എന്റെ ഇക്കാക്കടെ പ്രേമം
****************************
മുപ്പത്തിന്റെ പടിവാതുക്കൽ എത്തിയിട്ടും കല്യാണം നടക്കാത്തതിന്റെ വിഷമത്തിലായിരുന്നു എന്റെ ഇക്ക.. ആളൊരു മുൻകോപിയും അതുപോലെ തന്നെ ഒരു പേടി തൊണ്ടനും ആണെങ്കിലും അത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ മൂപ്പർ ഇതുവരെ ഒരു അവസരം കൊടുത്തിട്ടില്ല.. കാര്യമായി ജോലി ഒന്നും ആകാത്തതുകൊണ്ട് നാട്ടിൽ ഉപ്പ നടത്തി വന്നിരുന്ന ഒരു പലവ്യഞ്ജന കടയിൽ കണക്കുപിള്ള ആയിട്ട് ഇക്ക കുറെ കാലം ഇരുന്നു... പെണ്ണ് കാണാൻ പോകുമ്പോൾ പുതിയാപ്ല പീടികയിൽ ചുമ്മാ ഇരുപ്പാണ് എന്ന് പറഞ്ഞു ആദ്യം വന്ന ആലോചന പോയി അങ്ങനെ രണ്ടാമത്തേതും പോയി മൂന്നാമത്തേതും പോയി അങ്ങനെ ഒടുക്കം ആ എണ്ണവും പോയി.... വൈകിട്ടത്തെ കണക്ക് നോക്കുമ്പോൾ വിറ്റ സാധനത്തെക്കാൾ കുറവ് പൈസ പെട്ടിക്കുള്ളിൽ കണ്ടു തുടങ്ങിയത് മുതൽ കടയിൽ വെറുതെ ഇരിക്കുക എന്ന ആ ജോലിയും പോയി... അല്ല പിരിച്ചു വിട്ടു.. അതാകും കൂടുതൽ കറക്റ്റ്... ഉപ്പ കയ്യിൽ പിടിച്ചു പിരിച്ചാണ് വിട്ടത് എന്ന് ഉമ്മ പറയും... അന്ന് പിരിച്ചു വിട്ടതിന്റെ പാട് കരിനിലിച്ചു ഇപ്പോഴും കയ്യിലുണ്ട്...
അങ്ങനെ ഇരിക്കെ ഇക്കാന്റെ കൂടെ പഠിച്ചവരുടെ ഗാങ്ങിലെ കൂട്ടുക്കാരിൽ ആദ്യം കല്യാണം കഴിഞ്ഞ ആളിന്റെ 2 മത്തെ കൊച്ചിന്റെ നൂല് കെട്ടും അവസാനത്തെ കൂട്ടുകാരന്റെ കല്യാണവും കഴിഞ്ഞപ്പോൾ മൂപ്പർ ഒരു തീരുമാനം അങ്ങ് എടുത്തു.. ഇനിയും പിടിക്കക്കോ ചുമ്മാതെ തിരിഞ്ഞു ഇരിക്കാനോ പോകുന്നില്ല പകരം ഗൾഫിൽ പോകുവാണ് എന്ന്...ആ സമയത്ത് കല്യാണ പ്രായമായിട്ടും ജോലി ആകാത്തവർ ഗൾഫിൽ പോയി ഒരു ജോലി മേടിച്ചു ലീവിന് വന്ന് പെണ്ണ് കെട്ടുന്നത് ഒരു ട്രെൻഡ് ആയിരുന്നു...
അങ്ങനെ ഹാലിളകിയ ഇക്ക നാട്ടിൽ ട്രാവെൽസ് നടത്തിയിരുന്ന രാജേഷിന്റെ കയ്യിൽ പണവും പേപ്പറുകളും എല്ലാം കൊടുത്ത് പാസ്പോർട്ട് ഒക്കെ എടുത്ത് ഒടുക്കം ഗൾഫിൽ പോയി... ആ പാസ്പോർട്ട് എടുത്തത് വേറൊരു തമാശയാണ് അത് പിന്നീട് പറയാം.... ഇക്കാനെ ഗൾഫിൽ പോകാൻ ഉള്ള പൂതിക്ക് വേണ്ടി കറവ ഉണ്ടായിരുന്ന നല്ല 3 ആടിനെ വിറ്റത് ഉമ്മയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ 2 മത്തെ അബദ്ധം ആയിട്ടാണ് എപ്പോഴും പറയുന്നത്... അപ്പോൾ നിങ്ങൾ ചിന്തിക്കും എങ്കിലും ഒന്നാമത്തേത് എന്താണ് എന്ന്... ഇക്കാനെ ഇത്രയും കാലം തീറ്റി പോറ്റിയത് തന്നെ എന്താണ് ഇത്ര സംശയം...
