് 20 മണിക്കൂർ കഴിഞ്ഞിരുന്നു മരണം സംഭവിച്ചിട്ട്...
പ്രഥമ ദൃഷ്ടിയിൽ തന്നെ ആത്മഹത്യാ എന്ന് തോന്നിക്കുമായിരുന്നു....
പക്ഷെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ചില പൊരുത്തക്കേടുകളുണ്ട്.... പോസ്റ്റുമാർട്ടം കഴിയുന്നതിനു മുന്നേ  ആളെ തിരിച്ചറിഞ്ഞു...
ഹാരിസൺ എസ്റ്റേറ്റിലെ കരാറുപണിക്കാരി ആയിരുന്നു അവൾ പേര് എയ്ഞ്ചൽ...

ഏതാണ്ട് 25 മിനിറ്റ് കഴിഞ്ഞപ്പോൾ വണ്ടി ആ കടക്കാരൻ പറഞ്ഞ മാതാവിന്റെ രൂപത്തിന്റെ മുന്നിൽ എന്തിയിരുന്നു....
അധികം ആളുകൾ ഇല്ലാത്ത ഒരു ചെറിയ കവല.....
ഒന്ന് രണ്ട് കടകൾ അവിടെയുണ്ട്....സൈഡിൽ എസ്റ്റേറ്റിന്റെ ബോർഡ് കാണാം...
ബോർഡ് കണ്ടിട്ട് നല്ല പഴക്കമുണ്ട്...
ഞാൻ മലകയറാൻ തുടങ്ങി...
വഴി അലപം മോശമാണ്....തേയില ചെടികളിൽ കൊളുന്ത് നുള്ളിയിട്ട് 1 ആഴ്ച കഴിഞ്ഞതുപോലെ തോന്നി... മിക്ക ചെടികളിലും നല്ല മൂത്തുനിൽക്കുന്ന ഇലകളും കാണാം...
പഴയ ബോർഡും റോഡിൻറെ അവസ്ഥയും എല്ലാം കൂടി കൂട്ടി വായിച്ചപ്പോൾ എനിക്ക് ചില സംശയങ്ങൾ ഒക്കെ തോന്നിയിരുന്നു...
ഒന്നുങ്കിൽ ഇവിടെ നിന്നും ഭീമമായ വരുമാനം ഒന്നുമില്ല...
അല്ലെങ്കിൽ ഇത് വിൽക്കാനോ അടച്ചുപൂട്ടാനോ ഉള്ള തയ്യാറെടുപ്പിലാണ് അവർ....

കാർ മലയുടെ മുകളിൽ എത്തി...അവിടെ റ്റി ഫാക്ടറിയും കടന്ന് ഞാൻ മുന്നോട്ട് പോയി.... അവിടെ എത്തിയപ്പോഴേക്കും സമയം ഏതാണ്ട് 6 മണിയോട് അടുത്തിരുന്നു....
കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു ഒപ്പം ഒരു സല്യൂട്ട് കൂടി....
'സർ എന്താണ് വൈകിയത്... ഞങ്ങൾ സാർ വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു മടങ്ങാൻ....'
'ഓക്കേ..രവി..'
'സർ ഇവിടെ നല്ല ഹോട്ടൽ റൂം ഒന്നും കിട്ടില്ല...നല്ല ഹോട്ടൽ വേണമെങ്കിൽ 40 കിലോമീറ്റർ പോകണം... അതുകൊണ്ട് എസ്റ്റേറ്റ് വക ഗസ്റ്റ് ഹൗസിൽ സാറിന് മുറി റെഡി ആക്കിയിട്ടുണ്ട്....'
'ശരി രവി വല്ലാത്ത ക്ഷീണം...ഇറ്റ് വാസ് എ ലോങ്ങ് ഡ്രൈവ്....എനിക്ക് ഒന്ന് ഫ്രഷ് ആകണം പിന്നെ ഒന്ന് കിടക്കണം...'
'സാർ ഉള്ളിലേക്ക് ചെല്ലൂ... അവിടെ സഹായത്തിന് ഒരാളുണ്ട്... എസ്റ്റേറ്റിലെ പണിക്കാരനാണ്...'
'രവി എനിക്ക് ഉള്ള ഫയൽ ഒക്കെ എവിടെ..'
'സർ എല്ലാം റൂമിൽ വെച്ചിട്ടുണ്ട്.... '
'ഓക്കേ രവി, കൈക്ക് എന്ത് പറ്റി...കുറച്ചായാ മുറിവാണല്ലോ...'
'മഹസർ റെഡി ആക്കാൻ മലയിടുക്കിൽ ഇറങ്ങിയപ്പോൾ മുറിഞ്ഞതാണ്... ചെറുതായിട്ട് ഒന്ന് വീണു... നല്ല വഴുക്കലുള്ള പാറക്കെട്ടുകളാണ്...'
'ആരായിരുന്നു ക്രൈം സീൻ അറ്റൻഡ് ചെയ്തത്..'
'സർ അത്...അത് അഞ്ജലി മാഡം ആയിരുന്നു....'

വീണ്ടും ആ പേര് ഞാൻ കേൾക്കേണ്ടി വന്നു...... രവിക്ക് ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ തിരിയാൻ തുടങ്ങി....
'ഓക്കേ സർ ഗുഡ് നൈറ്റ് നാളെ കാണാം..'
രവി വണ്ടിയിൽ കയറി പോയി...കാറിന്റെ ഡിക്കിയിൽ ആരോ പിടിച്ചു വലിക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി...
ഒരു യുവാവാണ്...അയാൾ കൈ ഉയർത്തി എനിക്ക് വണക്കം പറഞ്ഞു...
ഞാൻ അയാളുടെ അടുത്തേക്ക് നടന്നു....

ക്രിസ്റ്റി,അയാൾ എനിക്ക് സ്വയം പരിചയപ്പെടുത്തി തന്നു....എസ്റ്റേറ്റിലെ ജോലിക്കാരനാണ്... ഞാൻ കാറിന്റെ ഡിക്കി തുറന്നുകൊടുത്തു അയാൾ പെട്ടിയുമെടുത്തുകൊണ്ട് എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു...
അത് വളരെ വലിയ ഒരു വീട് തന്നെയായിരുന്നു.....
മുകളിലത്തെ മുറിയാണ് എനിക്ക് വേണ്ടി ഒരുക്കിയത്...ബാക്കിയുള്ള മുറികൾ എല്ലാം പൊടിപിടിച്ചു കിടപ്പാണ്.... ഇവിടെ ആരും തങ്ങാറില്ല എന്ന് ഞാൻ ഉഹിച്ചു.....
'സർ....'
ക്രിസ്റ്റി എന്നെ വിളിച്ചു..
'സർ ഇതാണ് റൂം...ഫ്രഷ് അകാൻ അകത്തുതന്നെ ബാത്രൂം ഉണ്ട്...'
അയാളുടെ സംസാരം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.....എസ്റ്റേറ്റിൽ സാദാരണയായി കരാര് പണിക്ക് വരുന്നവരിൽ പഠിപ്പും വിദ്യാഭ്യാസം ഉള്ളവർ വളരെ കുറവാണ്.....പക്ഷെ അയാൾ...

'സർ റെഡി ആയി വരൂ.... ഞാൻ ഭക്ഷണം എടുത്തു വെക്കാം.....'
അയാൾ മുറിയുടെ വാതിലടച്ചു പുറത്തിറങ്ങി...
ഞാൻ ചുറ്റും നോക്കി... ഒരു ഡബിൾ കോട്ട് ബെഡ്,അലമാര ഒരു ടേബിൾ ചെയർ എന്നിവയാണ് അവിടെ ഉണ്ടായിരുന്നത്... മേശയുടെ മുകളിൽ ഫയൽ ഇരിപ്പുണ്ട്....ഞാൻ ജനാലയുടെ അടുത്തേക്ക് നടന്നു....പുറത്തേക്ക് നോക്കി
പരന്നു കിടക്കുന്ന തേയില ചെടികളിൽ അസ്തമയ സൂര്യന്റെ പ്രകാശം കാണാം.....    

ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അയാൾ എനിക്ക് ഭക്ഷണം റെഡി ആക്കി കാത്തിരുന്നു.... അങ്ങോട്ട് എന്തെങ്കിലും സംസാരിക്കുന്നതിന് മുന്നേ അയാൾ ഇങ്ങോട്ട് കയറി സംസാരിച്ചു
'സർ എനിക്ക് വീട്ടിൽ പോകണമായിരുന്നു... വീട്ടിൽ അവൾ തനിച്ചേ ഉള്ളു....
സാറിനു വേറെ എന്തെങ്കിലും ആവശ്യം.....'
'ഇല്ല ക്രിസ്റ്റി പൊക്കൊളു... സഹായങ്ങൾക്ക് നന്ദി..'
'ഞാൻ രാവിലെ വരാം സർ...'
മുറി വിട്ട് പോകുന്നതിന് മുന്നേ എനിക്ക് ഗുഡ് നൈറ്റ് പറയാൻ അയാൾ മറന്നില്ല....
നല്ല ഭക്ഷണം.... ഞാൻ കഴിച്ചു കഴിഞ്ഞു വാതിലടച് എന്റെ മുറിയിൽ കയറി കസേരയിൽ ഇരുന്നു..... കേസ് ഫയൽ കയ്യിലെടുത്തു ആദ്യത്തെ പേജ് തുറന്നു....

ക്രൈം നമ്പർ 23 / 2017.
ഏയ്ഞ്ചൽ
ഡേറ്റ് ഓഫ് ബർത്ത് 23-2-1994
വയസ്സ് 23.......
ഞാൻ ഫയലിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ നോക്കി...കാണാൻ സുന്ദരിയായിരുന്നു അവൾ....  
അങ്ങനെ പതിവ് രീതിയിൽ എല്ലാം വിശദികരിച്ചിരിക്കുന്നു....
നന്നായി എഴുതാൻ അറിയുന്ന ആരോ ഉണ്ടാക്കിയതാണ് മഹസർ.... !!
നല്ല കാവ്യാത്മകമായി എഴുതിയത് പോലെ....
ഞാൻ അടുത്ത പേജ് എടുത്തു.....

അപ്പോൾ ആരോ താഴെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.....
ഞാൻ സ്റ്റെപ് ഇറങ്ങി വാതിലിന്റെ അടുത്തേക്ക് നടന്നു....
തുടരും...
അക്ഷയ്..              

Saturday, 16 December 2017




ഒരേമുഖം
----------------
മഴ പെയ്തൊഴിഞ്ഞു.....നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്....
ഞാൻ ചെവിയിൽ ഇയർ ഫോൺ തിരുകി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പാട്ടും കേട്ട്  എപ്പോഴോ ഉറങ്ങി പോയി....
അലാറമടിച്ചുകൊണ്ടുപോയ ഒരു ഫയർ എൻജിൻ ആണ് എന്നെ ഉണർത്തിയത്.....
ബസിലെ കണ്ടക്ടർ പറയുണ്ടായിരുന്നു രാവിലെ പത്തനാപുരത്ത് ഉണ്ടായ ബസ് അപകടത്തെ പറ്റി.....

ചുറ്റും നോക്കിയപ്പോൾ എന്റെ സൈഡ് സീറ്റിൽ ഇരുന്ന ആന്റി ഏതോ അന്യഗ്രഹ ജീവിയെ കാണുന്നപോലെ എന്നെ നോക്കികൊണ്ടിരുന്നു....ഒപ്പം ഒരു ചോദ്യവും...
'മോൻ എങ്ങോട്ടാ ...'
'പട്ടാഴി...'
ഞാൻ മറുപടി പറഞ്ഞു....
'അവിടെ എങ്ങോട്ടാ...'
'അങ്ങനെ ചോദിച്ചാൽ അറിയില്ല... ഒരു വീട്ടിൽ പോകാനാണ്... അമ്പലത്തിന്റെ അടുത്താണ്...'
'സ്ഥലവും ഒന്നും അറിയാതെ ആണോ വരുന്നേ....ശരി,വീട്ടുപേര് അറിയുമോ..'
എന്തോ അവരുടെ സംസാരവും പെരുമാറ്റവും ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.... ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ ഞാൻ മറുപടി പറഞ്ഞു...
'ശ്രീ രാഗം...'
'ശ്രീ രാഗമോ....'
'അതെ എന്താ അറിയുമോ ?...'
'ഭാസ്കരൻ മാഷിന്റെ ആരാ മോൻ ?'
'ആരാണ് എന്ന് ചോദിച്ചാൽ.... മാഷിന്റെ മോൾ എന്റെ.... എന്റെ കൂട്ടുകാരിയാണ്........'
'ആഹാ ശ്രീ മോളുടെ കൂട്ടുകാരനാണോ.... ! എന്താ മോന്റെ പേര്...'
'ഗോകുൽ...'
അവർ പുറത്തേക്ക് നോക്കിയിട്ട് എന്നെ നോക്കിയിട്ട് പറഞ്ഞു....
'അപ്പൊ ശരി മോനെ എന്റെ സ്ഥലമായി.... 2 സ്റ്റോപ്പ് കഴിഞ്ഞാ മോൻ ഇറങ്ങേണ്ടത്... അവിടെ ഒരു രണ്ടുമുറി പീടികയുണ്ട്... അതിന്റെ ഇടത്തുകൂടി ഉള്ളിലിലേക്ക് ഒരു വഴിയുണ്ട്..നേരെ നടന്നാൽ മതി അവസാനത്തെ വീടാണ്...'

അവർ സീറ്റിൽ നിന്നും എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു...
ഞാൻ വിൻഡോയിലൂടെ സൈഡിലേക്ക് നോക്കി.... ഒരു വലിയ പള്ളിയും അതിന്റെ സെമിത്തേരിയുമാണ്....
ബസ് മുന്നോട്ട് നീങ്ങി തുടങ്ങി.. ഞാൻ ബസിൽ ഇരുന്നു അവരെ തിരിഞ്ഞുനോക്കി...
അവർ സെമിത്തേരിയിലേക്ക് നടന്നു പോയി... എന്റെ കാഴ്ചക്ക് അപ്പുറമായി കഴിഞ്ഞിരിക്കുന്നു..... അവർ പറഞ്ഞപോലെ രണ്ട് സ്റ്റോപ്പ് കഴിഞ്ഞു ബസ് ഇറങ്ങി ഞാൻ നടന്നു...മനസ്സ് നിറയെ അവളായിരുന്നു....
ശ്രീ ദേവി.... എന്റെ ശ്രീ കുട്ടി........

കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു അവൾ.... റാഗ് ചെയ്യാൻ വിളിച്ചപ്പോൾ കൂട്ടുകാരികൾക്കിടയിൽ നിന്ന് പരങ്ങുന്ന അവളെയാണ് ഞാൻ ആദ്യമായി കണ്ടത്...പിന്നീട് എപ്പോഴോ ഉള്ളിൽ കയറിക്കൂടി അവൾ.... അങ്ങനെ പല ദിശകളിൽ ചിന്തിച്ചുകൊണ്ടിരുന്ന ഞങ്ങൾ പിന്നീട് ഒരേ ദിശയിൽ ചിന്തിക്കാൻ തുടങ്ങി....
ആ കോളേജ് ഇടനാഴികളിൽ ഞങ്ങൾ പ്രണയിച്ചുനടന്നു..... 
ചെറുതെങ്കിലും അത്യാവശ്യം വായനക്കാരുള്ള ഒരു ഓൺലൈൻ എഴുത്തുകാരനായിരുന്നു ഞാൻ.....
എന്റെ കൂട്ടുകാരി ഗോപികക്ക് ഞാൻ കഥകളുടെ പ്രാകൃത രൂപം കൊടുക്കുമായിരുന്നു....അവളുടെ പ്രോത്സാഹനം കൊണ്ടാണ് ഞാൻ  ഫേസ്ബുക്കിൽ കഥകൾ എഴുതി ഇടാൻ തുടങ്ങിയത്.....
ഇപ്പോൾ എനിക്കുള്ള വളരെ കുറച്ചു കൂട്ടുകാരിൽ ഒരാളാണ് അവൾ....
അവൾ ഇപ്പൊ ഒരു കമ്പനിയിൽ റീസെർച് അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്നു.....
ഇന്ന്  ശ്രീയുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞതും അവൾ തന്നെ.......    
5 വർഷത്തോളം നീണ്ട പ്രണയം.. അതിന്റെ വിരാമം... 
ഞാൻ നടന്ന് അവളുടെ വീടിന്റെ മുന്നിൽ എത്തി....
ആ വീട് നന്നായി അലങ്കരിച്ചിരുന്നു......
നാളെ അവളുടെ കല്യാണമാണ്.............

ഇവിടെ അധികനേരം നിൽക്കണ്ട എന്ന ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു....
അവളുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല....
കൂട്ടുകാരുടെ കൂടെ തമാശയും പറഞ്ഞിരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.... വീടിന്റെ ഉള്ളിൽ എല്ലാവരും കല്യാണ തിരക്കിലാണ്......
അവളോട് പറയാൻ എന്തക്കെയോ മനസ്സിൽ കരുതിയിരുന്നു....
പക്ഷെ അവളെ കണ്ട് സംസാരിക്കാൻ എന്തോ എനിക്ക് തോന്നിയില്ല അല്ലെങ്കിൽ എനിക്കതിന് കഴിഞ്ഞതുമില്ല....
അവൾ എന്നെ കണ്ടതുമില്ല...ഞാൻ അവിടെനിന്നും തിരിച്ചിറങ്ങി നടന്നു....

5 വർഷം നീണ്ട ദിവ്യ പ്രണയം....
ഒരു 6 അക്ക ശമ്പളക്കാരനെയോ ഒരു ഗവണ്മെന്റ് ജോലിക്കാരനെയോ കാണുന്നത് വരെ മാത്രമേ അതിന് ആയിസൊള്ളു എന്ന് എനിക്കുതോന്നി.... 
ഞാൻ ഗേറ്റ് കടന്ന് മുന്നോട്ട് നടന്നു.... ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി നടന്നു......
ഉള്ളിൽ ഒരായിരം സൂചികൾ കുത്തി ഇറക്കുന്ന പോലെ.....
അവളിൽ വന്ന മാറ്റം എന്നെ അമ്പരപ്പിച്ചു......
തിരിച്ചുനടക്കുമ്പോഴും എന്റെ ഉള്ളുനിറയെ അവൾ തന്നെയായിരുന്നു......
ഇനി ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല എന്ന അറിഞ്ഞിട്ടും എന്തോ അവളെ എനിക്ക് ഒരുപാടിഷ്ടമാണ്......
തിരികെ ഞാൻ വീട്ടിലേക്ക് പോയി....  

വീട്ടിൽ എത്തിയിട്ട് ഞാൻ ആരെയും നോക്കിയില്ല.....
എന്റെ മുറിയിൽ പോയി കിടന്നു...നല്ല ക്ഷീണമുണ്ട്........
ആരുടെയൊക്കെയോ നിലവിളികളാണ് എന്നെ ഉറക്കമുണർത്തിയത്....
ഉള്ളിൽ അല്പം പരിഭ്രമത്തോടെ ഞാൻ സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു....
വീടിന്റെ മുറ്റത്ത് ഒരു ആംബുലൻസ് കിടപ്പുണ്ട്..... ആരൊക്കെയോ ചേർന്ന് ഒരു ഡെഡ് ബോഡി വീടിന്റെ ഉള്ളിലേക്ക് കൊണ്ടുവരുന്നു....
കൂടി നിന്നവർ ആരോ പറയുന്നുണ്ടായിരുന്നു...
'രാവിലെ ഉണ്ടായ ആക്സിഡന്റ്...ഹോ കണ്ടുനിൽക്കാൻ വയ്യായിരുന്നു.. ഇത്രേ ഒക്കെ ഉള്ളു മനുഷ്യന്റെ കാര്യം....'  
വീടിന്റെ ഉള്ളിലേക്ക് കൊണ്ടുപോയ ഡെഡ് ബോഡിയുടെ മുഖത്തേക്ക് ഞാൻ നോക്കി...... ആ മുഖം കണ്ട് ഞാൻ ഞെട്ടി പിന്നിലേക്ക് മാറി.....

അത് എന്റെ തന്നെ മുഖമായിരുന്നു............
 അക്ഷയ്.

Sunday, 10 December 2017

ജാനകി Part 3




ജാനകി-3
--------------
രാഘവൻ....
അയാൾ കൈകൊണ്ട് എന്റെ ശരീരം വരിഞ്ഞു മുറുക്കി...എന്റെ ശരീരം വിറക്കാൻ തുടങ്ങി...... കാലുകളിൽ വീണ്ടും മരവിപ്പ്....
കാലുകളിൽ എന്തോ ഇഴഞ്ഞു കയറുന്ന പോലെ ഒരു തോന്നൽ....
ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി....
ഇരയെ കയ്യിലാക്കിയ വേട്ടക്കാരന്റെ  ഭാവമായിരുന്നു അയാൾക്ക്.....
അയാളുടെ നെഞ്ചിലേക്ക് എന്നെ അടുപ്പിച്ചു....

എനിക്ക് അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കാം....
അയാൾ ചുറ്റും നോക്കുണ്ടായിരുന്നു....ഇരുട്ടിൽ ആരോ പതുങ്ങുന്ന പോലെ...
അയാളുടെ രോമങ്ങൾക്ക് വിയർപ്പിന്റെ നാറ്റമായിരുന്നു....
രൂക്ഷമായ ബീഡിയുടെ ഗന്ധമുണ്ട് അയാളുടെ ശ്വാസത്തിന്...
എന്റെ ചുണ്ടിലേക്ക് അയാൾ ബീഡി കറ പുരണ്ട ചുണ്ട് ചേർത്തു...
വെറ്റില മുറുക്കി ആ ചുണ്ടുകൾ വല്ലാതെ ചുവപ്പായിരുന്നു....
അയാൾ എന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു....
അയാളുടെ ബലിഷ്ഠമായ കൈകൾ എന്റെ ശരീരത്തിലൂടെ ഓടി....
എന്റെ കൈ കൊണ്ട് ഞാൻ അയാളെ തടയാൻ ശ്രെമിച്ചിരുന്നു.

നഖം കൊണ്ട് അയാളുടെ ശരീരം എവിടെയൊക്കെയോ മുറിഞ്ഞു.....
പെട്ടന്ന് അയാൾ പിടി വിട്ടു......

എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് നാഗത്തറയിലേക്ക് അയാൾ വീണു...
അയാളുടെ വായയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു...
ഞാൻ പിന്നിലേക്ക് മാറി...... ചുറ്റും തണുത്ത കാറ്റ് വീശിതുടങ്ങി....
താഴെ വീണ മൊബൈൽ ഫോൺ ഞാൻ തിരഞ്ഞു.....
താഴെ ഒരിലയുടെ മുകളിൽ കുറെ മഞ്ചാടി കുരുവിന്റെ കൂടെ എന്റെ ഫോൺ കിടക്കുന്നത് ഞാൻ കണ്ടു....ഫോൺ കയ്യിൽ എടുത്ത്
കാവിന്റെ അടുത്തുള്ള ആമ്പൽ കുളത്തിലേക്ക് ഞാൻ നടന്നു....
അയാളുടെ ബീഡിയുടെ ഗന്ധം എന്റെ ശരീരം വിട്ടു പോയില്ല.....
ആമ്പൽ കുളത്തിൽ ഞാൻ ഒന്ന് മുങ്ങി കുളിച്ചു.... മനസ്സും ശരീരവും തണുത്തു.....എന്തൊക്കെയോ മാറ്റം സംഭവിച്ച പോലെ ഒരു തോന്നൽ... ..
പിന്നീട് ഞാൻ കാവിലേക്ക് നോക്കിയില്ല....

പക്ഷെ അവിടെ കാവിൽ ഒരു അട്ടഹാസം ഞാൻ കേട്ടിരുന്നു....
തറവാടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ തിരിഞ്ഞു വയലിലേക്ക് നോക്കി.... അവിടെ ആ ഏറുമാടത്തിലെ മണ്ണെണ്ണ വിളക്ക് കാണാതെയായിരിക്കുന്നു....
വീശുന്ന കാറ്റിന് ഇപ്പോഴും നല്ല തണുപ്പാണ്.....
മുറിയിൽ പോയി കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്നു....
ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു...എന്റെ ചുണ്ടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു..... ഞാൻ കട്ടിലിൽ പോയികിടന്നു....
പക്ഷെ ഉറക്കം വന്നില്ല... എന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല......
പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി....
കട്ടിലിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു...

രാവിലെ കല്യാണി അമ്മയുടെ വിളയാണ് എന്നെ ഉണർത്തിയത്...
ഇപ്പൊ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു കുളിമയുണ്ട്....
ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു....
'മോളെ അച്ചു നമ്മടെ രാഘവൻ സർപ്പക്കാവിൽ മരിച്ചു കിടക്കുന്നു.....
വിഷം തീണ്ടിയിട്ടുണ്ട്...... അവൻ അങ്ങനെ തന്നെ വേണം നാശം പിടിച്ചവൻ... പാവം കെട്ടിയോളേം പിള്ളേരെയും അവൻ തല്ലി കൊന്നിട്ടിരിക്കുവാ... ദുഷ്ടൻ..'
കല്യാണിയമ്മയുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു രാഘവൻ എന്തായിരുന്നു എന്ന്....ഉള്ളിൽ അല്പം പേടിയുള്ള ഭാവത്തിൽ ഞാൻ കല്യാണിയമ്മയോട് മുത്തശ്ശി എവിടെയാണെന്ന് തിരക്കി....
'മുത്തശ്ശി പുറത്തുണ്ട്....മോൾ ഉമ്മറത്തേക്ക് വാ ചായ തരാം'

ഞാൻ വീടിന്റെ വരാന്തയിലേക്ക് ചെന്നു.... പുറത്ത് ആളുകൂടിയിട്ടുണ്ട്... മുത്തശ്ശി അവിടെ ആരോടൊക്കെയോ സംസാരിച്ചുകഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു..ഞാൻ മുത്തശ്ശിയോട് ചോദിച്ചു
'ആരാ മുത്തശ്ശി അയാൾ... എന്ത് പറ്റിയതാ....'

'രാഘവൻ....ശങ്കരൻ കാരണവരുടെ കാര്യസ്ഥൻ നാരായണന്റെ മകൻ... ശങ്കരൻ കാരണവർ മരിച്ചതോടെ തറവാടിന്റെ മേൽനോട്ടം നാരായന്റെ കയ്യിലായി.... പക്ഷെ അയാൾക്ക് ജാനകി ഒരു തടസ്സമായിരുന്നു...
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷമാണ് ജാനകിയുടെ മൃതശരീരം സർപ്പക്കാവിൽ കണ്ടത്.... ഇപ്പൊ രാഘവനും മരിച്ചു....നാട്ടുകാർക്കും വീട്ടുകാർക്കും ഒരു ഗുണവുമില്ലാത്തവൻ....ഈ മുന്നിൽ കാണുന്ന പാടമെല്ലാം രാഘവന്റെ ആണ്.....'      
കല്യാണി അമ്മ എനിക്ക് ചായ കൊണ്ടുതന്നിട്ട് പറഞ്ഞു
'രാഘവന്റെ കഴുത്തിൽ നഖത്തിന്റെ പാടുണ്ടത്രെ...'
ഞാൻ സർപ്പകാവിലേക്ക് നോക്കികൊണ്ട് ചായ ചുണ്ടോട് ചേർത്തു...
ആ ബീഡി കറയുടെ മണം വിട്ടുപോയിട്ടില്ല....പൊട്ടിയ ചുണ്ടിൽ ചൂട് ചായ ചേർത്തപ്പോൾ വല്ലാത്ത ഒരു നീറ്റലാണ്....

ഞാൻ വീണ്ടും സർപ്പക്കാവിലേക്ക് നോക്കി അവിടെ കയ്യിൽ നിറയെ മഞ്ചാടി കുരുവുമായി ജാനകി എന്നെ നോക്കി ചിരിച്ചുകൊണ്ട് കാവിന്റെ ഉള്ളിലേക്ക് നടന്നു.....

ആരും ഒന്നുമറിഞ്ഞില്ല ... അറിയുകയുമില്ല...
ജാനകി.....
അവസാനിച്ചു..
അക്ഷയ്.  

Friday, 8 December 2017

ജാനകി Part 2


ജാനകി - 2
---------------
മുത്തശ്ശി........
ഞാൻ ആ രൂപത്തെ വീണ്ടും സൂക്ഷിച്ചു നോക്കി....
എന്റെ ശരീരം ആകെ തണുത്തു.....
ഇപ്പോഴും കാലുകളിൽ ആ മരവിപ്പുണ്ട്...
തൊണ്ട വല്ലാതെ വറ്റി വരണ്ടിരിക്കുന്നു....
ചുറ്റും ഇരുട്ടാണ്....
'എന്താ കുട്ടിയെ പേടിയായോ...'
അശരീരി പോലെ ആ ശബ്ദം മുഴങ്ങി....

ആ രൂപം പക്ഷെ നിശബ്ദമായിരുന്നു.....
ഞാൻ ആ രൂപത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു.....
വല്ലാത്തൊരു വശ്യമായ ചിരിയുണ്ടായിരുന്നു ആ മുഖത്ത്....
ഇരുട്ടിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ട് ഒപ്പം ആരോടൊക്കെയോ ഉള്ള വെറുപ്പും പകയും എല്ലാം പ്രകടമായിരുന്നു ആ കണ്ണുകളിൽ...പുറത്ത് ഇപ്പോഴും കാറ്റ് വീശുന്നുണ്ട്....

'എന്തിനാ മോളെ അച്ചു നീ പേടിച്ചു നിൽക്കുന്നെ ഇത് ഞാനല്ലേ...'
എന്റെ ഹൃദമിപ്പിന്റെ വേഗത കൂടി കൂടി വന്നു....
ആരോ എന്നെ വലിഞ്ഞുമുറുക്കുന്നത് പോലെ...
ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി....
'മോൾക്ക് അറിയുമോ ഈ അമാവാസിയുടെ പ്രേത്യേകത....
ഇന്നാണ് ജാനകി മരിച്ചത്.... അല്ല കൊല്ലപ്പെട്ടത്.....
മോൾ കണ്ടില്ലേ ജാനകിയെ.....അവിടെ സർപ്പക്കാവിൽ..'

ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്തു സംസാരിച്ചുതുടങ്ങി..
'നിങ്ങൾ...നിങ്ങൾ ആരാ എന്തിനാ ഇവിടെ വന്നത്......'

'ഞാൻ പറഞ്ഞില്ലേ അത്...എനിക്ക് വേണ്ടത് നിന്നെയാണ് ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യകയെ... ഒരേഒരു കന്യകയെ ...'
വീണ്ടും നിശബ്ദത...
തുറന്ന് കിടന്ന ജനാലയിലൂടെ തണുപ്പ് മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു ...അന്തരീക്ഷം വല്ലാതെ തണുത്തു
ചുറ്റും നിശബ്ദത മാത്രം.. ചീവീടുകളുടെ മർമ്മരം ഇപ്പോൾ കേൾക്കാനില്ല....
എന്റെ ശരീരം ഒന്ന് വിറച്ചു...ഞാൻ വീണ്ടും അവിടെ നിന്നും അനങ്ങാൻ ശ്രമിച്ചു പക്ഷെ നിരാശയായിരുന്നു ഫലം....
മുറിക്കുള്ളിൽ ഞാൻ ശ്വാസമെടുക്കുന്നതിന്റെ ശബ്ദം മാത്രം....
മരവിപ്പ് മാറിതുടങ്ങിയിരിക്കുന്നു...

പെട്ടന്ന് ആ രൂപം എന്റെ മുഖത്തിന്റെ അടുത്തേക്ക് വന്നു....
ഒന്നേ നോക്കിയുള്ളൂ....
ഞാൻ പിന്നിലേക്ക് മാറി... എന്റെ ബോധം പോയി.....
ഞാൻ ഞെട്ടി ഉണർന്നു.....


കണ്ണുകൾ വീണ്ടും വീണ്ടും അടഞ്ഞു പോകാൻ തുടങ്ങുന്നു... കൺപോളകൾക്ക് വല്ലാത്തൊരു ഭാരം പോലെ.....
ഞാൻ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രേമിച്ചു.....
അപ്പോഴേക്കും കറന്റ് വന്നിരുന്നു...
ഞാൻ ചുറ്റും നോക്കി.. ഇല്ല മുറിയിൽ ആരുമില്ല...
എല്ലാം എല്ലാം ഒരു സ്വപ്നം പോലെ....
ഇനി എല്ലാം എന്റെ തോന്നൽ ആകുമോ....
എന്തോ ഇപ്പോൾ വല്ലാത്തൊരു ഉന്മേഷവും ധൈര്യവും....
ഞാൻ ഫോൺ എടുത്ത് കുത്തിയിട്ടു....
ഫോൺ ചാർജ് അകാൻ കുറച്ചു സമയം കാത്തിരുന്നു....ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞു....

സമയം 2 മണിയോട് അടുത്തിരുന്നു...
എന്നെ ആരോ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത് പോലെ.....
എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ....
ഞാൻ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി...
ഉള്ളിൽ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു....മുത്തശ്ശി നല്ല ഉറക്കമാണെന്ന് തോന്നുന്നു... മുറി ഉള്ളിൽ കുറ്റി ഇട്ടിരിക്കുകയാണ്....
ഞാൻ തറവാടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു....
പഴയ മണിച്ചിത്രതാഴിട്ട് പൂട്ടിയ വാതിൽ തുറന്ന് ഞാൻ പുറത്ത് എത്തി....
ചുറ്റും നല്ല ഇരുട്ടാണ്. എവിടെ നിന്നോ തണുത്ത കാറ്റ് വീശുന്നു... ഞാൻ മൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കി...
പാടത്ത് ഏറുമാടം കാണാം അതിൽ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്....
ഞാൻ തറവാടിന്റെ സൈഡിലുള്ള സർപ്പകാവിലേക്ക് നടന്നു....
ഇടക്ക് ഇടക്ക് ഞാൻ തിരിഞ്ഞു നോക്കുണ്ടായിരുന്നു ...

പിന്നിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ ഉണ്ടേ.... ആരോ ശ്വാസം എടുക്കുന്നത് എനിക്ക് കേൾക്കാം... പക്ഷെ ആരെയും കാണുന്നില്ല.... എന്തായാലും ഉള്ള ധൈര്യം വെച്ച ഞാൻ കാവിൽ കയറി...കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന വഴി...രണ്ട് സൈഡിലും കുറെ മരങ്ങളുണ്ട്....
ആ പൂവിന്റെ ഗന്ധം പലപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു... കാവിലേക്കുള്ള വഴിയിൽ നിറയെ മഞ്ചാടി കുരുവാണ്‌..... കാവിന്റെ ഒരു സൈഡിലാണ് ആമ്പൽ കുളം....
ഞാൻ നാഗത്തറയുടെ അടുത്തേക്ക് നടന്നു....
അവിടെ വിളക്കിൽ തിരി കേട്ടിരുന്നു...
കുറച്ചു എണ്ണ ഒഴിച്ച് ഞാൻ അതിൽ തിരിയിട്ടു...തീ പെട്ടി കയ്യിലെടുത്ത് ഞാൻ ഉരച്ചു...
ആദ്യം കത്തിയെങ്കിലും അത് കേട്ട് പോയി....
എന്റെ പിന്നിൽ ആരോ ഉണ്ട്....
കാൽപെരുമാറ്റവും ഇലയനക്കവും എനിക്ക് കേൾക്കാം.....
ഞാൻ മരവിച്ച ഒരു അവസ്ഥയിലായി...
ഒന്ന് കൂടെ തീപ്പെട്ടി ഉരച്ചു വിളക്ക് കത്തിച്ചു....
കാവിൽ ആകെ ഒരു മണ്ണെണ്ണയുടെ മണം.... മൊബൈൽ ഫ്ലാഷ് കൊണ്ട് ഞാൻ ചുറ്റും നോക്കി .....