അങ്ങനെ ഓടി പിടിച്ചു ഗൾഫിൽ എത്തിയപ്പോൾ ആണ് മൂപ്പർ അ സത്യം മനസ്സിലാക്കിയത്... നല്ല കാശ് കിട്ടുന്ന ജോലി കിട്ടാൻ നല്ല പഠിപ്പും വിവരവും വേണമെന്ന്..
മൂപ്പർ പഴയ പത്താം ക്ലാസും ഗുസ്തിയും ആണ്.. പ്ലസ് ടു പഠിക്കാൻ പോകാൻ എല്ലാവരും നിർബന്ധിച്ചിരുന്നു... പക്ഷെ അവിടെ ആർകും വേണ്ടാത്ത സീറ്റിനു പോലും അഡ്മിഷൻ കിട്ടാൻ പത്താം ക്ലാസ്സ് പാസ്സ് ആകണം എന്നുള്ളത് കൊണ്ടും പ്ലസ് ടു പഠിക്കുന്നവർക്ക് ഉച്ച കഞ്ഞി കൊടുക്കൂല എന്ന് ആരോ മൂപ്പരോട് പറഞ്ഞത് കൊണ്ടും പഠിക്കുക എന്ന ആ ധീരമായ തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്മാറി... അങ്ങനെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞപാടെ അടുത്ത വിമാനം പിടിച്ചു നാട്ടിൽ എത്തി... പിന്നെ ഒന്ന് ഗൾഫിൽ പോയി വന്നതിനു ശേഷം ആളിതിരി ചെത്തായിട്ടോ...
മമ്മൂക്കയുടെ ബിഗ് ബി സിനിമ ഹിറ്റ് ആയി നിൽക്കുന്ന സമയത്ത് ആണ് മൂപ്പർ തിരിച്ചു വരുന്നത്.. അങ്ങനെ നാട്ടിലെ സകല തുണി പീടികയിലും കയറി ഇറങ്ങി ഒടുക്കം ചങ്ങല വെച്ച ജീൻസ് മൂപ്പരും വാങ്ങി ഇട്ട്... ഈ ചങ്ങല വെച്ച സാധനം ഇട്ട് നടക്കുമ്പോൾ അത് നല്ല ഒച്ചയുണ്ടാക്കും.. സ്ഥിരമായി ചങ്ങല വെച്ച് ജീൻസ് തിരക്കി ഒരു കടയിൽ തന്നെ കയറി ഇറങ്ങിയത് കൊണ്ട് കടക്കാരൻ തന്നെ സഹികെട്ടു ഏതോ കടയിൽ നിന്നും പട്ടിക്ക് കെട്ടുന്ന ചങ്ങല വാങ്ങി ജീൻസിൽ തുന്നി പിടിപ്പിച്ചു പറ്റിച്ചതാണ് എന്നൊരു സംസാരവും ഉണ്ട്... അങ്ങനെ പാതി രാത്രിക്ക് എവിടെ എങ്കിലും ഒക്കെ കറങ്ങി തിരിഞ്ഞു ആരും കാണാതെ വീട്ടിൽ തിരിച്ചു കയറുമ്പോൾ ഈ ചങ്ങല ഒച്ച കാരണം ഉപ്പ ഉണരും കൈയോടെ പിടിക്കുകയും ചെയ്യും ഉപ്പയുടെ ഉറക്കം വലിയ തമാശയാണ്... ഒരു ചെറിയ ഒച്ച കേട്ടാൽമതി പുള്ളി എഴുന്നേൽക്കും.. ചിലപ്പോൾ കടയിൽ ഇരിക്കുമ്പോൾ അത് തുറന്നു വെച്ച ഉറങ്ങാറുണ്ട് എന്ന് ഉമ്മ പറയും... ആളുകൾ കടക്കുളിൽ കയറിയാൽ മൂപ്പർ ആ സെക്കൻഡിൽ ഉണരും...