ഇരുട്ടിൽ നിന്നും ഒരാൾ എന്റെ മുകളിലേക്ക് ചാടി വീണു.... എന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു... അയാൾ കൈകൊണ്ട് എന്നെ വരിഞ്ഞു മുറുക്കി...ഞാൻ ആ മുഖത്തേക്ക് നോക്കി...
രാഘവൻ...
തുടരും...
അക്ഷയ്.

Wednesday, 6 December 2017

ജാനകി Part 1



ജാനകി
-----------
'കുട്ടിക്ക് പേടിയാച്ചാ എന്റെ മുറില് വന്നു കിടന്നോട്ടെ'....
മുത്തശ്ശി എന്നോട് പറഞ്ഞു.... അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ പറഞ്ഞു...
'വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം'....
മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്...
ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട്‌ തറവാടിനെയും സർപ്പകാവിനെയും ചുറ്റി പറ്റിയുള്ള കഥകൾ.....
മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്....
സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല..
സർപ്പക്കാവിൽ തിരി വെക്കാൻ കന്യകമാരായിട്ടുള്ള സ്ത്രീകളെ സമ്മതിക്കില്ല... എല്ലാം മുത്തശ്ശി ഒറ്റക്കാണ് ചെയ്യുന്നത്....
 
അച്ഛനോട് വഴക്കിട്ടാണ് ഇത്തവണ അവധിക്ക് മുത്തശിയുടെ കൂടെ തങ്ങാൻ അനുവാദം മേടിച്ചത്. അച്ഛന് പിന്നെ ഇതിൽ ഒന്നും തീരെ വിശ്വാസമില്ല..... മുത്തശ്ശിയും സഹായത്തിന് ഒരാളും കൂടിയുണ്ട് ഇവിടെ .ഇന്ന് ഞാൻ വന്നതുകൊണ്ട് അവർ വൈകിട്ട് പോയി..
പാലക്കാടിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ തിരുന്നെല്ലി ഗ്രാമത്തിന്റെ കോണിലാണ് തറവാട്.... മുന്നിൽ കണ്ണെത്താത്ത ദൂരത്ത് പരന്നു  കിടക്കുന്ന പാടം...
പിന്നെ എപ്പോഴും മഞ്ചാടി പൂക്കുന്ന കാടും... നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളും.. പിന്നെ അടിത്തട്ട് വരെ കാണാൻ പറ്റുന്ന 2 ആൾ പൊക്കമുള്ള ആമ്പൽ കുളവും.....
ആ കുളത്തിനോട് ചേർന്നാണ് സർപ്പകാവുള്ളത്... ഇവുടുത്തുകാർക്ക് വലിയ വിശ്വാസമാണ് നാഗ ദൈവങ്ങളെ...
മുടങ്ങാതെ 10 തവണ നാഗദൈവങ്ങൾക്ക് നൂറും പാലും നടത്തിയാൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന എല്ലാ ആഗ്രഹങ്ങളും അവർ നടത്തിത്തരും എന്ന ഇവരുടെ വിശ്വാസം...
എല്ലാം മുത്തശ്ശി പറഞ്ഞുള്ള കേട്ടറിവാണ്....
ഞാൻ മുറിയെല്ലാം ഒന്ന് നോക്കി...ജനാല ഒന്നും അടച്ചിട്ടില്ല...
ഞാൻ പതിയെ ഉള്ളിൽ അല്പം ഭയത്തോടെ ആ ജനാലയുടെ അരികിലേക്ക് നടന്നു..

അവിടെ നിന്നും ഞാൻ പുറത്തേക്ക് നോക്കി ...
ഇരുട്ടിൽ നാഗ തറയിൽ കത്തിച്ചു വെച്ച തിരി ഇപ്പോഴും കാണാം....
അങ്ങ് ദൂരെ പാടത്ത് ഏറുമാടം കെട്ടി ഇരിക്കുന്നവരെ കാണാം..
ചില ദിവസങ്ങളിൽ ഏതൊക്കെയോ ജീവികൾ വന്ന് കൃഷി എല്ലാം നശിപ്പിക്കാറുണ്ട് എന്ന് മുത്തശ്ശി പറയും...ഞാൻ ഒന്നുകൂടെ ജനാലയോട് അടുത്തു.....
നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തിലേക്ക് അടിച്ചു...
ശരീരം വല്ലാതെ തണുത്തു... ഉള്ളിൽ ഒരു കുളിർമ തോന്നി....
സർപ്പക്കാവിൽ പൂത്തുനിൽക്കുന്ന പേരറിയാത്ത ഏതോ മരത്തിലെ പൂക്കളുടെ രൂക്ഷമായ ഗന്ധമുണ്ടായിരുന്നു ആ കാറ്റിന്....
അധികനേരം നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ജനാല വലിച്ചടച്ചു കുറ്റിയിട്ടു....

മുത്തശ്ശി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു...
'മോളെ അച്ചു ഇന്ന് അമാവാസിയാ,നാമം ജപിച്ചു കൊണ്ട് കിടക്കണോട്ടോ...മെഴുകുതിരി ആ മേശെന്മേൽ ഉണ്ടേ രാത്രി കറണ്ട് പോകാറുണ്ട് മിക്കവാറും'
എന്നും പറഞ്ഞു രാമ നാമം ജപിച്ചുങ്കൊണ്ട് മുത്തശ്ശി പോയി.. ഞാൻ വാതിലടച്ചു... കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു...
വാട്ട്സ് ആപ്പിൽ ആരോ മെസ്സേജ് അയച്ചു  നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.... ഞാൻ കട്ടിലിൽ കിടന്ന ഫോൺ കയ്യിലെടുത്തു...
അനുഷയാണ്.. എന്റെ കൂട്ടുകാരി....രാത്രിയിൽ കത്തി വെക്കാൻ ഒരു കൂട്ടായല്ലോ എന്ന് ഓർത്തു ഞാൻ അവളോട് കാര്യം പറഞ്ഞിരുന്നു... ഫോണിന്റെ ചാർജ് കുറഞ്ഞു... ഞാൻ ചാർജർ കണക്ട് ചെയ്തപ്പോഴേക്കും കറണ്ട് പോയി....അപ്പോഴേക്കും സമയം ഏതാണ്ട് 11യോട് അടുത്തിരുന്നു...
ചുറ്റും നല്ല ഇരുട്ട്... നിശബ്ദതയിൽ ചീവീടുകളുടെ ഒച്ചപ്പാട് മാത്രം കേൾക്കാം.. മെഴുകുതിരി വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് ഞാൻ നടന്നു.
മെഴുകുതിരി കത്തിച്ചു വെച്ചു.. മുറിയിൽ ആകെ ഒരു അരണ്ട വെളിച്ചം പടർന്നു...

ഇന്നത്തെ യാത്ര കൊണ്ടാകാം വല്ലാത്ത ക്ഷീണം തോന്നുന്നു...ഫോൺ എടുത്ത് തലയിണയുടെ അടിയിൽ വെച്ച് മെഴുകുതിരി അണച്ച് ഞാൻ കിടന്നു...
കണ്ണിൽ ഉറക്കം വരുന്നതിനു മുന്നേ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... അത് വാരിക്കോട്‌  തറവാടിനെയും ആ സർപ്പകാവിനെയും ചുറ്റി പറ്റി തന്നെ...
പണ്ട് കുഞ്ഞിലേ മുത്തശ്ശി പറഞ്ഞു തന്ന ആ കഥ വീണ്ടും എന്റെ ഓർമകളിൽ നിറഞ്ഞു....
പണ്ട് ഏതാണ്ട് 60 വർഷം മുന്നേ നടന്ന ഒരു സംഭവമാണത്രെ....
വാരിക്കോട്‌ തറവാടും പാടവും,കാവും എല്ലാം ശങ്കരൻ കാരണവർ എന്ന ഒരു ജന്മിയുടെ കയ്യിലായിരുന്നത്രെ...അയാൾക്ക് സുന്ദരിയായ ഒരു മോളുണ്ടായിരുന്നു ജാനകി... അന്ന് ഏതാണ്ട് 18-20 വയസ്സ് പ്രായമായിരുന്നു ജാനകിക്ക്... കാണാൻ നല്ല സുന്ദരി ആയിരുന്നു.. എല്ലാവരും നോക്കി നിൽക്കുമായിരുന്നു....ജാനകി ജനിച്ച ഉടനെ അമ്മ മരിച്ചു...പിന്നീട് ജാനകിയുടെ അച്ഛമ്മയായിരുന്ന അവളെ വളർത്തിയത്... 

ശങ്കരൻ കാരണവർക്ക്  ഒരുപാട് അടിമകൾ ഉണ്ടായിരുന്നു.... ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു രാമൻ.. അയാൾക്ക് ഒരു മകനുണ്ടായിരുന്നു കൃഷ്ണൻ..സുന്ദരനും സുമുഖനായ ചെറുപ്പക്കാരനായിരുന്നു അയാൾ...
കുഞ്ഞായിരുന്നപ്പോൾ ആമ്പൽ കുളത്തിൽ കാലുവഴുതി വീണ ജാനകിയെ കൃഷ്ണനാണ് രക്ഷിച്ചത് അതുകൊണ്ട് ജാനകിക്ക് അയാളെ വലിയ കാര്യവുമായിരുന്നു...     
അങ്ങനെ എപ്പോഴോ അവർ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി....
ഒരു ദിവസം കൃഷ്ണനും ജാനകിയും സർപ്പക്കാവിന്റെ ഉള്ളിൽ പരസ്പരം വാരിപുണാരാൻ തുടങ്ങി...
അവർ പരിസരം മറന്നു പരസ്പരം ശരീരം പങ്കിടാൻ തുടങ്ങിയപ്പോൾ ജാനകിയുടെ അച്ഛമ്മ അതുവഴി വന്നു...
അവർ കയ്യോടെ പിടിക്ക പെട്ടു...

ശങ്കരൻ കാരണവർക്ക് കൃഷ്ണനോടും കുടുംബത്തോടും തീർത്താൽ തീരാത്ത പകയായി...
അയാൾ കൃഷ്ണനെ മഞ്ചാടി കാട്ടിലെ മരത്തിൽ കൊന്ന് കെട്ടി തൂക്കി...കൃഷ്‌ണന്റെ കുടുംബത്തെ നാടുകടത്താൻ തുടങ്ങി അവരുടെ കുടിലിന് തീ വെച്ച നശിപ്പിച്ചു... അന്ന് രാമൻ ഒരുപാട് പ്രാകിയിരുന്ന് അത്ര ഈ കുടുംബത്തെ.........
ജാനകി പിന്നീട് വീടിന് പുറത്തിറങ്ങിയില്ല...
ഒരു ദിവസം അവളുടെ മുത്തശ്ശി മരിച്ചു....
അവരുടെ മടിയിൽ കിടക്കുകയായിരുന്നു ജാനകി...
അവരുടെ ശരീരത്തിൽ നഖത്തിന്റെ പാടുകൾ കണ്ടിരുന്നു.....
കുറെ മാസങ്ങൾക്ക് ശേഷം ശങ്കരൻ കാരണവരും മരണപെട്ടു...
ദൂരൂഹ സാഹചര്യത്തിൽ....വിഷം തീണ്ടിയിരുന്നു ... 
അയാളുടെ കഴുത്തിലും നഖത്തിന്റെ പാടുകൾ ഉണ്ടായിരുന്നു...

പിന്നീട് ജാനകിയേയും സർപ്പകാവിനെയും ചേർത്ത് കഥകൾ ആ നാട്ടിൽ പരന്നു..പുറത്തുനിന്നുള്ളവർ അങ്ങനെ ആ തറവാട്ടിൽ വരാതെയായി
അവൾ ആ വീട്ടിൽ ഒറ്റക്കായി തുടങ്ങി...
ഒരു ദിവസം കുളത്തിൽ കുളിക്കാൻ പോയ സ്ത്രീകളിൽ ആരോ കണ്ടു കാവിന്റെ ഉള്ളിൽ നാഗത്തറയോട് ചേർന്ന് ജാനകിയുടെ മൃതശരീരം...
എന്നുമാണ് കഥകൾ........
അന്ന് തൊട്ടു സന്ധ്യക്ക് വിളക്ക് വെക്കാൻ അവിടെ കന്യകമാരായ സ്ത്രീകളെ അനുവദിച്ചിരുന്നില്ല...പ്രണയിച്ച പുരുഷനുമായി ബന്ധപ്പെടുന്നത് തടസ്സപ്പെട്ടതുകൊണ്ട്... പരപുരഷബന്ധത്തിൽ ഏർപ്പെടാത്ത കന്യകമാരായ സ്ത്രീകളുടെ ശരീരത്തിൽ ആത്മാവ് കേറുമത്രേ...
അങ്ങനെ മുത്തശ്ശി പറഞ്ഞ കഥകളെ ഓർത്ത് എപ്പോഴോ ഞാൻ ഉറങ്ങിപോയിരുന്നു....
രാത്രിയിൽ എന്തോ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു....
മൊബൈൽ എടുത്ത് സമയം നോക്കി 1:30 കഴിഞ്ഞിരിക്കുന്നു...കറണ്ട് ഇനിയും വന്നില്ല... ഫോണിൽ 1 ശതമാനം ചാർജ് മാത്രം.പെട്ടന്ന് തന്നെ ഫോൺ ഓഫായി...
ഞാൻ ആ സ്വപ്നം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു ...
അത് സർപ്പക്കാവിൽ നാഗത്തറുടെ അടുത്ത് പൂത്ത് നിൽക്കുന്ന ഒരു മഞ്ചാടി മരമായിരുന്നു......

ഞാൻ ഒന്ന് ഞെട്ടി...
പതിയെ എഴുന്നേറ്റ് മെഴുകുതിരി കത്തിച്ചു ചുറ്റും നോക്കി...മെഴുകുതിരിയുമായി പതിയെ ജനാലയുടെ അടുത്തേക്ക് നടന്നു... ഉള്ളിൽ ഉള്ള ധൈര്യം വെച്ച ഞാൻ ജനാല തുറന്നു സർപ്പക്കാവിലേക്ക് നോക്കി........

അവിടെ.... അവിടെ ജാനകിയും കൃഷ്ണനും.............

ഞാൻ പേടിച്ചു പിന്നിലേക്ക് മാറി...ഒച്ച വെക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല...  കാറ്റിൽ ജനാല തനിയെ അടഞ്ഞു..
ആരോ പിന്നിൽ ഉള്ളപോലെ തോന്നി,ഞാൻ തിരിഞ്ഞു നോക്കി....

'കഴിഞ്ഞ 60 വർഷമായി ഞാൻ കാത്തിരിക്കുന്നു നിനക്കായി...
നിന്റെ വരവിനായി.. ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യക..... ഒരേഒരു കന്യക.....'

ഞാൻ പേടികൊണ്ട് വിറച്ചു.. കയ്യും കാലും എല്ലാം മരവിച്ചു...തൊണ്ടയിലെ വെള്ളം വറ്റി... എനിക്ക് അനങ്ങാൻ കഴിയുന്നില്ല....
ഞാൻ ആ മുഖത്തേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.....
മുത്തശ്ശി..........
അക്ഷയ്.


      

Friday, 1 December 2017

ഹൗസ് വൈഫ് (വീട്ടമ്മ)




ഹൗസ് വൈഫ്  (വീട്ടമ്മ)
----------------------------- 
ഇന്ന് ഞങ്ങളുടെ വിവാഹവാർഷിമായിരുന്നു.... 

ആരും ഓർത്തില്ല , ഏട്ടനും മറന്നു..
കുറച്ചു നാളായിട്ട് ഏട്ടൻ അങ്ങനെയാണ്, വല്ലാതെ മാറിപോയിരിക്കുന്നു... 

മോൾ പ്ലസ് ടുവിലാണ്.. 
വലിയ പെണ്ണായി... 
അവളുടെ കാര്യമോർക്കുമ്പോൾ എപ്പോഴും ഉള്ളിൽ തീയാണ്... ഇപ്പോഴത്തെ പിള്ളേർ അല്ലെ.. എന്താ എപ്പോഴാ തോന്നുന്നത് എന്ന് പറയാൻ പറ്റില്ല.. പോരാത്തതിന് ഒരു ഫോൺ കൂടി വാങ്ങി കൊടുത്തിട്ട് ഉണ്ട് സകല സമയവും അതിൽ തന്നെയാ...സ്കൂളിൽ നിന്നും വന്നാൽ യൂണിഫോം പോലും മാറാതെ ഫോൺ കുത്തികൊണ്ടിരിക്കും....
എന്തെങ്കിലും പറയാൻ ചെന്നാൽ പറയും അമ്മ ഒട്ടും മോഡേൺ അല്ല.. അമ്മക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല എന്നൊക്കെ..... 

ഇളയ മോൻ പത്താം ക്ലാസ്സിൽ ആണ് അവനും ഒന്നും പറഞ്ഞാൽ അനുസരിക്കില്ല ഇപ്പൊ... 

അവൻ എന്നും വൈകിട്ട് താമസിച്ചേ വീട്ടിൽ വരൂ.. കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കും.. ഈ കൊല്ലം എസ് എസ് എൽ സി എഴുതേണ്ട ചെറുക്കനാ അതിന്റെ ഒരു ബോധവുമില്ല.. ഒരു വഹ ഒട്ടും പടിക്കത്തുമില്ല... 

ഇപ്പൊ എന്റെ മുടികൊഴിച്ചില് വല്ലാതെ കൂടിയിരിക്കുന്നു.. ഉള്ളത് ഒക്കെ നരച്ചു തുടങ്ങി..... കണ്ണിന്റെ താഴെ എല്ലാം കറുത്തു.. മുഖത്തെല്ലാം ചുളിവുകൾ വീണു.. 38 വയസ്സ് ആയതേയുള്ളു പക്ഷെ...

ഒരുപാട് നാളായി ഏട്ടൻ എന്നെ പുറത്ത് ഒക്കെ കൊണ്ടുപോയിട്ട്...

ഇപ്പൊ എനിക്കതിൽ പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല.. കരിയും പുകയും കൊണ്ട് ഈ വീട്ടിൽ ഒതുങ്ങാനും.. ഒഴിവുസമയങ്ങൾ ഇവിടെ തന്നെ ചിലവാക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു...  

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകണം ബി എഡ് ഒക്കെ എടുക്കണം, എവിടെ എങ്കിലും പഠിപ്പിക്കാൻ കയറണം എന്ന് ഒക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു... 
പക്ഷെ വീട്ടിലെ അവസ്ഥ അതിനൊന്നും അനുവദിച്ചില്ല.... 
എനിക്ക് മുകളിൽ 2 പേരുണ്ട് ഞങ്ങളെ പറഞ്ഞു അയക്കാൻ വേണ്ടി കൃഷി പണി മാത്രം ഉണ്ടായിരുന്ന അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു.. 
അന്നത്തെ അവസ്ഥായിൽ പ്രീ ഡിഗ്രി കഴിഞ്ഞു പഠിക്കണം എന്ന് അച്ഛനോട്  പറയാൻ ധൈര്യമില്ലായിരുന്നു... 

പക്ഷേ അത് തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നു.. 
ഏട്ടനും മക്കളും പോയി കഴിഞ്ഞാൽ ഞാനും വീടും ഒറ്റക്കാണ്... 
അങ്ങനെ ഇരിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് സ്വന്തമായി ഒരു ജോലി.. വരുമാനം എന്നൊക്കെ.. 

 എന്നും രാത്രി 10:30 കഴിയും അടുക്കളയിലെ ജോലി കഴിയാൻ.. രാവിലെ 4:45 എഴുന്നേറ്റ് പണി തുടങ്ങും എങ്കിലേ എല്ലാരേയും സമയത്ത് പറഞ്ഞയക്കാൻ പറ്റു ... 

അരിക്ക് ഇത്തിരി വേവ് കൂടിയാലും കാരണക്കാരി ഞാൻ തന്നെ എന്തുകൊണ്ട് നേരത്തെ എഴുന്നേറ്റില്ല എന്നാകും ചോദ്യം.... 

കല്യാണം കഴിഞ്ഞു പ്രായത്തിന്റെ പക്വത വരുന്നതിന് മുന്നേ കുഞ്ഞുണ്ടായി.. പിന്നീട് എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഞാൻ അവളിൽ ഒതുക്കി തുടങ്ങി..

അധികം വൈകാതെ തന്നെ മോനും ഉണ്ടായി അപ്പോഴേക്കും എന്റെ ശരീരം വല്ലാതെ മാറിപോയിരുന്നു.. 22ആം വയസ്സിൽ ശരീരത്തിന് 35 വയസ്സ് തോന്നി... 

ഏട്ടൻ ഞങ്ങളെ സിനിമ കാണിക്കാനോ ബീച്ചിലോ ഒന്നും കൊണ്ടുപോകാറില്ല .. കുട്ടികളുടെ നിർബന്ധപ്രകാരം ബീച്ചിൽ കൊണ്ടുപോയാലും ഏട്ടൻ എവിടെയെങ്കിലും പോയിരിക്കും..
 കുറച്ചു ദൂരം നടക്കാം എന്ന് ഞാൻ പറഞ്ഞാൽ പറയും ഈ വയസ്സാംകാലത് അല്ലെ കൈയും കോർത്തുപിടിച്ചു പ്രേമിക്കുന്നത് എന്ന്... 

അങ്ങനെ കട്ടിലിൽ കൂടെ കിടക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ഒരു യന്ത്രം മാത്രമായി ഞാൻ ഒതുങ്ങി പോയി എന്ന് ഒരു  തോന്നൽ..

അടുക്കളയിലെ ജോലിയും കഴിഞ്ഞു കുറച്ചു സമയം സീരിയൽ കാണാൻ ഇരുന്നാൽ അപ്പൊ വരും ഏട്ടൻ 
'ഇതുപോലത്തെ സീരിയൽ  ഒന്നും ഇവിടെ വെച്ച് പോകരുത് മേലിൽ... ഏത് നേരവും കുറെ അവിഹിതങ്ങളും കരച്ചിലുകളും പിന്നെ അച്ഛനെ അന്വേഷിക്കുന്ന പിള്ളേരും മാത്രം..' 

എന്നും പറഞ്ഞു ഏട്ടൻ ന്യൂസ് വെക്കും.. ഇപ്പോഴത്തെ  ന്യൂസ് കാണുന്നതിലും ഭേദം ടി വി  സീരിയൽ തന്നെ ആണ് ഞാൻ എപ്പോഴും മനസ്സിൽ പറയും...  

വിവാഹ വാർഷികമല്ലേ ഏട്ടൻ മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലാലോ.... ഇത്തവണ ചിട്ടി കിട്ടിയ കുറച്ചു പൈസ കയ്യിൽ ഉണ്ട്.. ഉച്ചകഴിഞ്ഞു വെയിലാറിയിട്ട് വീടും പൂട്ടി ഞാൻ ഇറങ്ങി..
 മക്കളുടെ കയ്യിൽ താക്കോൽ വേറെ കാണും... 
ആദ്യം പോയത് തുണിക്കടയിലേക്കാണ് ഏട്ടന് ഒരു ഷർട്ട് വാങ്ങി.... അവിടെ നിന്നും ഇറങ്ങി കുറച്ചു പലചരക്ക് സാധങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. ഇത്തിരി പാൽപായസം,വെക്കണം മോൾക്ക് വലിയ ഇഷ്ടമാണ് പാൽപായസം..

സാധനം എല്ലാം വാങ്ങി തിരികെ വീട്ടിൽ പോകാൻ ബസ് കയറി... നല്ല മഴയുണ്ടായിരുന്നു വരുന്ന വഴിക്ക് ബസ് ചെറിയതായി ആക്സിഡന്റ്  ആയി....

ആർക്കും കാര്യമായി ഒന്നും പറ്റിയില്ല.. 
എന്റെ തല സീറ്റിന്റെ മുന്നിലുള്ള കമ്പിയിൽ ഒന്നിടിച്ചു..
ചെറിയ ഒരു മുറിവുണ്ടായി.. അങ്ങനെ എല്ലാവരെയും ആശുപത്രിയിൽ കൊണ്ടുപോയി..
എല്ലാം കൂടി അവിടെ ഒരു ബഹളമായിരുന്നു.. അങ്ങനെ മുറിവും വെച്ച് കെട്ടി ഞാൻ ആശുപത്രിയിൽ നിന്നും തിരിച്ചിറങ്ങി.. അപ്പോഴേക്കും സമയം ഏതാണ്ട് 6.00 കഴിഞ്ഞിരുന്നു.. 

ഈ തിരക്കിന്റെ ഇടയിൽ ഏട്ടനെ വിളിക്കാൻ മറന്നു.. ഏതെങ്കിലും ബൂത്തിൽ കേറിയാൽ സമയം പോകും അതുകൊണ്ട് അതിനു നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു... സമയം 6.45 കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ...

 മക്കൾ രണ്ട് പേരും വരാന്തയിൽ ഉണ്ടായിരുന്നു..  രണ്ടുപേരുടെയും മുഖത്ത് നല്ല ദേഷ്യമുണ്ട് അവരോട് പറയാതെ പോയതിന്റെ ആകും... 

എന്നെ കണ്ടിട്ട് രണ്ടാളും മുഖം വീർപ്പിച്ചു ഉള്ളിലേക്ക് കയറി പോയി... 

ഏട്ടൻ പുറത്ത് നിൽപ്പുണ്ടായിരുന്നു.. പതിവിലും ഗൗരവം ആ മുഖത്ത് ഉണ്ട്... ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഏട്ടൻ അടുത്തേക്ക് വന്നു...
'എന്റെ മാളു നീ എന്ത് പണിയ കാണിച്ചേ മനുഷ്യനെ നീ തീ തീറ്റിച്ചല്ലോ.ഒരു മൊബൈൽ ഫോൺ വാങ്ങാൻ പറഞ്ഞാൽ അതും കേൾക്കില്ല...'

സത്യം പറഞ്ഞാൽ ഏട്ടൻ പറഞ്ഞത് കേട്ട് എന്റെ കണ്ണ് രണ്ടും നിറഞ്ഞു... കല്യാണം കഴിഞ്ഞ സമയത് എപ്പോഴോ എന്നെ വിളിച്ച പേരാ മാളുന്ന് പിന്നെ ഇപ്പോഴാ....

ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു...

'ആ മതി മതി നീ ഉള്ളിലേക്ക് ചെല്ല് പിള്ളേര് അകെ ദേഷ്യത്തിലാ'

'അത് ഞാൻ ഇപ്പൊ ശരിയാക്കാം എന്റെ മക്കൾ അല്ലെ'
ഞാൻ മക്കളുടെ പേരും വിളിച്ചുകൊണ്ട് വാതിലും കടന്ന് ഉള്ളിലേക്ക് കയറി... മേശയുടെ മുകളിൽ എന്തോ ഇരിക്കുന്നത് ശ്രദിച്ചു.ഞാൻ അടുത്ത് ചെന്ന് തുറന്നു നോക്കി.ഒരു കേക്ക് ആയിരുന്നു.അതിൽ എഴുതിയിരുന്നത് ഞാൻ വായിച്ചു..

"Happy Wedding Anniversary Dear Acha and Amma"

ഞാൻ ആകെ ഞെട്ടി പോയി.. അപ്പോഴേക്കും ഏട്ടൻ വന്ന എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു..

'നീ എന്താ കരുതിയത് ഞാൻ മറന്നു എന്നാണോ മാളു'

മക്കൾ രണ്ടാളും മുറിയിൽ നിന്നും ഒരു കള്ള ചിരിയുമായി ഓടി അടുത്ത് വന്നു...
'ഹോ എന്തൊക്കെ പ്ലാൻ ആയിരുന്നു ഈ അമ്മ എല്ലാം നശിപ്പിച്ചില്ലേ'
ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി..

'ആ സാരമില്ല നീ വേഗം ചെന്ന് റെഡി ആയി വാ നമ്മുക് ഇന്ന് പുറത്ത് നിന്നും ഭക്ഷണം കഴിക്കാം...നിന്റെ പ്രീയപ്പെട്ട ഹോട്ടലിൽ തന്നെ പോയി കളയാം അല്ലെ മക്കളെ'

ഏട്ടൻ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി...
 ഒരു ചമ്മിയ മുഖഭാവത്തോടെ ഞാൻ റെഡി ആകാനായി മുറിയിലേക്ക് പോയി... 
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്ക് നഷ്ടപെട്ട്‌പോയത് എന്തൊക്കെയോ തിരികെ കിട്ടിയ പോലെ....  

അക്ഷയ്. 

Thursday, 30 November 2017




കുമ്പസാരം
-----------------
'ഫാദർ എനിക്കൊന്ന് കുമ്പസരിക്കണം'
ഞാൻ തിരിഞ്ഞുനോക്കി.ഡേവിഡ് ആണ് ക്യാനഡക്കാരൻ ഡേവിഡ്....
ഞായറഴച്ച ദിവസത്തെ പതിവ് കുർബാന കഴിഞ്ഞ കുമ്പസാരത്തിനുള്ള സമയമാണെങ്കിലും അങ്ങനെ ആരും വരാറില്ല.....
എല്ലാവരും പാപങ്ങൾ എല്ലാം ഒരുമിച്ച് ഏറ്റുപറയാൻ ആകും !!!
ഞാൻ ഡേവിഡിനെ അൾത്താരക്ക് സമീപത്തുള്ള കുമ്പസാരക്കൂട്ടിലേക്ക് കൊണ്ടുപോയി....

അയാളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല രണ്ടുമൂന്നു വർഷം കൂടുബോൾ നാട്ടിൽ വരുന്ന ഒരു പ്രവാസി... അയാളുടെ അമ്മച്ചി സ്ഥിരമായി പള്ളിയിൽ വരുന്ന ഒരു വിശ്വാസിയാണ് അവർ പറഞ്ഞു ഡേവിഡിനെ എനിക്ക് അറിയാം....

അയാളുടെ കുടുംബജീവിതം ഒരു പരാജയം ആയിരുന്നു....

കുറച്ചു മാസങ്ങൾക്ക് മുന്നേ അയാളുടെ ഭാര്യ ഡിവോഴ്സ് വാങ്ങി പോയി.. ഇന്ന് അയാളെ കണ്ടപ്പോൾ അയാളുടെ മുഖം വിഷമവും,കുറ്റബോധവും എല്ലാം താളം കെട്ടി കിടക്കുന്നു..
അയാൾ സംസാരിച്ചു തുടങ്ങി ...
അയാൾക്ക് പറയാനുണ്ടായിരുന്നത് ഒരു കഥയായിരുന്നു ഒരു ഒന്നര കൊല്ലം മുന്നേ നടന്ന ഒരു കഥ....
സ്റ്റാലിന്റെയും ഡേയ്സിയുടെയും പ്രണയത്തിന്റെ കഥ.. 
                                                      
സ്റ്റാലിന്റെ കഥ
*****************
നാല് വർഷത്തെ കോളേജ് ജീവിതം കഴിഞ്ഞു വീണ് കിട്ടിയ സപ്പ്ളികൾ എഴുതിയെടുക്കുന്ന സമയം... നാട്ടിൽ ഏത് പഠിപ്പിസ്റ്റിന് ജോലികിട്ടിയാലും ഇരിക്കപ്പൊറുതി ഇല്ലാത്തത് നമുക്ക് തന്നെ...

അങ്ങനെ ഒരു ദിവസം രാവിലെ 10:30 കഴിഞ്ഞിട്ടും എഴുനേൽക്കാതെ മൂടി പുതച്ചു കിടന്ന എന്നെ വിളിച്ചുണർത്തിയത് അമ്മച്ചിയുടെ പതിവ് ശകാരം തന്നെ..
സ്ഥിരമായി കേട്ട് ബോറടിച്ചതുകൊണ്ടും ഇന്നലത്തെ ഹാങ്ങോവർ കൊണ്ടും .. ഉറക്കത്തിൽ നിന്നും എഴുനേറ്റ് മുഖം കഴുകി ഫോൺ പോക്കറ്റിൽ ഇട്ട് ബൈക്ക് എടുത്ത് ഞാൻ ഇറങ്ങി...
അങ്ങനെ ഒരു വൈകുന്നേരം നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസം... സപ്പ്ളിക്ക് പഠിക്കാൻ ഷഹാനയുടെ വീട്ടിലേക്ക് പോകുന്ന വഴി ഇടക്ക് വെച്ച് ബൈക്ക് പണിമുടക്കി..പഠിച്ചപണി പതിനെട്ടും നോക്കുന്നതിന്റെ ഇടയിലാണ് ഞാൻ അവളെ കണ്ടത്....

ഡെയ്സിയെ ....
ഞങ്ങളുടെ നാട്ടിലെ പുതിയ താമസക്കാരായ ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്ന വർഗീസിന്റെ ഏക മകൾ....
ഇന്ന് പക്ഷെ അവളുടെ മുഖം അകെ കാർമേഘം മൂടിയിരുന്നു....
പള്ളി കൊയറിൽ പാടാൻ വരുമ്പോഴുള്ള അവളുടെ  ഐശ്വര്യത്തെ പറ്റി അമ്മച്ചി പലതവണ പറഞ്ഞിട്ടുള്ളതാണ്.... പക്ഷെ ഇത്തവണ എന്തോ കൂട്ടിലടച്ച ഒരു കിളിയുടെ അവസ്ഥയായിരുന്നു ഞാൻ ആ മുഖത്ത് കണ്ടത്.... ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാവും അവൾ ജനാല അടച്ചിട്ടു എഴുന്നേറ്റു പോയി ... പിന്നീട് ഒരുപാട് തവണ അവളെ കണ്ടു...

എന്തോ മറ്റാർക്കുമില്ലാത്ത എന്തൊക്കെയോ ഒരു ഭംഗി അവൾക്കുള്ളത് പോലെ ഒരു തോന്നൽ... ഞാൻ അറിയാതെ തന്നെ എന്റെ ഉള്ളിൽ അവൾ കയറിക്കൂടി... അവളുടെ അയൽക്കാരിയും എന്റെ കൂട്ടുകാരിയുമായ ഷഹാന വഴി എന്റെ പ്രണയം ഞാൻ അവളെ അറിയിച്ചു,പക്ഷെ നിരാശയായിരുന്നു ഫലം ....