അങ്ങനെ ഗൾഫിൽ നിന്നും തിരിച്ചു വന്നു വെറുതെ ഇരിക്കെയാണ് ഉമ്മാന്റെ സഹോദരൻ ബാംഗ്ലൂർ നിന്നും വരുന്നത് പുള്ളിക്ക് അവിടെ കൺസ്ട്രക്ഷൻ കമ്പനി ആണ്.. 100 രൂപക്ക് ബംഗാളി പണിക്കരെ വെച്ച് പണിയിച്ചു ലക്ഷങ്ങൾ ലാഭം ഉണ്ടാക്കി.. മൂപ്പർ വലിയ മുതലാളി ആയി...
അങ്ങനെ മാമയുടെ ഉപദേശം പ്രകാരം ഇക്ക പാരലൽ കോളേജിൽ ചേർന്ന്... കമ്പ്യൂട്ടർ പഠിച്ചാൽ കമ്പനിയിൽ പണിക്ക് എടുക്കാം മാസം 2000 രൂപ ശമ്പളം തരാം എന്ന മാമയുടെ മോഹന സുന്ദര വാഗ്ദാനം കേട്ട് ഇക്ക പരാലൽ കോളേജിൽ കമ്പ്യൂട്ടർ കോഴ്സിന് ചേർന്നു... പണ്ട് പത്താം ക്ലാസ്സിലെ ഐ ടി പരീക്ഷയിൽ കമ്പ്യൂട്ടർ ഓൺ ആക്കാൻ നോക്കി ആ ഒരു നിലയിലെ മുഴുവൻ കറന്റ് കളയിച്ചിട്ടുണ്ട് മൂപ്പർ... അത് ഒക്കെ ചരിത്രം...
അങ്ങനെ ആ പാരലൽ കോളേജിൽ വെച്ചാണ് ഞാൻ മൂപ്പരെ ആദ്യമായി കാണുന്നത്... കല്യാണ പ്രായം കഴിഞ്ഞിട്ടും എതെങ്കിലും ഒരു കൊന്തന്റെ തലയിൽ എന്നെ കെട്ടി വെക്കാൻ ആഘോരാത്രം എന്റെ ഉപ്പ പരിശ്രമിച്ചു... പക്ഷെ നടന്നില്ല...
അങ്ങനെ ഒടുക്കം മൂപ്പരും എന്റെ വഴിക്ക് വന്നു... റെഗുലർ കോളേജിൽ ചേരാൻ ഒരു വർഷം കൂടെ വീട്ടിൽ വെറുതെ ഇരിക്കണം എന്ന് അറിഞ്ഞുകൊണ്ട് ആരുടെയോ ഉപദേശം കെട്ട് എന്നെ ഈ പാരലൽ കോളേജിൽ കൊണ്ടുവിട്ടു... പഠിക്കാൻ ഒരു താല്പര്യം ഇല്ലാത്ത നാട്ടിലെ സകലമാന തല തെറിച്ച പിള്ളേരും ആ കോളേജിൽ ഉണ്ട്.. കല്യാണം നടക്കാത്ത പെൺകുട്ടികളെ വെറുതെ വീട്ടിൽ ഇരുത്താൻ താല്പര്യം ഇല്ലാത്തതുകൊണ്ട് വീട്ടുകാർ കൊണ്ട് വിട്ടിട്ടു പോകുന്ന സ്ഥലമാണ് ഈ കോളേജ്... പണ്ട് ടൈപ്പ് പഠിക്കാൻ പോകുന്നതിന് പകരം ഇപ്പോഴത്തെ ഫാഷൻ...