അവളുടെ വിവാഹം ഏതാണ്ട് ഉറപ്പിച്ചു ഏതോ ഒരു കാനഡക്കാരൻ ആണ്... പക്ഷെ അവൾക്ക് ഈ വിവാഹത്തിൽ വലിയ താല്പര്യം ഇല്ല എന്ന് കൂടി ഷഹാന പറഞ്ഞപ്പോൾ ഒരു നേരിയ വെട്ടം എന്റെ മുന്നിൽ തെളിഞ്ഞു..
അങ്ങനെ ഒരു ദിവസം അവളെ കാണാൻ വീടിന്റെ മുന്നിൽ ചുറ്റിപറ്റി നടപ്പോൾ അവളുടെ അച്ഛൻ പിടിച്ചു... അന്ന് എന്തൊക്കെയോ പറഞ്ഞു തടിയൂരി...
അങ്ങനെ ആ കാനഡകാരനെ വിവാഹം ചെയ്യാതിരിക്കാൻ വേണ്ടി അവൾ എന്നെ ഇഷ്ടമാണ് എന്ന് വീട്ടിൽ പറഞ്ഞു... പക്ഷെ അത് വിചാരിച്ചപോലെ വർക്ക് ഔട്ട് ആയില്ല... അവൾ വീട്ടുതടങ്കലിലുമായി ...
അവളുടെ കുടുംബം കാനഡക്ക്  പുറപ്പെടാൻ തയ്യാറായി.. അവിടെ വെച്ച് വിവാഹം നടത്തനും തീരുമാനിച്ചു...

ക്രിസ്മസ് കഴിഞ്ഞു 26 ന് എല്ലാരും പുറപ്പെടാൻ ഒരുങ്ങി.... അവരെ കൊണ്ടുപോകാൻ ആ കാനഡക്കാരൻ പറന്നെത്തി.... അങ്ങനെ ക്രിസ്മസ് ദിവസം...
അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങി... എന്റെ ജീവിത്തൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം അന്നുണ്ടായി...
അയാളോടുള്ള വെറുപ്പ് എന്നോടുള്ള ഇഷ്ടമായി അവളുടെ ഉള്ളിൽ വളർന്നു... അവൾക്കും എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു.....
കഴിഞ്ഞ 24 വർഷമുണ്ടായിരുന്ന ക്രിസ്മസ്നേക്കാൾ അന്നത്തെ ദിവസത്തിന് ഭംഗിയുണ്ടായിരുന്നു...ആ ദിവസം മുഴുവനും ഞങ്ങൾ പ്രണയിച്ചു നടന്നു...
രാത്രിയിലും നല്ല മഴയുണ്ടായിരുന്നു..ആ ദിവസത്തെ ഓർമകളുമായി ഞാൻ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു... ദൂരെനിന്നും രണ്ട് വെളിച്ചമുള്ള കണ്ണുകൾ എന്നെ തേടി വന്നു... അത് ഒരു ലോറിയിരുന്നു.... 

   "ഫാദർ",
ഡേവിഡ് എന്നെ തട്ടി വിളിച്ചു ...
"അതെ ഫാദർ ഞാനാണ് ആ പാപി.. ഈ കൈകൾക്ക് കൊണ്ടാണ് ഞാൻ അവനെ കൊന്നത്... എത്ര കഴുകിയിട്ടും ആ രക്ത കറ എന്റെ കൈകളിൽ തന്നെയുണ്ട് ഫാദർ...സ്റ്റാലിന്റെ മരണം ഡേയ്സിക്ക് ഒരു ഷോക്ക് ആയിരുന്നു അവൾ വീണ്ടും പഴയപോലെ അകാൻ മാസങ്ങൾ എടുത്തു... അപ്പോഴേക്കും വീട്ടുകാർ എനിക്ക് വേറെ വിവാഹം ഉറപ്പിച്ചു...അവളുടെ ശാപമാകും ഫാദർ ഗതിപിടിചിച്ചില്ല ഞാൻ.... ഫാദർ പറയു ദൈവം എനിക്ക് വേണ്ടി എന്ത് ശിക്ഷയാണ് കരുതിവെച്ചിരിക്കുന്നത് എന്തായാലും സന്തോഷത്തോടെ ഞാൻ സ്വീകരിക്കും ഫാദർ"....
ഡേവിഡ് പറഞ്ഞു നിർത്തിയിട്ടു എന്നെ നോക്കി ...
ഡേവിഡ്,താങ്കളുടെ മുന്നിൽ ഒരുപാട് വഴികളുണ്ടായിരുന്നു... പക്ഷെ അതൊന്നും സ്വീകരിക്കാൻ നിങ്ങൾ തയ്യാറായില്ല... ഈ ലോകത്ത് ഞാൻ അടക്കം എല്ലാവര്ക്കും എല്ലാം നശിപ്പിക്കാൻ എളുപ്പമാണ്... പക്ഷെ ആ ഇല്ലാതെയായതിനു പകരം വെക്കാൻ നമ്മുടെ കയ്യിൽ ഒന്നും കാണില്ല ...
മറ്റുവർ ചെയ്ത പാപങ്ങൾ ഏറ്റുവാങ്ങി കുരിശിൽ എറിയവനാണ് അവൻ...
അതുപോലെ തന്നെയാണ് സ്റ്റാലിൻ എന്ന യുവാവും... അയാൾക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നിരിക്കാം....
വിവാഹം കഴിഞ്ഞു എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം എനിക്കും എന്റെ ഭാര്യക്കുമുണ്ടായ പൊന്നോമന പുത്രൻ ആയിരുന്നീടോ സ്റ്റാലിൻ...
അവനെയാണ് ഡേവിഡ് നിങ്ങൾ ഇല്ലാതെയാക്കിയത്... കഴിഞ്ഞ 24 വർഷമായി അവനുവേണ്ടി ജീവിച്ചവർ ആയിരുന്നു ഞങ്ങൾ പക്ഷെ.....
ഡേവിഡ് എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു.. ആ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.. ഭയം,അത്ഭുതം,കുറ്റബോധം അങ്ങനെ പലതും ആ മുഖത്ത് മിന്നി മറഞ്ഞു........

അക്ഷയ് 

Monday, 27 November 2017



ഡയറികുറിപ്പ്
------------------------

2017 നവംബർ 27
"ഇന്നും മൂക്കിൽനിന്നും ചോര വന്നു....ഇപ്പോൾ കുറച്ചുനാളായിട്ട് ഇത് എന്റെ സന്തതസഹചാരിയാണ്..ആരെയും അറിയിക്കാതെ കുറച്ചുനാൾ ഞാൻ ഇതുംകൊണ്ട് നടന്നു...പക്ഷെ പതിവായി അവൻ വരാൻ തുടങ്ങിയപ്പോൾ എല്ലാവരും അറിഞ്ഞു.... പണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം വന്നിരുന്ന ആളാ ഇപ്പൊ ദിവസവും മൂന്നും നാലും തവണ വരെ വരും...ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ല ഏതെങ്കിലും വെയ്നിൽ ഉണ്ടായ  മുറിവാകും കാരണം എന്ന് എന്നോട് പറഞ്ഞു....
പക്ഷെ ഏട്ടനോട് പറയുന്നത് ഞാൻ കേട്ടിരുന്നു,ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന ഒരുതരം ബ്ലഡ് ക്യാൻസർ.......
കൂടിപ്പോയാൽ രണ്ടാഴ്ച അവർ ഏട്ടനോട് പറഞ്ഞു......
ആ പാവം വല്ലാതെ തകർന്ന് പോയിരുന്നു......
ഇപ്പോൾ 10 ദിവസം കഴിഞ്ഞു,ഞാൻ മരണം എന്ന സത്യത്തോട് പൊരുത്തപെട്ടുക്കഴിഞ്ഞു.. .....
പക്ഷെ വേണ്ടപ്പെട്ടവരെ ഒക്കെ വിട്ടിട്ട് അങ്ങ് പോകുന്നത്....ഓർക്കുമ്പോൾ ഒരു വിങ്ങലാണ്,സംഭരിച്ചു വെച്ച ധൈര്യം എല്ലാം ചോർന്നു തുടങ്ങി....

ഉണ്ണി അവനെ എന്നെ ഒരുപാട് ഇഷ്ടമായിരുന്നു..പലപ്പോഴും അവൻ അത് പറയാതെ പറഞ്ഞിട്ടുമുണ്ട്...എനിക്കും അവനെ ഇഷ്ടമായിരുന്നു പക്ഷെ... മരണം കാത്തിരിക്കുന്ന ഞാൻ എന്തിന് ആ പാവത്തിന് പ്രതീക്ഷ കൊടുക്കണം..എന്തിന് പുതിയ സ്വപ്‌നങ്ങൾ കൊടുക്കണം ...
അതുകൊണ്ടല്ലേ ഞാൻ അവനോട് അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്,ദേഷ്യപ്പെട്ടതു..പാവം വിഷമിച്ചുകാണും അവൻ....
അച്ഛൻ ഇല്ലാത്തതിന്റെ ഒരു കുറവും ഏട്ടനും അമ്മയും എന്നെ അറിയിച്ചിട്ടില്ല ഏട്ടന്റെ കല്യാണാലോചനകൾ ഒക്കെ നടക്കുന്നുണ്ട്..
ആ ഏട്ടന്റെ കുഞ്ഞുഅനിയത്തിയായി കല്യാണം കാണണം എന്ന ഒരു ആഗ്രഹം ബാക്കി ഉണ്ട്....

തൊടിയിൽ പയ്യിന്റെ പിന്നാലെ ഓടിയും,അടുക്കളയിലെ കരിയും പുകയും കൊണ്ടുനിന്നിട്ട് വൈകിട്ട് ടി വിയുടെ മുന്നിൽ വന്നിരുന്നിട്ട്, 
'എടി കല്യാണിയെ എന്റെ കാലിൽ ഇത്തിരി കുഴമ്പ് ഇട്ടുതാടി '
എന്ന് അമ്മ പറയുമ്പോൾ കാലിന്മേൽ കാലും കയറ്റി വെച് എനിക്ക് എങ്ങും മേലാ എന്ന ഭാവത്തിൽ മുഖം തിരിച്ചിരുന്നിട്ടുണ്ട് ഒരുപാടുതവണ...
ഇപ്പോൾ ആ കാലിൽ തൊട്ട് മാപ്പാക്കണം എന്ന അപേക്ഷിക്കാൻ തോന്നുന്നു.... പണ്ട്മഴക്കാലത്ത് സ്കൂളിൽ നിന്നും വരുമ്പോൾ  എനിക്ക് ഒറ്റക്ക് ഒരുകുടയിൽ പോകണം എന്നും പറഞ്ഞു വാശിപിടിച്ചു ചിണുങ്ങി കരഞ്ഞു ഏട്ടനെ ഒരുപാട് തവണ മഴനനയിപ്പിച്ചിണ്ട്..പാവത്തിന് ജലദോഷവും പനിയും ഒക്കെ വന്നിട്ടുമുണ്ട് ഒരുപാട് തവണ ...
 സന്ധ്യക്ക് വിളക്ക് കത്തിച്ചുവെച്ചു നാമം ജപിക്കാൻ മുത്തശ്ശി പറയുമ്പോൾ കയ്യിൽ ഫോണും എടുത്ത് ഒരുപാട് തവണ മുഖം കറുപ്പിച്ചിട്ടുണ്ട് ഞാൻ... എനിക്ക് പനി പിടിച്ചപ്പോൾ രാത്രി ഉറങ്ങാതെ എനിക്ക് കാവലിരുന്നു തുണി നനച്ചു നെറ്റിയിലിട്ട് എന്റെ കാലും തിരുമി ഇരിക്കുന്ന എന്റെ ഏട്ടനെ ഞാൻ കണ്ടിട്ടുണ്ട്...
പിന്നീട് വളർന്ന് വലുതായപ്പോൾ എന്റെ ഫോൺ എടുത്തു നോക്കി എന്നും പറഞ്ഞു ഒരുപാട് തവണ തള്ളി പറഞ്ഞിട്ടുണ്ട് ഞാൻ..
പുതിയ പെൻസിൽ വാങ്ങാൻ അമ്മ കൊടുക്കുന്ന പൈസക്ക് എനിക്ക് പുളി മിട്ടായിയും തേൻ മിട്ടായിയും ഒക്കെ വാങ്ങി തന്നിട്ട് ഞാൻ എഴുതിയിട്ട് കളഞ്ഞിട്ടുള്ള മുറി പെൻസിലുകൾ പെറുക്കി എഴുതിയിട്ടുണ്ട്‌ എന്റെ ഏട്ടൻ ....
മൂക്കിൽ നിന്നും വീണ്ടും ചോര വരുന്നുണ്ട്... എന്തോ ഈ തവണ അവൻ മടങ്ങി പോകുന്ന ലക്ഷണമില്ല... നിർത്താതെ ഒഴുകി ഒഴുകി വരുന്നു...... കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ......."
അവൾ ആ ഡയറിയുടെ മുകളിലേക്ക് കിടന്നു ആ ഡയറിയുടെ താളുകളിൽ ചോര പതിയെ പടർന്നു തുടങ്ങി.... പുറത്ത് നല്ല ഇടിയും മഴയുമുണ്ട്... കത്തിച്ചുവെച്ചിരുന്ന ആ മെഴുകുതിരി വെളിച്ചം പതിയെ അണഞ്ഞു.......
അക്ഷയ് 
         

Monday, 6 November 2017




സ്വയംവരം 
------------------
പുറത്ത് നല്ല മഴയുണ്ട് ജനാലയിലൂടെ തണുപ്പ് പതിയെ മുറിക്കുള്ളിലേക്ക് ഊർന്നിറങ്ങി.. ഏതാണ്ട് 2 ആഴ്ച കഴിഞ്ഞിരിക്കുന്നു വീട് വിട്ട് ഒന്ന് പുറത്തിറങ്ങിയിട്ട്.എല്ലാത്തിനോടും ഒരു മടുപ്പാണ്. 
മുറിക്കുള്ളിൽ നിന്നും ജനാലയിലൂടെ പുറത്തേക്ക് നോക്കി എല്ലാം പഴയത് പോലെ തന്നെ ഒന്നും മാറിയിട്ട് ഇല്ല... കയ്യിൽ എന്റെ ഡയറി ഉണ്ട് ഞാൻ അതിന്റെ താളുകൾ പതിയെ മറിച്ചു കുറച്ചു പേജുകൾക്ക്  ശേഷം അത് ബ്ലാങ്ക് ആണ്..........
പുറത്തേക്ക് നോക്കി ഇന്നലെ കണ്ട പുത്തൻ പടത്തിന്റെ കാര്യം ആലോചിച്ചും കൊണ്ട് പതിയെ മയക്കത്തിലേക്ക് വഴുതി വീണു എപ്പോഴോ !! എവിടെ നിന്നോ എന്തോ വന്ന് തലയിൽ ഇടിച്ചു...
പതിയെ കണ്ണും തിരുമ്മി കൊണ്ട് എഴുന്നേറ്റ് നോക്കി,ആകെ ഒരു മങ്ങൽ ആയിരുന്നു... ഏതാണ്ട് 5 മിനിറ്റ് വേണ്ടി വന്നു  ഞാൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഹിസ്റ്ററി ക്ലാസ്സിൽ ആണ് എന്ന് മനസ്സിലാക്കി എടുക്കാൻ..
ഭദ്ര കാളി രൂപം കൊണ്ട് നിൽക്കുന്ന ജയ മിസ്സ് എടുത്ത വായിൽ ഒരു ഗെറ്റ് ഔട്ട്  അടിച്ചു..
ഹിസ്റ്ററിയുടെ ബോറൻ ക്ലാസ്സിൽ നിന്നും രക്ഷപെട്ടതിന്റെ സന്തോഷവും നല്ല ഒരു ഉറക്കം നഷ്ടപ്പെട്ടതിന്റെ നിരാശയും ഉള്ളിൽ നിറഞ്ഞു....ഞാൻ ക്യാന്റീനിലേക്കു നടന്നു... ക്യാന്റീൻ നിന്നും നല്ല പരിപ്പുവടയുടെ മണം, ഞങ്ങളുടെ അണ്ണാച്ചി നല്ല തൈര് സാദവും,തൈര് വടയും ഒക്കെ ഉണ്ടാക്കും.ഇന്ന് ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയതിന്റെ പണിഷ്മെന്റ് എന്തായാലും നാളെ ജയാ മിസ്സിന്റെ കയ്യിൽ നിന്നും കിട്ടും അത് ഉറപ്പാ. അതും ഓർത്തു ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാണ് അപ്രതീക്ഷിമായി അവളുടെ ഫോൺ ഫോൺ വന്നത്.