കമ്പ്യൂട്ടറിന്റെ അനന്തമായ സാദ്ധ്യതകൾ ലോകത്തിലെ എല്ലാവരിലേക്കും എത്തി തുടങ്ങുന്ന സമയം ആയതിനാൽ അത് പഠിക്കാൻ ക്ലാസ്സിൽ ആകെ 3 പേരെ ഉണ്ടായിരുന്നുള്ളു.. ഒന്ന് ഞാനും ഒന്ന് ഇക്കയും... പിന്നെ ഒരു അഞ്ജനയും.. ക്ലാസ്സ് തുടങ്ങി 2 മാസം കഴിഞ്ഞപ്പോൾ തന്നെ അവൾ MKK യിലെ കിളിയെ വളച്ചെടുത്ത് അവർ ഒളിച്ചോടി പോയി... അങ്ങനെ ക്ലാസ്സിൽ ഞാനും ഇക്കയും മാത്രം...
2000 രൂപ എന്ന വലിയ പൈസയുടെ ജോലി ഇങ്ങനെ മുന്നിൽ നിൽക്കുന്നതുകൊണ്ട് ഇക്ക വളരെ കഷ്ടപ്പെട്ട് ക്ലാസ്സിൽ വരും... ദിവസവും 2 ക്ലാസുകൾ ആയിരുന്നു.. രാവിലെ തിയറി ക്ലാസും ഉച്ചക്ക് ലാബും... ലാബ് എന്ന് പറയുമ്പോൾ നിങ്ങൾ കരുതും വിശാലമായ ഒരു എ സി മുറിയും നിര നിരയായി ഇരിക്കുന്ന കമ്പ്യൂട്ടറുകളും ആണ് എന്ന്.. എങ്കിൽ നിങ്ങൾക്ക് തെറ്റി... കോളേജിന്റെ ഓഫീസിൽ ഓഫീസ് ആവശ്യങ്ങൾക്കായി ഉള്ള ഒരേഒരു കമ്പ്യൂട്ടർ ആണ് ഞങ്ങളുടെ ലാബ്... ആ കമ്പ്യൂട്ടറിന്റെ തന്നെ കീ ബോഡിലെ ഏതൊക്കെയോ കീ പല പിള്ളേരും ഇളക്കി കൊണ്ട് പോയിട്ടുണ്ട്.. അതിന്റെ ഒക്കെ ഒക്കെ സ്ഥാനത് ഓരോ റബ്ബർ പീസ് വെട്ടി വെച്ചിട്ടുമുണ്ട്..
മൗസിന്റെ ഉള്ളിലെ റബ്ബർ ബോൾ ഇളക്കി എറിഞ്ഞു കളിക്കുന്ന പിള്ളേരുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്.. അങ്ങനെ നീളുന്നു ഞങ്ങളുടെ കമ്പ്യൂട്ടർ ലാബിന്റെ വിശേഷം...
കമ്പ്യൂട്ടറിന്റെ ഏറ്റവും വലിയ തമാശ പഠിപ്പിക്കുന്ന മാഷിനും കാര്യമായി ഒന്നും അറിയില്ല എന്നത് തന്നെയാണ്... മിക്ക ക്ലാസ്സുകളിലും പുതിയതായി എന്തെങ്കിലും പഠിപ്പിക്കാൻ തുടങ്ങി ഓരോ വിന്ഡോ ഓപ്പൺ ചെയ്ത് അവസാനം ക്ലോസ് ചെയ്യാൻ അറിയാതെ UPS ഓഫ് ആക്കി പോകുന്നതാണ് ക്ലാസ്സിന്റെ അവസാനം.... അങ്ങനെ ഈ കലാപരുപാടി കുറെ കാലം നീണ്ടുപോയി....
അങ്ങനെ ഇരിക്കെ നല്ല മഴയുള്ള ഒരു ദിവസമാണ് അത് സംഭവിച്ചത്.... കോരി ചൊരിയുന്ന മഴയിൽ പുറത്ത് ഇറങ്ങാൻ വഴിയില്ലാതെ നിന്ന എനിക്ക് നേരെ ഇക്ക ഒരു കുട നീട്ടി... ജോൺസ് കുട മാത്രം കണ്ടിട്ടുള്ള എന്റെ മുന്നിലേക്ക് ഇക്ക നീട്ടിയത് ബട്ടൺ അമർത്തിയാൽ വിരിഞ്ഞു വരുന്ന പൂക്കളുള്ള നല്ല ഫോറിൻ കുട ആയിരുന്നു... അങ്ങനെ ആ കുടയുടെ ഭംഗി ആസ്വദിച്ചു അത് തുറക്കാൻ ശ്രമിക്കുന്നതിന് മുന്നേ അയാൾ എന്റെ കയ്യിൽ നിന്നും ആ കുടയും വാങ്ങി നിവർത്തി മുന്നോട്ട് നടന്നു പോയി... ഞാൻ ആകെ അന്തം വിട്ട് നോക്കി നിന്നു...