ശ്രീ പ്രിയ എന്റെ ശ്രീ കുട്ടി......
അവൾ എനിക്ക് ആരാണ് എന്ന് ചോതിച്ചാൽ അവൾ ഒരു കവിതയാണ് തെളിഞ്ഞ പുഴ പോലെ അങ്ങനെ ഒഴുകി പോകുന്ന ഒരു കവിത.....  
"വിവേക് എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് "
"പറ ശ്രീ എന്ത് പറ്റി ... "
"എടാ എന്റെ കല്യാണം.... കല്യാണം ഉറപ്പിച്ചു....."
"ശ്രീ നീ എന്താ ഈ പറയുതുന്നത് ഇത്രപെട്ടെന്ന് കല്യാണമോ.. അപ്പൊ നിന്റെ പഠിത്തം,എം ബി എ എല്ലാം..."
"അറിയില്ല എനിക്ക് ഒന്നും,എവിടെ ഇരുന്നിട് ആകെപ്പാടെ ഒരു മരവിപ്പാണ് എന്ത് ചെയ്യണം എന്ന്  ഒന്നും എനിക്ക് അറിയില്ല...."
ഇത്രയും പറഞ്ഞതും അവളുടെ ഫോൺ കട്ട് ആയി ഞാൻ അകെ വല്ലാത്ത ഒരു ആസ്ഥയിലായി... തിരിച്ചു വിളിച്ചിട്ട് ഫോൺ സ്വിച്ചഡ് ഓഫ് ആണ് ...
എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല ...
കൂട്ടുകാരനെ വിളിച്ചു ടിക്കറ്റ് എടുത്തു.
അടുത്ത ബസിനു കയറി നാട്ടിലേക്ക് പുറപ്പെട്ടു .. കഴിഞ്ഞ 10 വർഷമായി എന്റെ ജീവിതം അവൾ എന്ന കുഞ്ഞു ന്യൂക്ലിയസിൽ മാത്രം ചുരുങ്ങി പോയതായി തോന്നി പണ്ട് മുത്തശ്ശിക്കാവിൽ ഉത്സവപ്പറമ്പിലെ  ആൾകൂട്ടത്തിൽ ഞാൻ തിരഞ്ഞ വാലിട്ടു കണ്ണ് എഴുതിയ ഒരു പാവാടക്കാരി ഉണ്ടായിരുന്നു.... അയാൾ ബസിന്റെ വിന്ഡോ സീറ്റിൽ ഇരുന്നു കണ്ണുകൾ പതിയെ അടച്ചു. ഓർമ്മകൾ ഒരു നിശബ്ദ ചിത്രം പോലെ അയാളുടെ ഉള്ളിൽ അലയടിച്ചു. അച്ഛനെയും അമ്മയേയും കണ്ട ഓർമയില്ല പട്ടാള ചിട്ടയിൽ കൊമ്പൻ മീശക്കാരൻ ആയ അമ്മാവന്റെ വീട്ടിലെ ജീവിതം. അമ്മാവന്റെ നീളൻ പോക്കറ്റിൽ നിന്നും 1 രൂപ മോഷ്ടിച്ച് കൂട്ടുകാരുടെ കൂടെ വർണക്കടലാസ്സിൽ പൊതിഞ്ഞ മിട്ടായി വാങ്ങി കഴിച്ചിട്ട് അത് വീട്ടിൽ അറിഞ്ഞപ്പോൾ അമ്മാവനോട് കള്ളം പറഞ്ഞു.... അങ്ങനെ  ആദ്യമായി കള്ളം പറഞ്ഞതിന് അമ്മാവൻ കാലിന്റെ തുടയിൽ നിന്നും ഒരു നുള്ള് മാംസം പിച്ചി എടുത്തു... പിന്നെ ജീവിതത്തിൽ എത്ര കഷ്ടപ്പാട് വരുമ്പോഴും മോഷണത്തെ പറ്റി ആലോചിക്കുമ്പോൾ തുടയിലെ ആ വേദന ഓർമ്മ വരും. സ്കൂളിൽ പഠിക്കുമ്പോൾ മിക്കവാറും ഞാൻ ഉച്ചക്ക് ഒന്നും കഴിക്കില്ല എന്ന്  അറിഞ്ഞ അവൾ പിറ്റേന്ന് മുതൽ അവളുടെ ഊണിന്റെ ഒരു ഭാഗം എനിക്ക് നേരെ നീട്ടി പിന്നീട് അത് ഒരു പതിവ് ആയി...
അങ്ങനെ ആണ് ശ്രീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
ഞാൻ നാട്ടിൽ എത്തിയിട്ട് അവളെ കാണാനും ഫോണിൽ സംസാരിക്കാനും പല തവണ ശ്രമിച്ചു പക്ഷെ ഒന്നും നടന്നില്ല..അങ്ങനെ ഒരു ദിവസം അവളുടെ ഫോൺകാൾ വീണ്ടും എന്നെ തേടി വന്നു..
"ഡാ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല...വീടിനു പുറത്തിറങ്ങാൻ പോലും എനിക്ക് അനുവാദമില്ല... ഈ 24 ആണ് കല്യാണം.. മറ്റൊരാളുടെ മുന്നിൽ ഈ ശ്രീ കഴുത്തു നീട്ടി കൊടുക്കില്ല.അതിന് ഞാൻ ജീവനോടെ ഉണ്ടാകില്ല...."
പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുന്നേ ആരോ ഫോൺ കട്ട് ചെയ്തു..
സ്വന്തം എന്ന് പറയാൻ ഒന്നുമില്ലാത്ത, ഒരു ജോലി പോലും ഇല്ലാത്ത എനിക്ക് ആര് പെണ്ണ് തരാൻ..
എല്ലാമുള്ളിലൊതുക്കി ഞാൻ തിരികെ  ചെന്നൈക്ക് പോയി .. അവിടെ ചെന്ന് 2 ദിവസം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നും കൂട്ടുകാരന്റെ ഫോൺ കാൾ വന്നു... ഇപ്പോൾ നാട്ടിൽ നിന്നും ആര് വിളിച്ചാലും പേടിയാണ് ..
ശ്രീ വല്ല അവിവേകവും കാണിച്ചുകാണുമോ...
"ഡാ വിവേക് നീ ഇപ്പൊ എവിടാ"
"പുറത്താടാ, കോഫി ഷോപ്പിൽ എന്താടാ എന്താ കാര്യം?"
"ഞാൻ ഒരു കാര്യം അറിഞ്ഞു ശരിയാണോ എന്ന അറിയില്ല"
"നീ മനുഷ്യനെ വട്ടാക്കാതെ കാര്യം പറ"
"എടാ ശ്രീ.. ആ കല്യാണം വീട്ടുകാരുടെ നിർബന്ധ പ്രകാരം ഒന്നുമല്ലടാ..അവൾ നിർബന്ധിച്ചിട്ട ആണ്.പയ്യൻ ഏതോ ഒരു ഡോക്ടർ ആണ്. അതുപോലെ അവള് വീട്ടുതടങ്കലിൽ ഒന്നുമല്ല...."
അവനോട് എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ല . ഞാൻ മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു... എന്തോ എല്ലാം കൂടി കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി.. കോഫി ഷോപ്പിൽ നിന്നും ഇറങ്ങി നടന്നു ..കോളേജിൽ ആരോടും ഒന്നും പറയാതെ നാട്ടിലേക്ക് മടങ്ങി...
2 ആഴ്ച ആയി ഇവിടെ വന്നിട്ട് നാളെ 24 ആം തീയതി ആണ്....
കല്യാണി അമ്മയുടെ  വിളി കേട്ടാണ് ഞാൻ വീടിന്റെ പുറത്തോട്ട് ഇറങ്ങി ചെന്നത്...എന്റെ കൂട്ടുകാരൻ ആണ് ..
"എടാ ശ്രീ പ്രിയയുടെ കല്യാണം മുടങ്ങി . ആ ഡോക്ടർ ചെക്കന് വേറെ ഏതോ ഒരു പെണ്ണിനെ ഇഷ്ട്ടമായിരുന്നു അവരുടെ കല്യാണം കഴിഞ്ഞു"
എന്റെ ഫോൺ റിങ് ചെയ്തു.. ഞാൻ വീടിന്റെ അകത്തേക്ക് ഓടി കയറി.ഫോൺ കയ്യിലെടുത്തു...
ഡോക്ടർ ഹേമന്ത് കാളിങ് 
"ഹാലോ അളിയാ വിവേകേ എന്തായി" 
"അളിയാ നീ പൊളിച്ചു.. അവൾ എന്നെ തേച്ചിട്ട് പോയതല്ലേ ഇരിക്കട്ടെ അവൾക്കിട്ട് ഒരു പണി...  പിന്നെ മറന്നു അളിയാ ഹാപ്പി മാരീഡ് ലൈഫ്....."
അക്ഷയ്. 

Saturday, 4 November 2017





വിധി
---------
മുൻപ് പല തവണ മോഷണം  നടത്തിയിട്ടുണ്ടെങ്കിലും അന്ന് ആദ്യമായി പിടിക്കപ്പെട്ടു.കോടതിയുടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി. ജയിലിൽ എത്തിച്ചു.കോടതി എനിക്ക് ഒരുകൊല്ലത്തെ ശിക്ഷ വിധിച്ചിരുന്നു...
രണ്ട് പോലീസുകാർ എന്നെയും കൂട്ടി ജയിലറുടെ മുറിയിൽ പോയി.കുറെ പേപ്പറുകളിൽ ഒക്കെ ഒപ്പിട്ടു പിന്നെ എന്റെ സാധനങ്ങൾ എല്ലാം അവിടെ വാങ്ങിവെച്ചു..
യൂണിഫോം,പ്ലേറ്റ്,കിടക്കാൻ പായ ഒക്കെ തന്നു.എന്നെ ഡി ബ്ലോക്കിലുള്ള 12 നമ്പർ സെല്ലിൽ അടക്കാനും ഓഫീസിൽ നിന്നും പറഞ്ഞു...
ഒരു കൊല്ലം ഇവിടെ...4 ചുവരുക്കൾക്കുള്ളിൽ ചുരുങ്ങാൻ ഒരുങ്ങി.... 
ഞാൻ ചുറ്റും നോക്കി സ്വാതന്ത്ര്യം കൊതിക്കുന്ന ചില മുഖങ്ങൾ,ചില പരുക്കൻ ഭാവങ്ങൾ,പ്രേത്യേകിച്ചു ഒരു ഭാവം ഇല്ലാത്തവർ അങ്ങനെ പലരും അവിടെ ഉണ്ട്...
കുടുംബത്തിന്റെ അവസ്ഥ കണ്ടിട്ടാണ് മോഷണം തുടങ്ങിയത്.ഇപ്പോൾ പിടിക്കപ്പെടുകയും ചെയ്തു...
എന്തൊക്കെയോ ഓർത്തു നടന്നു സെല്ലിന്റെ അടുത്തെത്തി..എന്റെ കൂടെ ഒരാളുടെ ഉണ്ട് സെല്ലിൽ..അയാൾ ഇന്നുംകൂടെ മാത്രമേ കാണു എന്നും കൂടെ വന്ന പോലീസുകാരൻ പറഞ്ഞു...
ഞാൻ സെല്ലിൽ കയറി നോക്കി.എന്തോ ആ മുറിക്ക് ഒരുപാട് കഥകൾ പറയാനുള്ളതുപോലെ തോന്നി....
ഞാൻ അയാളെ നോക്കി..

അയാൾ ഒരു സൈഡിൽ കിടക്കുയാണ് ഞാൻ കയറി ചെന്നിട്ടും ഒന്ന് മുഖം തിരിച്ചു നോക്കാൻ പോലും തയ്യാറായില്ല ..
ഉച്ചക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞു ഞാൻ ഒന്ന് മയങ്ങി. ഉണർന്നപ്പോൾ സന്ധ്യ ആയിരുന്നു.ഞാൻ മുറിയിൽ അയാളെ തിരഞ്ഞു ഒരു മൂലയിൽ ഇരുന്നു എന്തോ പുസ്തകം നോക്കുന്നു...
"ഇന്ന് കൂടി ഉള്ളു ഈ നരകത്തിൽ അല്ലെ ?"
ഞാൻ അയാളോട് ചോദിച്ചു ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കി..
നാളെ അയാൾ ഇവിടെ നിന്നും പോകും എന്നാണ് പറഞ്ഞത് പക്ഷെ അതിന്റെ സന്തോഷം ഒന്നും അയാളിൽ കാണാനില്ല..
ഒരുപക്ഷെ നാട്ടുകാരും വീട്ടുകാരും  എങ്ങനെ പെരുമാറും എന്ന ഉള്ള പേടി  ആകും....
ഇന്ന് എന്തോ സമയം വല്ലാതെ പതുക്കെ പോകുന്നത് പോലെ തോന്നി... രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു അയാൾ അപ്പോഴും ഒരു ഭാവവ്യത്യാസം ഇല്ലാതെ എന്തോ നോക്കി ഇരിക്കുന്നു..
കുറെ ദിവസമായി കോടതിയിലും സ്റ്റേഷനിലുമുള്ള അലച്ചില് കാരണം നല്ല ക്ഷീണമുണ്ടായിരുന്നു...
ഞാൻ എപ്പോഴോ മയങ്ങി പോയി ..

ആരോ വാതിലിൽ തട്ടുന്ന ശബ്‍ദം കേട്ടാണ് ഞാൻ ഉണർന്നത് ഒരു പോലീസ്‌കാരൻ വന്ന് അയാളെ കൂട്ടി കൊണ്ട് പോയി.
കുറച്ചു കഴിഞ്ഞു കുളി ഒക്കെ കഴിഞ്ഞു അയാൾ വന്നു... ഒരു പോലീസ്‌കാരൻ അയാൾക്ക് കഴിക്കാൻ കൊണ്ടുകൊടുത്തു അപ്പോഴേക്കും സമയം ഏതാണ്ട് 3.30 കഴിഞ്ഞിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു അയാൾ പുറത്തേക്കു പോകാൻ തയ്യാറായി നിന്നു..  രണ്ട് പോലീസ്‌കാർ വന്ന് അയാളെ കൂട്ടിയിട്ടു പോയി.നടക്കുന്നതിന്റെ ഇടയിൽ എപ്പോഴോ എന്നെ തിരിഞ്ഞു നോക്കി ... ആ നോട്ടം അയാൾ, എന്തൊക്കെയോ എന്നോട് പറയാൻ കൊതിച്ചപോലെ ഒരു തോന്നൽ ...
ഞാൻ സെല്ലിന്റെ മുന്നിൽ നിന്ന പോലീസ്‌കാരനോട് കാര്യം തിരക്കി..

"വധ ശിക്ഷയാണ് ഇന്ന് 5 മണിക്ക് തൂക്കും..."
കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി പോലീസ്‌കാരൻ തുടർന്നു..

"ഭാര്യയേയും 7 വയസുള്ള മകളെയും പീഡിപ്പിച്ചു കൊന്നവനെ അയാൾ കൊന്നു..."
ആ വാക്കുകളിൽ അയാളെ പറ്റി ഒരു ചിത്രം മനസ്സിൽ തെളിഞ്ഞു...
എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു പക്ഷെ അപ്പോഴേക്കും ആ ഇടനാഴിയിൽ നിന്നും അയാൾ ദൂരെ ഇരുട്ടിൽ മറഞ്ഞിരുന്നു....
അക്ഷയ്.      

Sunday, 22 October 2017


ഓർമ്മകളിൽ ഒരു വിപ്ലവകാലം
---------------------------------------------------
"സിദ്ധു,നീ മറന്നോ അവളെ".......
തീർത്തും അപ്രതീക്ഷിതമായിരുന്നു ലാവണ്യയുടെ ചോദ്യം.ആ ചോദ്യം എന്റെ ഓർമ്മകളെ ഒരുപാട് പിന്നിലേക്ക് കൊണ്ടുപോയി.. ചെങ്കൊടിയുമായി മഹാരാജിന്റെ ഇടനാഴിയിലൂടെ നടന്ന ആ കാലത്തിലേക്ക്.ആ ഇടനാഴികൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു.സൗഹൃദത്തിന്റെ,പ്രണയത്തിന്റെ,വിരഹത്തിന്റെ,
സ്വപ്നങ്ങളുടെ,പ്രതീക്ഷകളുടെ അങ്ങനെ പലതും.ചെറുതെങ്കിലും കഥകളും കവിതകളും ഒക്കെ എഴുതി ഫേസ്ബുക്കിൽ ഇടുന്ന ശീലമുണ്ടായിരുന്നു എനിക്ക്.കുറെ ലൈക്കുകളും കമന്റുകളും ഒക്കെ കിട്ടാറുമുണ്ട്,പലപ്പോഴും അതൊന്നും ശ്രദ്ധിക്കാറുമില്ല.അങ്ങനെ ഒരു ദിവസം ഫോള്ളോവെഴ്സിന്റെ ലിസ്റ്റിലാണ് അവളുടെ പേര് ആദ്യമായി കാണുന്നത്.പാർവ്വതി....
വെറുതെ ഒരു കൗതുകത്തിന് പ്രോഫൈലെടുത്തുനോക്കി,എന്റെ കോളേജിലാണ് പഠിക്കുന്നത് ജൂനിയർ ആണ്.ഫോള്ളോവെറിന് അങ്ങോട്ട് റിക്വസ്റ്റ് അയക്കുന്നത് മോശമല്ലേ അതും ഒരു പെൺകുട്ടിക്ക്!!
അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ അവളുടെ കാര്യം എല്ലാം മറന്നിരുന്നു.......
പിന്നീട് ആർട്സ് ഡേയ്ക്ക് എന്റെ മാത്രം കുത്തകയായിരുന്നു ഷോർട് സ്റ്റോറി എഴുത്തിൽ ഒന്നാം സമ്മാനം നേടിക്കൊണ്ട് പാർവ്വതി എന്ന പേര് വീണ്ടും ഞാൻ കേൾക്കാൻ തുടങ്ങി.... അപ്പോൾ തോന്നിയതാണ് അവളെ ഒന്ന് കാണണം പരിചയപ്പെടണം എന്ന ഒക്കെ.ജൂനിയർസിനോട് തിരക്കി അവളുടെ ക്ലാസ് കണ്ടുപിടിച്ചു.അങ്ങനെ അവളെ കാണാൻ പോകുന്നത് ഒരു പതിവാക്കി തുടങ്ങി.എന്നും സംസാരിക്കാൻ മനഃപൂർവം കാരണങ്ങൾ കണ്ടെത്തി... എപ്പോഴോ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.. ആ സമയത്താണ് കോളേജിൽ ഇലക്ഷന് നടക്കാൻ പോകുന്നത്.ഞങ്ങളുടെ പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുണ്ട്.
ഒരു പക്ഷെ പാർട്ടി തന്ന സപ്പോർട്ടോ പ്രായത്തിന്റെ ചോര തിളപ്പോ കാരണം ഞാൻ ഒരു വലിയ തെറ്റ് ചെയ്തു ......
പിന്നിൽ നിന്നും ആരോ കൈയിൽ വെച്ച് തന്ന കത്തി വെച് ഞാൻ ഒരു പോലീസുകാരനെ കുത്തി...
ആ മനുഷ്യൻ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു,അപ്പോഴേക്കും അയാൾ പതിയെ താഴെ വീണിരുന്നു ..
നടുക്കം വിട്ടുമാറാതെ ഞാൻ നാട് വിട്ട് എങ്ങോട്ടോ ഓടി...
ഒടുക്കം ഇവിടെ വന്നടിഞ്ഞു വർഷം 6 കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ഞാൻ വീണ്ടും ആ നാട്ടിലേക്ക് പോവുകയാണ്..
അറിവില്ലാത്ത പ്രായത്തിലെ ആ ക്രൂരതയുടെ ഫലം ഒരുപാട് വലുതായിരുന്നു.. ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ 6  വർഷമായി ഒരു കട്ടിലിൽ തന്നെ ജീവിതം തള്ളി നീക്കുന്നു ആ മനുഷ്യൻ....
അയാളുടെ മകളെ വിവാഹം കഴിപ്പിച്ചയക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല .. മകന്റെ പഠിത്തം,വീടിന്റെ ലോൺ അങ്ങനെ എല്ലാം എല്ലാം താറുമാറായി കാരണം ഞാൻ എന്ന ഒറ്റ വെക്തി ....
ജീവിതം തിരിച്ചു പിടിക്കാനുള്ള തിരക്കിൽ എപ്പോഴോ ഞാൻ അവളെ മറന്നിരുന്നു,പാർവ്വതിയെ.....