ഇപ്പോൾ നിങ്ങൾക്ക് തോന്നിയില്ലേ സ്വന്തമായി നിവർത്തി പോകാൻ ആയിരുന്നെങ്കിൽ എന്തിനാ എനിക്ക് നേരെ കുട നീട്ടിയത് എന്ന്... അത് ചെറിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്... ഇക്കയോട് ഉള്ള എന്റെ താല്പര്യത്തിന്റെ പുറത്ത് കുട എനിക്ക് നേരെ നീട്ടുന്നതിന് മുന്നേ ഉള്ള സംഭാഷണ ശകലങ്ങൾ ഞാൻ മുഴുവനായി ശ്രദ്ധിച്ചില്ല.....
മഴ പെയ്തു ഉണ്ടായ ചെളി കൊണ്ട് ഇട്ടിരിക്കുന്ന പാന്റ് ചിത്ത ആകാതെ ഇരിക്കാൻ മുകളിലേക്ക് മടക്കി വെയ്ക്കാൻ വേണ്ടി കയ്യിൽ ഇരുന്ന കുട എനിക്ക് നേരെ നീട്ടിയതാണ്... പ്രണയ പരവശ ആയ ഞാൻ ആ രംഗം മുഴുവനായി കണ്ടില്ല...
അന്ന് ആ മഴ വെള്ളം ചോർന്നോലിക്കുന്ന വരാന്തയിൽ വെച്ചാണ് ഞാൻ ആദ്യമായി പ്രണയത്തിൽ ആകുന്നത്... മറ്റുള്ളവരെ വെച്ച് ഇക്കക്ക് എന്ത് പ്രത്യേകത എന്ന് നിങ്ങൾ ചിന്തിച്ചാൽ അങ്ങനെ എടുത്തു പറയാൻ എനിക്കും അറിയില്ല..
പക്ഷെ ശരിക്കുമുള്ള പ്രശ്നം പിന്നീട് ആണ് തുടങ്ങുന്നത്... എന്റെ പ്രണയം മൂപ്പരോട് പറഞ്ഞാൽ അത് എനിക്കൊരു കുറച്ചിൽ ആകില്ലേ എന്നൊരു ആശങ്ക എന്റെ ഉള്ളിൽ കടന്നു വന്നു... അങ്ങനെ കൂലാംകർഷമായ ആലോചനക്ക് ഒടുവിൽ ഞാൻ ഉത്തരം കണ്ടെത്തി... ഞാൻ അങ്ങോട്ട് പറയുന്നതിന് അല്ലെ പ്രശ്നം മൂപ്പർക്ക് എന്നോട് പ്രണയം തോന്നാമല്ലോ....
പിറ്റേന്ന് മുതൽ എന്നെ ഇഷ്ടപ്പെടാൻ ഉള്ള വഴികൾ കണ്ടെത്തണം എന്നതിനെ പറ്റിയുള്ള ആലോചനയിൽ ആണ് ഞാൻ ഉറങ്ങാൻ പോയത്... ഉറക്കം ഉണർന്ന എന്റെ മുന്നിലേക്ക് ഇടി തീ പോലെ വന്നത് പക്ഷെ മറ്റൊരു വാർത്ത ആയിരുന്നു... പാരലൽ കോളേജ് പൂട്ടിയിരിക്കുന്നു.....
ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ കോളേജിന്റെ വടക്ക് ഭാഗത്തുള്ള മതിൽ കെട്ട് കോളേജിന്റെ അപ്പുറത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ അരുമയായ ഹച്ച് പട്ടിയുടെ മുകളിലേക്ക് പതിച്ചു....
അങ്ങനെ പട്ടിയെ നഷ്ടപെട്ട ജഡ്ജി തന്റെ അധികാരം ഉപയോഗിച്ച് അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച കോളേജ് എന്നന്നേക്കുമായി പൂട്ടിച്ചു... അങ്ങനെ വിടരും മുന്നേ എന്റെ പ്രണയം കൊഴിഞ്ഞു പോയി... പക്ഷെ ശരിക്കുമുള്ള പ്രശ്നം പിന്നീട് ആണ് തുടങ്ങുന്നത്... ഉപ്പ അന്ന് തന്നെ ബ്രോക്കറെ വിളിച്ചു ചെക്കന്മാരെ നോക്കാൻ തുടങ്ങി... ദിവസങ്ങൾ കടന്നുപോയി... ഇക്കയുടെ വിവരം ഒന്നുമില്ല... തമ്മിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതുവരെ അധികം ഒന്നും സംസാരിച്ചിട്ടില്ല ഞങ്ങൾ....
പരസ്പരം കാണണോ സംസാരിക്കാനോ ഒരു വഴിയും തെളിഞ്ഞു വന്നില്ല... ആ സമയത്താണ് സാധാരണകാരുടെ ഇടയിൽ വിപ്ലവം തീർത്തുകൊണ്ട് നോക്കിയ 1100 തരംഗം ആകുന്നത്... ഉപയോഗിക്കാൻ അറിയില്ലെങ്കിലും കയ്യിൽ ഒരു ഗമക്ക് കൊണ്ടുനടക്കാൻ എന്റെ ഉപ്പയും ഒരെണ്ണം വാങ്ങി... ജോലിയും കൂലിയും ഇല്ലാതെ ഇരുന്ന ഏതോ ഒരുത്തൻ നാട്ടിൽ പുതിയതായി ഒരു CD കടയും കൂടെ മൊബൈൽ കടയും തുടങ്ങി.... അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ആ കച്ചോടം പച്ചപിടിച്ചപ്പോൾ ആ കടക്കാരൻ പയ്യന്റെ ആലോചനയുമായി ബ്രോക്കർ എന്റെ ഉപ്പയുടെ അടുത്ത് എത്തി... ആദ്യമായി ഫോൺ വാങ്ങിയ ഗമയിൽ ഇരുന്ന ഉപ്പയുടെ മുന്നിലേക്ക് ആ കടക്കാരന്റെ ആലോചന വന്നപ്പോൾ കണ്ണും പൂട്ടി സമ്മതിച്ചുകൊണ്ട് എന്നെ ബലിയാടാക്കി...
എന്നോ കണ്ട് മറന്ന ഒരിക്കൽ പോലും തുറന്ന് സംസാരിച്ചിട്ടില്ലാത്ത ഒരാളിനെ കാത്തിരിക്കുന്ന ഒരു മണ്ടി ആയ ഞാൻ വേറെ വഴികൾ ഇല്ലാത്തതുകൊണ്ട് ആ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു... അങ്ങനെ ഒരു ദിവസം ബ്രോക്കർ വന്ന് പറഞ്ഞു പയ്യൻ പിറ്റേന്ന് പെണ്ണ് കാണാൻ വരുന്നു എന്ന്... ആ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ ഒരു മഞ്ഞു വീഴുന്ന അവസ്ഥ ഉണ്ടാക്കി... എവിടേക്ക് എങ്കിലും ഇറങ്ങി ഓടാൻ ഉള്ള വിഫലമായ ഒരു ശ്രമം നടത്തുന്നതിനെ കുറിച്ച് പോലും ഞാൻ ആലോചിച്ചു... പക്ഷെ ബസ് സ്റ്റാൻഡിൽ നിന്ന് കൃത്യമായി ബസ് റൂട്ട് നോക്കി കയറി പോകാൻ പോലും കഴിയാത്ത ഞാൻ അങ്ങനെ എവിടേക്ക് പോകാൻ... ഒരിക്കൽ സ്റ്റാൻഡിൽ നിന്നും വീട്ടിൽ പോകാൻ എതിർ ദിശയിൽ ഉള്ള ബസ്സിൽ കയറി പെട്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ട്... അതും ഒരു വലിയ കഥയാണ് പിന്നീട് പറയാൻ വേണ്ടി മാറ്റി വെക്കാം....