അല്ലെങ്കിലും സ്വന്തം അച്ഛനെ ജീവച്ഛവമാക്കിയാളിനെ  അവൾ എങ്ങനെ പ്രണയിക്കും..... !!
അക്ഷയ്.           

Monday, 16 October 2017


സേതുലക്ഷ്മി
----------------------
ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന തീരുമാനത്തിൽ ഉറച്ചുനിന്ന ഞാൻ ഒടുക്കം അമ്മയുടെ വാശിക്ക് മുന്നിൽ കീഴടങ്ങി.അങ്ങനെ എന്റെ കല്യാണം ഉറപ്പിച്ചു എല്ലാം പെട്ടന്ന് ആയിരുന്നു 2 ആഴ്ചകൂടി കഴിഞ്ഞു കല്യാണം,സേതു ലക്ഷ്മി ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്..
വീട്ടിൽ എല്ലാവര്ക്കും അവളെ നന്നായി ഇഷ്ടപ്പെട്ടു.അങ്ങനെ കല്യാണത്തോട് അനുബന്ധിച്ചു എല്ലാ ദുശീലങ്ങളൂം മാറ്റി വെക്കാൻ തീരുമാനിച്ചു.അങ്ങനെ ഞാൻ കഥയും കവിതയും ഒക്കെ എഴുതാൻ ഉപയോഗിച്ച ഒരു ഫേസ്ബുക്ക് ഐ ടി യുണ്ടായിരുന്നു അതിൽ കയറി എന്റെ സിംഗിൾ സ്റ്റാറ്റസ് മാറ്റി ഗോട്ട് എൻഗേജ്ഡ് എന്ന് ഇട്ടു.ലോഗ് ഔട്ട് ചെയ്തു പോകാൻ തുടങ്ങിയപ്പോൾ ഒരു മെസ്സേജ് വന്നു..
"ശെരിക്കും കല്യാണം ഉറപ്പിച്ചോ അതോ".....
ഞാൻ ആദ്യം ഒന്ന് ഞെട്ടി,അക്കൗണ്ട് എടുത്തു നോക്കി അഞ്ജലി അതായിരുന്ന അവളുടെ പേര്.അവളുടെ മെസ്സേജിന് ഞാൻ മറുപടി കൊടുത്തു,
"യെസ് ഉറപ്പിച്ചു അടുത്ത മാസം 20നു എന്റെ കല്യാണം ആണ്. ആരാണ് നിങ്ങൾ ?"
അവളുടെ മറുപടി വന്നു. 
"ഞാൻ ഞാൻ മാഷിന്റെ ഒരു ആരാധികയാണ്.ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ശല്യപെടുത്തണ്ടല്ലോ എന്ന് കരുതി ഫൊള്ളവർ ആയി തുടരുന്നു എന്ന് മാത്രം".
ഞാൻ തിരിച്ചു ഒരു സ്മൈലിയിൽ മറുപടി ഒതുക്കി.
"മാഷ് എഴുതിയതിൽ പലതും എന്റെ ജീവിതമായിരുന്നു....ആ എഴുത്തിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു അറിഞ്ഞോ അറിയാതെയോ അതിലൂടെ നിങ്ങളെയും.മാഷ് എഴുതുന്ന കഥകൾക്ക് ഒരു വല്ലാത്ത ഫീൽ ആണ്".
അവൾ പറഞ്ഞു നിർത്തി ഞാൻ അകെ അമ്പരന്നു പോയി.എന്ത് പറയണം എന്ന് അറിയാത്ത അകെ ഒരു വല്ലാത്ത അവസ്ഥ,രണ്ടും കല്പിച്ചു ഞാൻ സംസാരിച്ചു
"നിങ്ങൾ എന്താണ് പറയുന്നത് ഏതാണ്ട് 2 ആഴ്ച കൂടി കഴിഞ്ഞാൽ എന്റെ കല്യാണമാണ് എന്തുകൊണ്ട് ഇത്  ഇത്രയും നാള് മറച്ചുവെച്ചു ?"   
"അത് എനിക്ക് ഇപ്പോൾ ആണ് പറയാൻ ധൈര്യം വന്നത്.എന്തോ ആ സ്റ്റാറ്റസ് കണ്ടപ്പോൾ പെട്ടന്ന് എന്തോ നഷ്ടപെട്ട പോലെ ഒരു തോന്നൽ "
അവൾ മറുപടി പറഞ്ഞു.
"ഞാൻ നിന്നെ ബ്ലോക്ക് ചെയ്യാൻ പോകുന്നു സോറി."
തുറന്നടിച്ച പോലെ ഞാൻ മറുപടി പറഞ്ഞു.ബ്ലോക്ക് ചെയ്യുന്നതിന് മുന്നേ അവളുടെ മെസ്സേജ് വന്നു..
"പ്ലീസ് അങ്ങനെ ചെയ്യരുത് മാഷ് ഇല്ലാതെ എനിക്ക് പറ്റില്ല.ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും നിങ്ങൾ അല്ലാതെ എനിക്ക് ഒരു ജീവിതം വേണ്ട.എനിക്ക് അതിന് കഴിയില്ല........" 
ഞാൻ അവളെ ബ്ലോക്ക് ചെയ്തു.

                                                                    നാല് വർഷം കഴിഞ്ഞിരിക്കുന്നു എല്ലാം കഴിഞ്ഞിട്ട്... ഇപ്പോൾ ഇവിടെ ഈ മരുഭൂമിയിൽ ഞാൻ എന്റെ ജീവിതം കെട്ടി പടുക്കുന്നു.എന്നെ ഓർമകളിൽ നിന്നും ഉണർത്തികൊണ്ട് ഫോൺ വന്നു സേതു ആണ്
"ചേട്ടൻ എന്താ വിളിക്കാതിരുന്നത് ഞാൻ കുറെ കാത്തു.മോൻ ഇത്രയും നേരം ഉണർന്നു ഇരിക്കുവായിരുന്നു അച്ഛൻ വിളിക്കും,അവനു ചക്കര ഉമ്മ കൊടുക്കും എന്ന് ഒക്കെ പറഞ്ഞു,എവിടുന്നു നിങ്ങള്‍ക്ക് ഇപ്പൊ ഞങ്ങളോട് സ്നേഹം ഒന്നുമില്ല,ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോകുന്ന കാര്യത്തിൽ ഒരു തീരുമാനവും ഇല്ല "
അവൾ പതിവ് സങ്കടങ്ങളുടെ ഒരു നിരതന്നെ പുറത്തെടുത്തു....
"നീ എന്താ എന്റെ അവസ്ഥ മനസ്സിലാക്കാതെ പുതിയ ജോലിക്ക് കയറിയിട്ട് 1 കൊല്ലം പോലുമായില്ല,അതുമാത്രമല്ല ഇപ്പൊ ഇവിടുത്തെ നിയമം ഒക്കെ ഭയങ്കര സ്ട്രിക്ട് ആണ്".
ഞാൻ മറുപടി പറഞ്ഞു.
"വേണ്ട ഒന്നും പറയണ്ട നിങ്ങള്‍ക്ക് ഇപ്പൊ ആ പഴയ സ്നേഹം ഒന്നുമില്ല".
അവൾ കരയാൻ തുടങ്ങി.
"നീ ഫോൺ വെക്ക് നാളെ വിളിക്കാം,ഞാൻ ഉറങ്ങാൻ പോകുവാ നല്ല ക്ഷീണം"
ഞാൻ ഫോൺ കട്ട് ചെയ്തു
"ആരാ ഫോണിൽ സേതു ആണോ !!"
ഞാൻ തിരിഞ്ഞു നോക്കി അഞ്ജലി !! കയ്യിൽ ഇരുന്ന ഒരു കപ്പ് കാപ്പി എനിക്ക് നേരെ നീട്ടി ഞാൻ അത് വാങ്ങി കൊണ്ട് മൂളി
"എന്താ പതിവ് പ്രേശ്നങ്ങൾ തന്നെ ആണോ !!"
"ഞാൻ അവളോട് എന്ത് പറയും എനിക്ക് ഇവിടെ വേറെ ഭാര്യ ഉണ്ടെന്നോ ? അതുകൊണ്ടാണ് അവരെ ഞാൻ കൊണ്ടുവരാത്തത് എന്നോ ? അന്ന് നിന്റെ  അക്കൗണ്ട് ബ്ലോക്ക് ചെയ്യണ്ടായിരുന്നു ".......
ഞാൻ കാപ്പിയുമായി ബാല്കണിയിലേക്കു ഇറങ്ങി,അവിടെ ആകാശം നിറയെ നക്ഷത്രങ്ങൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി.......        
അക്ഷയ്. 

Wednesday, 11 October 2017

ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ
----------------------------------------------------
പണ്ട് വേനലവധിക്ക് സ്കൂൾ അടച്ചാൽ  ആലപ്പുഴയിലുള്ള അമ്മേടെ വീട്ടിൽ പോകും ഞാനും ചേച്ചിയും കൂടി.സ്കൂൾ അടക്കുന്നതിന്റെ അന്ന് വൈകിട്ട് തന്നെ  മുത്തച്ഛൻ എത്തും  ഞങ്ങളെ കൂട്ടാൻ.പിന്നെ വരമ്പിന്റെ വക്കിലൂടെയും  തോടിന്റെ വക്കിലൂടെയും  എല്ലാം ഓടി തുണിയിൽ എല്ലാം ചേറും ചെളിയും എല്ലാം ആക്കി വീട്ടിൽ ചെല്ലും.അവിടെ അമ്മമ്മ നല്ല കഞ്ഞിയും മാങ്ങാ പുളിശ്ശേരിയും പപ്പടവും ഒക്കെ ഒരുക്കി കാത്തിരിക്കും.അവധി തുടങ്ങി കഴിഞ്ഞാൽ അവിടെ മാമ്പഴക്കാലമാണ്.മുറ്റത്തെ മാവ് നിറയെ തേനൂറുന്ന മാമ്പഴങ്ങൾ  നിറയും.പിള്ളേരുടെ കൂടെ മാവിൽ കല്ലെറിയാൻ മുത്തച്ഛനും കൂടും !! നല്ല പുളിയുള്ള പച്ച മാങ്ങയും പറിച്ചു കൊതിയോടെ ഉപ്പും മുളകും ചേർത്ത് കൂട്ടുകാരുടെ കൂടെ വെടിയും പറഞ്ഞു പാടത്തിരുന്നു കഴിക്കും,പിന്നെ വെയില് ആറുമ്പോൾ കളിക്കാനും കൂടും എല്ലാവരും.

                                                           പിന്നീട് അങ്ങോട്ട് പ്രായം കൂടി കൂടി വന്നപ്പോൾ വേനലവധിയും കുറഞ്ഞു വന്നു.അങ്ങനെ അമ്മേടെ വീട്ടിൽ അഥിതികൾ ആയി മാറി ഞങ്ങൾ ഇരുവരും.ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തച്ഛൻ മരിച്ചുപോയി.തീർത്തും അപ്രതീക്ഷിമായിരുന്ന ആ മരണം എന്നെ ഒരുപാട് തളർത്തിയിരുന്നു.അമ്മമ്മ അമ്മാവന്റെ വീട്ടിലേക്കു താമസം മാറി.അങ്ങനെ ആ വലിയ വീടും മുറ്റത്തെ മാവും ഒറ്റക്കായി.പിന്നീട് എപ്പോഴോ ഓണത്തിന് അവിടെ എത്തുന്ന വിരുന്നുകാർ മാത്രമായി ഞങ്ങൾ ചുരുങ്ങി കഴിഞ്ഞിരുന്നു.പ്ലസ് ടു  കഴിഞ്ഞു ചേച്ചി ബാംഗ്ലൂരിൽ പഠിക്കാൻ പോയി.അച്ഛൻ ചിലപ്പോൾ ഒക്കെ മാമ്പഴംവാങ്ങി വരും പക്ഷെ അതിനൊന്നും പഴയ തേനൂറുന്ന സ്വാദ് ഇല്ല.എന്തോ വിഷം നിറച്ചുവെച്ച വെറുമൊരു പഴത്തിന്റെ സ്വാദ് മാത്രം.... ഇപ്പോൾ  ആ മാവ് പഴയപോലെ പൂക്കാറില്ല..... മൂന്നോ നാലോ വർഷം കൂടുമ്പോൾ മാത്രം പൂക്കും അതിൽ എല്ലാം കാറ്റിൽ പറന്ന് പോകുകയും ചെയ്യും.ഇപ്പോൾ ആ മാവിൽ ആരും പഴയ പോലെ ഊഞ്ഞാൽ ഇടാറില്ല,കുട്ടികൾ ആരും ആ മാവിൽ കല്ലെറിയാറുമില്ല... ആ പുരയിടത്തിൽ ആ വലിയ മുത്തശ്ശി മാവ് ഒറ്റക്ക് ആയതുപോലെ !!
                                                               വർഷങ്ങൾ കടന്നുപോയി ഇപ്പോൾ പലപ്പോഴും ആ മാവ് കാലം തെറ്റി പൂക്കാൻ തുടങ്ങി.ചേച്ചിക്ക് ഇപ്പോൾ നാലാം മാസമാണ് തേനൂറുന്ന മാമ്പഴം കഴിക്കാൻ കൊതിക്കുന്ന സമയം.അങ്ങനെ മാമ്പഴം തേടി ഒരുപാട് നടന്നു എങ്ങും കിട്ടിയില്ല... ഇപ്പോൾ ഞാൻ ആലപ്പുഴയിലേക്കുള്ള യാത്രയിലാണ് അവിടെ ആ മുത്തശ്ശി മാവിൽ അവൾക്കായി ഒരു മാമ്പഴം കാണും ഒരു തലമുറയുടെ സ്നേഹം ചാലിച്ച തേനൂറുന്ന ഒരു ചക്കര മാമ്പഴം......
അക്ഷയ് 

Saturday, 7 October 2017

പ്രണയം 
-------------
സമയം 12 മണി കഴിഞ്ഞിരുന്നു.എല്ലാവരും ഉറക്കത്തിലായി ഉറക്കം വരാത്തതുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.അവൾക്കും ഉറക്കം വന്നില്ല എന്റെ സൈഡിൽ അവളും ഉണ്ടായിരുന്നു.ചുറ്റും നല്ല ഇരുട്ടാണ് ഡ്രൈവർ ചേട്ടൻ നല്ല മൂഡിലാണ് വണ്ടി നല്ല സ്പീഡിൽ തന്നെ മുന്നോട്ട് കുതിച്ചു.അവളോട് എന്ത് ചോദിക്കണം എന്ന് എനിക്ക് അറിയില്ല .മൗനം അവസാനിപ്പിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി....
'ധ്വനിക്ക് ബ്രദർ/ സിസ്റ്റർ ആരാ ഉള്ളത്...'
'ചേട്ടൻ..'
അവൾ മറുപടി പറഞ്ഞു,
'ആഹാ എന്ത് ചെയ്യുന്നു ഇപ്പോൾ..'
'ന്യൂയോർക്കിൽ ആണ് ഒരു 1 ഇയർ കോഴ്സ് ചെയ്യാൻ പോയതാണ്...'
അവൾ മറുപടി പറഞ്ഞു.
'ചേട്ടൻ എന്താ പഠിച്ചത് ബി ടെക് തന്നെ ആണോ? ..'
'അതെ നേരത്തെ ഒരു കോളേജിൽ പഠിപ്പിക്കുവായിരുന്നു ഇപ്പൊ റിസൈന്‍ ചെയ്തു ന്യൂയോർക്കിൽ പോയി....'
'കൊള്ളാലോ എന്താ ചേട്ടന്റെ പേര്...'
'ദീപക്ക്....'
'നന്ദുന് ആരാ ഉള്ളത്....'
'എനിക്കും ബ്രദർ ആണ്,അനിയൻ..'
അവൾ മൂളി....ഞാൻ വീണ്ടും തുടർന്നു..
'എഞ്ചിനീയറിംഗ് കഴിഞ്ഞു എന്ത് ചെയ്യാൻ ആണ് പ്ലാൻ...'
അവളുടെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു. എന്തോ ആ ചിരി കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.വീണ്ടും അല്പം നീണ്ട ഒരു ഇടവേള എന്ത് ചോദിക്കണം എന്ന് അറിയില്ല പെട്ടന്ന് മനസ്സിൽ ഒരു ചോദ്യം വന്നു...
'ധ്വനി പ്രണയിച്ചിട്ടുണ്ടോ മുൻപ്....!!' 
അതിനും ഒരു നല്ല ചിരിയായിരുന്നു അവളുടെ മറുപടി.
ഇതുവരെ ഇല്ല...എന്ന് കൂടി അവൾ പറഞ്ഞു.

എന്തോ..കഴിഞ്ഞ 2 വർഷമായി നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന് പറയാൻ അപ്പോൾ തോന്നിയില്ല.അവിടെ ഇരുന്ന് എപ്പോഴോ അവൾ ഉറങ്ങി പതിയെ എന്റെ തോളിൽ ചാരി കിടന്നു.ഉറക്കം വരാത്തതുകൊണ്ട് ഞാൻ  അനങ്ങാതെ അവിടെ ഇരുന്നു....അവളുടെ മുടിക്ക് നല്ല മണമാണ് !! കുറച്ചു സമയം കഴിഞ്ഞു അവൾ ഉണർന്നു എന്നെ നോക്കി ഞാൻ അവളെ നോക്കി ചിരിച്ചു അവൾ തിരിച്ചും പക്ഷെ ആ ചിരിക്ക് ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു....
സമയം ഏതാണ്ട് 4 മണിയോട് അടുത്തു വണ്ടി ചുരം കയറി തുടങ്ങിയിരുന്നു ചുറ്റും മഞ്ഞു മൂടി കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്... 
ഞാൻ അവളെ നോക്കി പുത്തൻ കാഴ്ചകളെ ക്യാമറക്ക് ഉള്ളിൽ ആക്കാനുള്ള തിരക്കിലായിരുന്നു അവൾ.ഇടക്ക് ഇടക്ക് ഇടം കണ്ണിട് അവൾ എന്നെ നോക്കുന്നത് ഞാൻ ശ്രദിച്ചിരുന്നു.അവൾ തിരിച്ചു സീറ്റിൽ വന്നിരുന്നു ഒറ്റക്ക് ആണ് ഞാൻ പതിയെ അവളുടെ അടുത്ത് പോയിരുന്നു.

'ധ്വനി,ഞാൻ എന്ന് മുതൽ ആണ് നിന്നെ ശ്രദിക്കാൻ തുടങ്ങിയത് എന്ന് എനിക്ക് ഓർമ്മയില്ല. ഒരുപക്ഷെ ഇന്ന് ഈ ലോകത്ത് എന്റെ അമ്മ കഴിഞ്ഞിട്ട് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന പെണ്ണ് നീയാണ്.സ്വന്തം പ്രണയം തുറന്ന് പറയാൻ പോലും കഴിവില്ലാത്തവൻ എന്ന് കൂട്ടുക്കാർ കളിയാക്കിയിരുന്നു ചിലപ്പോൾ ഒക്കെ ആ കളിയാക്കലുകൾ കേട്ട് തളർന്ന് പോയിട്ടുമുണ്ട്.അതിന്റെ കാരണം ഈ ലോകത്ത് നീ എന്നും സന്തോഷമായിട്ട് ഇരിക്കണം...ഞാൻ കാരണം ഒരിക്കലും നിന്റെ മുഖം വാടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നീ വിഷമിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമല്ല,അത് ഇപ്പോഴും ഇഷ്ടമല്ല.എന്റെ മൗനം പലപ്പോഴും തെറ്റുധരിക്കപ്പെട്ടിട്ട് ഉണ്ട്. ഇന്നലത്തെ ദിവസമല്ലാതെ നിന്റെ അടുത്ത് ഞാൻ 10 മിനിറ്റ് തികച്ച സംസാരിച്ചിട്ട് ഇല്ല ഇതുവരെ .നിന്നോട് തുറന്നു പറയണം എന്ന് ഒരുപാട് തവണ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ട് ഉണ്ട്,അത് ഒരുപക്ഷെ ഇപ്പൊ പറയാം ധ്വനി എനിക്ക് നിന്നെ ഇഷ്ടമാണ്....ഞാൻ നിന്റെ ഭാഗത്ത് നിന്ന് ഒരിക്കലൂം ചിന്തിച്ചിട്ട് ഇല്ല നീ ഒരു നോ പറഞ്ഞാൽ ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കും പിന്നീട് ഒരിക്കൽ പോലും നിന്നോട് ഞാൻ ഇത് സംസാരിക്കില്ല.അത് എന്റെ ഉള്ളിൽ തന്നെ ഞാൻ കുഴിച്ചുമൂടും. ഈ ലോകത്ത് ആഗ്രഹിച്ചത് ഒന്നും ഞാൻ ഇതുവരെ സ്വന്തമാക്കിയിട്ട് ഇല്ല ഒന്നും.....എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്.അത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് എനിക്ക് അറിയില്ല ധ്വനി....'

അവൾ സംസാരിച്ചു തുടങ്ങി...
'നന്ദു ഞാൻ നിന്നോട് എന്താ പറയേണ്ടത് നമ്മുടെ ക്ലാസ്സിൽ ഞാൻ സംസാരിക്കുന്നത് വളരെ കുറച്ചു പേരോട് മാത്രമാണ് ബോയ്‌സിൽ രാഹുലിനോട് മാത്രമാണ് ഞാൻ സംസാരിക്കാറുള്ളത് അവൻ എന്റെ നല്ല ഒരു ഫ്രണ്ട് ആണ്.എനിക്ക് എന്തും സംസാരിക്കാനുള്ള ഫ്രീഡം ഇല്ല അവനോട്. പക്ഷെ നീ എന്നോട് സംസാരിക്കാൻ വരുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ആണ്.പലപ്പോഴും ഞാൻ ശ്രദിച്ചിട്ടുണ്ട് നിന്റെ സംസാരത്തിൽ നീ എനിക്ക് നൽകുന്ന ബഹുമാനം വേറെ ബോയ്സിനോട് സംസാരിക്കുമ്പോൾ ഒന്നും എനിക്ക് അത് തോന്നിയിട്ട് ഇല്ല.... നന്ദു ഞാൻ എങ്ങനെയാ പറയേണ്ടത്  എനിക്കും നിന്നെ ഒരുപാട്  ഇഷ്ടമാണ്....'
അവൾ പറഞ്ഞു നിർത്തി.ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ആ നുണക്കുഴി കാട്ടിയുള്ള ഒരു കള്ള ചിരി ആ ചിരിക്ക് നല്ല ഭംഗിയുണ്ടായിരുന്നു .ഞാൻ എന്റെ കൈ അവളുടെ കൈയുടെ ഉള്ളിൽ ചേർത്തു അവൾ പതിയെ എന്റെ തോളിൽ തല ചായിച്ചു കിടന്നു. ഒരുപാട് നാളുകൾക്കു ശേഷം ഞാൻ മനസ്സുതുറന്നു ചിരിച്ചു എന്തോ ഒരുപാട് സന്തോഷം ആയതുകൊണ്ടാകാം എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അവളെ നോക്കി അവൾ എന്റെ കയ്യിൽ ഒന്നുകൂടെ മുറുകെ പിടിച്ചു.....
ജീവിതത്തിൽ എന്തൊക്കെയോ നേടി എന്ന് ഒരു തോന്നൽ.... 

അക്ഷയ്. 

Thursday, 14 September 2017



അത്ഭുതദ്വീപ്

*******************

കണ്ണ് തുറന്നപ്പോൾ ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു.
എല്ലായിടത്തും നിശബ്ദത മാത്രം.അയാൾ പതിയെ കാതോർത്തു,കടലിന്റെ ഇരമ്പൽ അയാളുടെ കാതിൽ കേട്ടു.
അയാൾ എഴുന്നേറ്റ് ആ ശബ്ദം ലക്ഷ്യമാക്കി നടന്നു,അടുക്കുംതോറും ആ ശബ്ദം വീണ്ടും വീണ്ടും അകന്നുകൊണ്ടിരുന്നു.
അയാൾക്ക് വല്ലാതെ വിശക്കാൻ തുടങ്ങിയിരിക്കുന്നു അടുത്ത് കടയുള്ളതിന്റെ ലക്ഷണം ഒന്നും ഇല്ല,ചുറ്റും നോക്കിയപ്പോൾ ദുരെ ഒരു റാന്തൽ വെളിച്ചം കണ്ടു അയാൾ അതിന്റെ അടുത്തേക്ക് ഓടി അവിടെ ഒരു ഉന്തുവണ്ടി ഉണ്ടായിരുന്നു അത് നിറയെ ഭക്ഷണവും.അയാൾ വിശപ്പ് മാറുന്നത് വരെ ഭക്ഷണം കഴിച്ചു,വീണ്ടും ആ കടലിന്റെ ഇരമ്പൽ കേട്ടു,ആ റാന്തലും എടുത്ത് അയാൾ ഓടി
കുറെ ദൂരം ചെന്ന ശേഷം ആ ഉന്തുവണ്ടി അപ്രതീക്ഷ്യം ആയിരിക്കുന്നു.....

ഉള്ളിൽ ഭയം കൂടി കൊണ്ടിരുന്നു അങ്ങനെ ഒടുവിൽ അയാൾ കടൽ തീരത്ത് എത്തി.ആരോ പിന്നിൽ ഉള്ളതായി അയാൾക്ക് തോന്നി ഉള്ളിലെ ഭയം വെച്ചുകൊണ്ട് തിരിഞ്ഞു നോക്കി,പെട്ടന്ന് എന്തോ വന്ന് ശക്തമായി അയാളുടെ തലക്ക് പിന്നിലിടിച്ചു ,ഇടിയുടെ ആഘാതത്തിൽ അയാൾ വെള്ളത്തിലേക്ക് വീണു.......
അയാൾ ഏതോ കടൽത്തീരത്ത് അടിഞ്ഞിരിക്കുന്നു.വെള്ളം കുടിച് വയർ വീർത്തിരുന്നു.
പതിയെ കണ്ണ് തുറന്ന് അയാൾ എഴുനേൽക്കാൻ ശ്രമിച്ചു.ശരീരം മുഴുവൻ നല്ല വേദന കൈയും കാലും ഒന്നും അനക്കാൻ വയ്യ......
കാലുകൾ അവിടെ ഉണ്ടോ എന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ല.
അയാൾ പതിയെ എഴുന്നേറ്റ് കുറച്ചു സമയം ഇരുന്നു.
ചില്ലുകഷണങ്ങൾ പോലെ ചിതറിപ്പോയ ഓർമ്മകൾ ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു........

North Sentinal എന്ന ആൾതാമസമില്ലാത്ത ദ്വീപ് ലക്ഷ്യമാക്കി സഞ്ചരിച്ച 6 അംഗ സംഘത്തിലെ ഒരാൾ ആണ് ജോർജ് തോമസ്......
ഒരു ചുഴിയിൽ പെട്ട് അവർ സഞ്ചരിച്ചിരുന്ന കപ്പൽ അപകടത്തിൽ പെടുകയായിരുന്നു....
അയാൾക്ക് ഓർമ്മകൾ തിരികെ കിട്ടി.....
കൈവശമുണ്ടായിരുന്ന മാപ്പ് എവിടെയോ നഷ്ടപ്പെട്ടു കയ്യിൽ ആകെയുള്ളത് ഒരു കോംപസ്സ് മാത്രമാണ്.
അവർക്ക് എത്തിച്ചേരേണ്ടിയിരുന്ന ദ്വീപിൽ നിന്നും വടക്ക് മാറി ആൻഡമാൻ ഐലൻഡ്കളുടെ സമൂഹത്തിൽ പെട്ട ഏതോ ഒരു ദ്വീപിൽ ആണ് അയാൾ വന്നു പെട്ടിരിക്കുന്നത്.ഇതുവഴി സീ റൂട്ടും എയർ റൂട്ടും ഉള്ളതായി തോന്നുന്നില്ല ബർമുഡ Triangle സമാനമായ ഒരു ചുഴി ആണ് അവിടെ ഉള്ളത് അതുകൊണ്ട് ഷിപ്പും ഫ്ലൈറ്റും ആ വഴി വരാൻ സാധ്യത കുറവാണ്.

അയാൾ വല്ലാതെ നിരാശനായി.പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒറ്റക്ക് ആക്കിയിട്ടാണ് അയാൾ യാത്രക്ക് പുറപ്പെട്ടത് അവൾ ഇപ്പോൾ പ്രസവിച്ചുകാണും.....
അയാൾ മനസ്സിൽ ഓർത്തു.
അയാൾ ആ ദ്വീപിലൂടെ പതിയെ നടന്നു അതി മനോഹരമായിരുന്നു അവിടുത്തെ കാഴ്ചകൾ പേരറിയാത്ത ഒരുപാട് മരങ്ങളും ചെടികളും അവ നിറയെ പഴുത്തു നിൽക്കുന്ന.
അയാൾക്ക് വിശപ്പ് തുടങ്ങിയിരിക്കുന്നു.മരത്തിൽ നിന്നും ഇളം നീല നിറമുള്ള ഒരു ഫലം അയാൾ പറിച്ചു കഴിച്ചു ആപ്പിൾ കഴിക്കുന്ന പോലെ നല്ല മധുരം അയാൾ വയറു നിറയെ കഴിച്ചു ശേഷം പതിയെ നടന്നു അയാൾക്ക് തല ചുറ്റുന്നതായി തോന്നി.ഇടക്ക് എപ്പോഴേ ബോധരഹിതനായി താഴെ വീണു .

കുറെ മണിക്കൂറുകൾക്ക് ശേഷം ബോധം തിരിച്ചുകിട്ടി കൂടുതൽ ഉന്മേഷവാനായി അയാൾക്ക്‌ തോന്നി.
ദൂരെ കടലിൽ നങ്കൂരം തിരികെ കയറ്റി യാത്ര തുടങ്ങാൻ പോകുന്ന ഒരു കപ്പൽ അയാളുടെ ശ്രദ്ധയിൽ പെട്ടു ഒരുപാട് സമയം ഒച്ച വെച്ച ശേഷം കപ്പിത്താൻ അയാളെ കണ്ടു......

വെള്ളത്തിൽ പൊങ്ങി കിടന്ന കുറച്ചു തടിയും മരത്തിന്റെ വള്ളിയും കെട്ടി അയാൾ ചങ്ങാടം ഉണ്ടാക്കി ആ വലിയ കപ്പൽ ലക്ഷ്യമാക്കി തുഴഞ്ഞു കുറെ തുഴഞ്ഞു അയാൾ കപ്പലിൽ എത്തി.
കപ്പിത്താൻ അയാളെ സ്വാഗതം ചെയ്തു.
കുളിച്ചു വസ്ത്രം മാറി വന്ന അയാൾക് അവർ ഭക്ഷണം കൊടുത്തു ഒപ്പം കപ്പലിൽ ഒരു മുറിയും നൽകി അയാൾ തന്റെ മുറിയിൽ കിടന്നുറങ്ങി. കടലിൽ റേഡിയോ ആക്റ്റീവ് വെയ്സ്റ്റ് നിക്ഷേപിക്കാൻ വന്ന ശേഷം മടങ്ങുന്ന കപ്പൽ ആണ് അത് 4 ദിവസത്തിനകം ഇന്ത്യയിൽ എത്തും എന്നും കപ്പിത്താൻ അയാളെ അറിയിച്ചിരുന്നു.....
4 ദിവസത്തെ യാത്രക്ക് ശേഷം കപ്പൽ കേരളത്തിൽ എത്തി.... ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു അയാൾ വീട്ടിലേക്ക് മടങ്ങി.

അവിടെ അയാളുടെ ഭാര്യ ഒരു സുന്ദരി പെൺകുഞ്ഞിന് ജന്മം നൽകി ഏതാണ്ട് 3 ആഴ്ചത്തെ വിശേഷം പറയാൻ ഉണ്ടായിരുന്നു അയാൾക്ക്‌.....

തന്റെ സഹ യാത്രികരെ പറ്റി വിവരങ്ങൾ ഒന്നും അയാൾക്ക് ഇല്ലായിരുന്നു.അത് അയാളെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.

അയാൾ ടി വി യിൽ വാർത്ത കേട്ടുകൊണ്ടിരിക്കുകയായിരുന്നു,ഏതാണ്ട് 4 ആഴ്ചകൾക്ക് മുൻപ് 12 ജീവനക്കാരുമായി,റിബെർറ്റോസ് എന്ന കമ്പനിയുടെ റേഡിയോ ആക്റ്റീവ് വെയ്‌സ്റ് ഡിസ്പോസ് ചെയ്യാൻ കടലിൽ പോയ കപ്പൽ കാണ്മാനില്ല !!

4 മണിക്കൂർ മുന്നേ അയാൾ സഞ്ചരിച്ച അതെ കപ്പൽ 4 ആഴ്ചകൾക്ക് മുന്നേ കാണാതായി !!

അപ്പോൾ ആ ദ്വീപ് ആ നാവികൻ അയാൾ അമ്പരപ്പോടെ ടി വി യിലെ വാർത്ത നോക്കികൊണ്ടിരുന്നു...

അക്ഷയ്.

എന്റെ ഇക്കാക്കടെ പ്രേമം

 എന്റെ ഇക്കാക്കടെ പ്രേമം **************************** മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റ...