അങ്ങനെ ആ ദിവസം എത്തി... പെണ്ണ് കാണൽ...
പുലർച്ചെ കൂവി വിളിക്കുന്ന മിട്ടു എന്ന ഓമന പേരിൽ ഞാൻ വിളിച്ചിരുന്ന പൂവൻ കോഴിയെ തന്നെ എന്റെ ഉമ്മ തല്ലി കൊന്ന് കറി വെച്ചു... അങ്ങനെ മിട്ടുവിന്റെ മരണം കൂടെ ആയപ്പോൾ ഞാൻ ഒരു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു...
പിന്നെ മിട്ടുനെ കൂട്ടി ഉച്ചക്ക് ചോർ കഴിച്ചപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കേട്ടോ... ഉമ്മയുടെ സ്വന്തം റെസിപി ആയ തെങ്ങാ വറുത്തരച്ച ചിക്കൻ കറി...
അങ്ങനെ സംഭവ ബഹുലമായ ആ പെണ്ണ് കാണലിന്റെ തുടക്കം ആയി... ഒരു ഇളം വയലറ്റ് കളർ മാരുതി കാറിൽ ആയിരുന്നു അവരുടെ വരവ്...
പയ്യനെ ഇഷ്ടപെടാതെ ഇരിക്കാൻ കുറെ കാരണങ്ങൾ ഞാൻ മുൻകൂട്ടി കണ്ടെത്തി വെച്ചിരുന്നു... പല്ലിന്റെ വിടവ്... പൊഴിഞ്ഞു പോയ മുടി... എന്തിന് അയാൾക്ക് ഒരു കാലിന് മുടന്ത് വരെ ഉണ്ടാകും എന്ന് വരെ ഞാൻ കണ്ടെത്തി വെച്ചു...
പക്ഷെ ആ മാരുതി കാറിന്റെ ഡോർ തുറന്ന് ഇറങ്ങിയ ആൾ എന്നെ അത്ഭുതപെടുത്തി....
ഇക്ക....
ഞാൻ അറിയാതെ ഒരൽപ്പം ഉറക്കെ പറഞ്ഞു പോയി... അതെ പാരലൽ കോളേജിൽ വെച്ച് എനിക്ക് നഷ്ടപെട്ടു പോയി എന്ന് ഞാൻ കരുതിയ എന്റെ ഇക്ക... സന്തോഷം കൊണ്ട് എന്റെ ഉള്ള് തുള്ളിച്ചാടി....
കുറച്ചു സമയം വേണ്ടി വന്നു എനിക്ക് അത് മനസ്സിലാക്കാൻ എന്റെ മനസ്സല്ല തുള്ളിചാടിയത് മറിച് ഞാൻ തന്നെ ആയിരുന്നു.... കണ്ട് കൊണ്ട് വന്ന ഉമ്മ എന്തോ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ അൽപനേരം എന്നെ നോക്കി നിന്നു... എന്തോ പിറു പിറുത്തുകൊണ്ട് ചായ നിറച്ച ട്രേ എനിക്ക് നേരെ നീട്ടി... ഞാൻ ആ ട്രേ വാങ്ങി ഒരു പുതിയ ചിരിയും പാസ്സ് ആക്കി അവരുടെ മുന്നിലേക്ക് കയറി വന്നു.. അ സമയത്തെ എന്റെ ഫോട്ടോ എടുത്താൽ ഏകദേശം ഒരു 30.5 പല്ലുകൾ ചുണ്ടിന്റെ താഴെ ഒട്ടിച്ചു വെച്ച പോലെ ഉണ്ടാകും... 1.5 അണ പല്ലുകൾ വരുന്നതേ ഉള്ളു....
അങ്ങനെ അവിടെ തുടങ്ങുകയായി 30 കഴിഞ്ഞ എന്റെ ഇക്കയുടെ എന്നോടുള്ള പ്രണയം.....
ശുഭം....
അക്ഷയ്.
